ജോണ്‍ മക്കൈന്‍, അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഒറ്റയാന്‍
ഒരു വ്യക്തി എന്ന നിലയില്‍ പോലും അറുവഷളനായ ഒരാളാണ് ട്രംപ് എന്നതു കൊണ്ടായിരുന്നു മക്കൈന് ട്രംപിനോടുള്ള എതിര്‍പ്പ്. ട്രംപ് പറയുന്നത് രാഷ്ട്രീയമല്ല, മറിച്ച് ഭ്രാന്ത് മൂത്ത ഉന്മാദമാണെന്നാണ്
നിങ്ങളെന്നെ പറ്റി നല്ല വാക്കുകള്‍ പറഞ്ഞില്ലേ? അത് വേണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകുന്ന വിധം ഞാന്‍ മടങ്ങിവരും..
മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കൈന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചികില്‍സക്കായി അവധിയില്‍ പോകുന്പോള്‍ സെനറ്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതാണിത്. കൂട്ടച്ചിരിയോടെയാണ് സെനറ്റംഗങ്ങള്‍ അത് കേട്ടതെങ്കിലും പിന്നീട് മക്കൈന് സെനറ്റിലേക്ക് മടങ്ങേണ്ടി വന്നില്ല. മക്കൈന്‍ കഴിഞ്ഞയാഴ്ച മരിച്ചു. അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങളുടെ അടിയുറച്ച വക്താവായിരുന്നു മക്കൈന്‍. സൈനികനായിരിക്കെ വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. വിയറ്റ്നാം ജനതക്ക് മേല്‍ ബോംബ് വര്‍ഷിച്ചിട്ടുണ്ട്.
ഒരു യുദ്ധവിമാനം കമ്യൂണിസ്റ്റ് പോരാളികള്‍ വെടിവെച്ചിട്ടപ്പോള്‍ അതില്‍ മക്കൈനുമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ മക്കൈനെ അവര്‍ തടങ്കലിലാക്കി. തടവില്‍ ക്രൂരമായ പീഡനമാണ് താന്‍ നേരിട്ടതെന്ന് മക്കൈന്‍ തന്‍റെ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. ആ അനുഭവങ്ങളാണ് ഇറാഖിലെ അബൂഗുറൈബ് ജയില്‍ അടച്ചു പൂട്ടാന്‍ ആവശ്യപ്പെടാന്‍ മക്കൈനെ പ്രേരിപ്പിച്ചത്. ജയിലുകളില്‍ എന്താണ് നടക്കുകയെന്ന് തനിക്കറിയാമെന്ന് മക്കൈന്‍ സെനറ്റില്‍ പറഞ്ഞു. അറുപതുകളില്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച് രാഷ്ട്രീയത്തില്‍ സജീവമായ മക്കൈന്‍ കഴിഞ്ഞ 36 വര്‍ഷത്തോളമായി അരിസോണയില്‍ നിന്നുള്ള സെനറ്ററായിരുന്നു. രണ്ടായിരാംമാണ്ടില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നടന്ന മല്‍സരത്തില്‍ ജോര്‍ജ് ബുഷിനോട് തോറ്റു. 2008ല്‍ ഒബാമക്കെതിരെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിച്ച് തോറ്റു. 2016ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി ടിക്കറ്റില്‍ ഡോണള്‍ഡ് ട്രംപിനെ പോലെ ഒരാള്‍ മല്‍സരിക്കുന്നതില്‍ മക്കൈന് രോഷമുണ്ടായിരുന്നു. സ്വന്തം പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ചയാളായിരുന്നിട്ടും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ട്രംപിന്‍റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു മക്കൈന്‍.
ഒരു വ്യക്തി എന്ന നിലയില്‍ പോലും അറുവഷളനായ ഒരാളാണ് ട്രംപ് എന്നതു കൊണ്ടായിരുന്നു മക്കൈന് ട്രംപിനോടുള്ള എതിര്‍പ്പ്. ട്രംപ് പറയുന്നത് രാഷ്ട്രീയമല്ല, മറിച്ച് ഭ്രാന്ത് മൂത്ത ഉന്മാദമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കുടിയേറ്റ നിയന്ത്രണവും ഒബാമ കെയര്‍ പിന്‍വലിക്കാനുള്ള ട്രംപിന്‍റെ തീരുമാനവുമെല്ലാം മക്കൈന്‍റെ കടുത്ത എതിര്‍പ്പ് നേരിട്ടു. മക്കൈന്‍ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടയാളായതിനാല്‍ യുദ്ധവീരനായി കണക്കാക്കാനാകില്ലെന്ന് ട്രംപും മറുപടി പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വലതുപക്ഷലോബിയോടൊപ്പമായിരുന്നില്ല മക്കൈന്‍ ഒരിക്കലും നിലയുറപ്പിച്ചത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എതിര്‍പക്ഷത്തോട് സഹകരിക്കുന്നതിന് മക്കൈന് മടിയുണ്ടായിരുന്നില്ല. സിറിയയില്‍ വിമതസൈനികര്‍ക്ക് അമേരിക്ക സൈനിക-ധനസഹായം നല്‍കുന്ന സമയത്ത് ജോര്‍ദാനിലെ വിമതക്യാംപില്‍ മക്കൈന്‍ വിമതരോടൊപ്പം നില്‍ക്കുന്ന ചിത്രം ലോകം കണ്ടതാണ്. ഒരേസമയം ഒറ്റയാനായും മികച്ച സഹകാരിയായും തീപ്പൊരിയായും മൃദുഭാഷിയായും മക്കൈന്‍ ചിത്രീകരിക്കപ്പെട്ടു.
