മുസ്‍ലിം സാമുദായികതയുടെ അപരവല്‍ക്കരണം: ആര്യാടന്‍ മുതല്‍ കെ.എം ഷാജി വരെ
വര്‍ഗീയത, മത മൌലികവാദം, തീവ്രവാദം, ഭീകരവാദം തുടങ്ങിയ മുദ്രകള്‍ മുസ്‍ലിം സമുദായത്തിന് മേല്‍ തരാതരം പോലെ കുത്തി പാര്‍ട്ടിയിലും ഭരണത്തിലും പദവികള്‍ സ്വന്തമാക്കിയവര്‍ പലരുണ്ട്
മുസ്‍ലിം സാമുദായികതയെ അപരവല്‍ക്കരിച്ച് കേരളത്തില്‍ അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായവരെ കുറിച്ചുള്ള ചിന്ത കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.
വര്‍ഗീയത, മത മൌലികവാദം, തീവ്രവാദം, ഭീകരവാദം തുടങ്ങിയ മുദ്രകള്‍ മുസ്‍ലിം സമുദായത്തിന് മേല്‍ തരാതരം പോലെ കുത്തി പാര്‍ട്ടിയിലും ഭരണത്തിലും പദവികള്‍ സ്വന്തമാക്കിയവര്‍ പലരുണ്ട്. കോണ്‍ഗ്രസിലും അതിന്‍റെ ഭാഗമായി അധികാരത്തിലും നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ച ആര്യാടന്‍ മുഹമ്മദാണ് ഇക്കൂട്ടത്തില്‍ പ്രമുഖന്‍.
ആര്യാടനെന്ന ദേശീയ നേതാവ്
ദേശീയവാദിയെന്ന പ്രതിച്ഛായയോടെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍റെ പിന്‍മുറക്കാരനെന്ന അവകാശവാദത്തോടെ മലബാറില്‍ കോണ്‍ഗ്രസിന്‍റെ കൊടിപിടിച്ച ആര്യാടന്‍ മുസ്‍ലിം സമുദായത്തെ അപരവല്‍ക്കരിച്ചാണ് പദവികളിലേക്ക് നടന്നു കയറിയത്. സവര്‍ണ പൊതുബോധത്തെ തൃപ്തിപ്പെടുത്തിയും ജനപ്രിയ മുസ്‍ലിം ചിഹ്നങ്ങളെ ഭര്‍ത്സിച്ചും ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കുന്നതില്‍ ആര്യാടന്‍ വിജയിച്ചു. ഭൂരിപക്ഷവും മുസ്‍ലിംകളാണ് എന്ന ഒറ്റക്കാരണത്താല്‍ മലപ്പുറം ജില്ലയുടെ രൂപീകരണത്തെ നിരാഹാരം കിടന്ന് എതിര്‍ത്ത ചരിത്രമാണ് ആര്യാടന്‍റേത്.
കേരളത്തിലെ ഭൂരിപക്ഷം മുസ്‍ലിംകളും ആത്മീയ നേതാവായി പരിഗണിച്ച പാണക്കാട് തങ്ങള്‍ക്കെതിരെ പലപ്പോഴും ആര്യാടന്‍ മാന്യമല്ലാത്ത ഭാഷ പ്രയോഗിച്ചു. ശിഹാബ് തങ്ങള്‍ ആത്മീയ വാണിഭം നടത്തുന്നുവെന്നും പാണക്കാട് റെയ്ഡ് നടത്തണമെന്നും മകന്‍ ആര്യാടന്‍ ഷൌക്കത്ത് പരസ്യമായി പറഞ്ഞു.
മുസ്‍ലിം ലീഗിനൊപ്പം ചേര്‍ന്ന് കേരളം ഭരിക്കുമ്പോഴാണ് ഒരു കോണ്‍ഗ്രസ് നേതാവ് ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത് എന്നത് അത്ഭുതകരമാണ്. മലപ്പുറത്തും കോഴിക്കോടും മുസ്‍ലിം അപരത്വം സൃഷ്ടിക്കുന്ന പണിയെടുക്കുമ്പോള്‍ തന്നെ വള്ളിക്കാവില്‍ പോയി അമൃതാനന്ദമയി ലോകത്തിന്‍റെ മാതാവാണെന്ന് പ്രസംഗിക്കാന്‍ ആര്യാടന്‍ തടസ്സമുണ്ടായിട്ടില്ല. അമ്മയില്‍ വിശ്വസിക്കുന്നുവെന്നും പരസ്യമായി പ്രഖ്യാപിച്ചു.
ആര്യാടന്‍ ഇസ്‍ലാമില്‍ അവിശ്വാസമോ അമൃതാനന്ദമയിയില്‍ വിശ്വാസമോ ഉണ്ടാകട്ടെ. അത് ആര്യാടന്‍റെ സ്വാതന്ത്ര്യം. മുസ്‍ലിം സമുദായത്തെ അപരവല്‍ക്കരിച്ചും സവര്‍ണ പൊതുബോധത്തെ തൃപ്തിപ്പെടുത്തിയും ലഭിക്കുന്ന ഭൂരിപക്ഷ പിന്തുണ രാഷ്ട്രീയ മൂലധനമാക്കി ആര്യാടന്‍ അധികാര പദവികള്‍ സ്വന്തമാക്കുകയായിരുന്നു.
മുസ്‍ലിം സാമുദായികത എന്ന ഒന്ന് നായര്‍, ഈഴവ, ക്രൈസ്തവ സാമുദായികതകള്‍ക്ക് സമാന്തരമായി വികസിക്കാത്തതും അധികാര ഘടനയെക്കുറിച്ചുള്ള മുസ്‍ലിം ജനസാമാന്യത്തിന്‍റെ അജ്ഞതയും ആര്യാടന് വഴി എളുപ്പമാക്കി.
കോണ്‍ഗ്രസ് മന്ത്രിസഭയിലെ മുസ്‍ലിം ക്വാട്ട എപ്പോഴും കൈവശം വെച്ച ആര്യാടന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും പ്രിയപ്പെട്ടവനായി തുടര്‍ന്നു.
മുസ്‍ലിം സാമുദായികതയെ പ്രത്യക്ഷത്തില്‍ നിഷേധിക്കുകയും അപരവല്‍ക്കരിക്കുകയും ചെയ്ത ആര്യാടന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരുടെ സുന്നി ഗ്രൂപ്പിനെ രാഷ്ട്രീയമായി പിന്തുണക്കുകയും വോട്ട് വാങ്ങുകയും ചെയ്തു. കാന്തപുരത്തിന് എപ്പോഴും തണലൊരുക്കാന്‍ തയ്യാറായ ആര്യാടന്‍ തന്നെയാണ് മുസ്‍ലിം സാമുദായികതയെ പലപ്പോഴും ഭര്‍ത്സിച്ച് രാഷ്ട്രീയ കൌശലം കാണിച്ചത്. 2015 ല