മക്കൈന്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച് ട്രംപ് ട്വീറ്റ്ചെയ്തു. ആ ട്വീറ്റില്‍ പോലും മക്കൈനെ പറ്റി നല്ല വാക്കുണ്ടായിരുന്നില്ല. വൈറ്റ് ഹൌസില്‍ അമേരിക്കന്‍ പതാക താഴ്ത്തിക്കെട്ടിയുമില്ല. പിറ്റേന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും ട്രംപ് മക്കൈനെ പറ്റി നല്ല വാക്കു പറയാന്‍ തയ്യാറായില്ല. വിമര്‍ശനമുയര്‍ന്നപ്പോള്‍ പിന്നീട് വൈറ്റ് ഹൌസിലെ പതാക പാതിതാഴ്ത്തി. മക്കൈനെ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ച ബരാക് ഒബാമ, ഒബാമയുടെ വൈസ് പ്രസിഡന്‍റ് ജോ ബിഡന്‍ എന്നിവരെല്ലാം മക്കൈനെ കുറിച്ച് വികാരനിര്‍ഭരമായ അനുസ്മരണം നടത്തി. രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ക്കപ്പുറം അമേരിക്ക, അമേരിക്കന്‍ ജനതയുടെ താല്‍പര്യം എന്നിവയായിരുന്നു ഞങ്ങളെ ഒന്നിപ്പിച്ചത് എന്നാണ് ഒബാമ പറഞ്ഞത്.
“നമ്മുടെ രാഷ്ട്രീയവും പൊതുജീവിതവും സംവാദവുമെല്ലാം വിലകുറഞ്ഞതും തരംതാണതും ക്ഷുദ്രവുമായി മാറിക്കൊണ്ടിരിക്കുന്നു. വീമ്പുപറച്ചിലും അധിക്ഷേപവും വ്യാജ വിവാദങ്ങളും കൃത്രിമ ബഹളവുമായി മാറിയിരിക്കുന്നു. ധീരവും ശക്തവുമെന്ന് തോന്നിപ്പിക്കുന്ന ഈ രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ ഭയത്തില്‍ നിന്നാണുണ്ടാവുന്നത്. ജോണ്‍ നമ്മോടാവശ്യപ്പെട്ടത് അതില്‍ നിന്നെല്ലാം ഉയര്‍ന്ന ഒരു രാഷ്ട്രീയമാണ്” ഒബാമ വികാരാധീനനായി പറഞ്ഞു.
രണ്ട് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഉറ്റ സുഹൃത്തുക്കള്‍ എന്നതിനപ്പുറം സഹോദരന്മാരായിരുന്നു തങ്ങളെന്ന് ജോ ബിഡന്‍ കണ്ണീര്‍ തുടച്ചു കൊണ്ട് പറഞ്ഞു. ബ്രെയിന്‍ ക്യാന്‍സറായിരുന്നു മക്കൈന്. ചികില്‍സ ഫലിക്കില്ലെന്ന് ഉറപ്പായതോടെ അദ്ദേഹം മരണം വരിക്കാന്‍ മനസാ സജ്ജനായി. മരണത്തിന് തൊട്ടുമുന്പ് അദ്ദേഹം അമേരിക്കയിലെ ജനങ്ങള്‍ക്ക് വേണ്ടി ഒരു കത്ത് തയ്യാറാക്കി.
മരിക്കുമ്പോള്‍ പോലും താന്‍ എന്തിനാണ് ട്രംപിനെ എതിര്‍ത്തതെന്ന് മക്കൈന്‍ കുറിച്ചുവെക്കുന്നു. താന്‍ മരിച്ചാല്‍ തന്‍റെ മൃതദേഹം കാണാന്‍ ട്രംപിനെ ക്ഷണിക്കരുതെന്ന് കുടുംബാംഗങ്ങളോട് മക്കൈന്‍ അറിയിച്ചിരുന്നു. തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ പെലീനെയും ക്ഷണിച്ചിരുന്നില്ല. രാഷ്ട്രീയമായി നിരക്ഷരയായിരുന്ന പെലീനെ കൂടെ കൂട്ടിയതാണ് ഒബാമയോട് താന്‍ തോല്‍ക്കാന്‍ കാരണമെന്ന് മക്കൈന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. മേക് അമേരിക്ക ഗ്രേറ്റ് അഗൈന്‍ എന്ന ട്രംപിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെയാണ് മക്കൈന്‍ തന്‍റെ മരണമൊഴിയില്‍ വിശദീകരിക്കുന്നത്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിത് കുടിയേറ്റം തടയാനുള്ള ട്രംപിന്‍റെ ശ്രമത്തെയാണ് അതില്‍ വിമര്‍ശിക്കുന്നത്.
വാഷിങ്ടണില്‍ നടന്ന സംസ്കാരചടങ്ങില്‍ മക്കൈന്‍റെ മകള്‍ മെഗാന്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗവും ട്രംപിനെതിരെയുള്ള രാഷ്ട്രീയവിമര്‍ശമായിരുന്നു.
‘’ജോണ്‍ മക്കൈന്‍റെ അമേരിക്ക മറ്റുള്ളവര്‍ക്കായി വാതിലുകള്‍ തുറന്നുവെച്ച ധീരയും ഉദാരവതിയുമാണ്. സുരക്ഷിതയും ആത്മവിശ്വാസമുള്ളവളും സമൃദ്ധയുമാണ് ആ അമേരിക്ക. അവള്‍ അവളുടെ ഉത്തരവാദിത്തം നിറവേറ്റുന്നവളാണ്. അവള്‍ കരുത്തയാണ്, അതുകൊണ്ട് ശാന്തയായി സംസാരിക്കുന്നവളാണ്. അവള്‍ക്ക് പൊങ്ങച്ചം പറയേണ്ട ആവശ്യമില്ല, അമേരിക്കയെ വീണ്ടും മഹത്വപ്പെടുത്തേണ്ട കാര്യമില്ല, കാരണം അവളെല്ലാ കാലത്തും മഹതിയായിരുന്നു’’
ജനാധിപത്യാശയങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന തോമസ് ജെഫേഴ്സണെ പോലെയുള്ളവരിരുന്ന കസേരയിലാണ് ട്രംപിനെ പോലെ ഒരാളെ അമേരിക്കന്‍ ജനത കുടിയിരുത്തിയത്. ആ കാലഘട്ടത്തിലാണ് മക്കൈനെ പോലെ കക്ഷിരാഷ്ട്രീയത്തിനതീതമായി സ്വന്തം രാജ്യത്തിന്‍റെയും രാജ്യത്തെ ജനങ്ങളുടെ താല്‍പര്യത്തെയും പരിഗണിച്ച ഒരു രാഷ്ട്രീയ നേതാവ് വിടവാങ്ങുന്നത്. കക്ഷിരാഷ്ട്രീയ പക്ഷപാതിത്തവും വ്യക്തിനിഷ്ഠമായ രാഷ്ട്രീയ ബോധ്യങ്ങളും എങ്ങനെയാണ് ജനാധിപത്യത്തെ തകര്‍ത്തെറിയുന്നതെന്ന് ട്രംപിനെ ചൂണ്ടിക്കാട്ടി മക്കൈന്‍ അമേരിക്കയെ പഠിപ്പിച്ചു. എതിര്‍പാര്‍ട്ടിക്കാരായിരുന്നിട്ടും ഒബാമയെയും ജോ ബിഡനെയും പോലുള്ളവരുടെ കണ്ണീര്‍ വീഴ്ത്തി വിടവാങ്ങാന്‍ മക്കൈന് സാധിച്ചു.
നിങ്ങളെന്നെ പറ്റി നല്ല വാക്കുകള്‍ പറഞ്ഞില്ലേ? അത് വേണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകുന്ന വിധം ഞാന്‍ മടങ്ങിവരും..
അമേരിക്കന്‍ രാഷ്ട്രീയം അമേരിക്കയുടെ മാത്രം താല്‍പര്യത്തിലൂന്നിയ ഒന്നാണ്. എന്നാല്‍, ആ രാഷ്ട്രീയം അവിടുത്തെ ജനങ്ങളോട് സത്യസന്ധത കാണിക്കുന്നുണ്ട്. അമേരിക്കയില്‍ ദേശസ്നേഹമെന്നാല്‍ ആ രാജ്യത്തെ ജനങ്ങളോടുള്ള സ്നേഹം കൂടിയാണ്. അക്കാര്യത്തില്‍ രാഷ്ട്രീയ ഭിന്നതകളുണ്ടാവരുത് എന്ന നിലപാടാണ് മക്കൈന്‍ ഉയര്‍ത്തിപ്പിടിച്ചത്. അത് തന്നെയാണ് ഒബാമയും ജോ ബിഡനും സാക്ഷ്യപ്പെടുത്തിയതും. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മക്കൈന്‍റെ രാഷ്ട്രീയജീവിതത്തിലും മരണത്തിലും പാഠങ്ങളുണ്ട്.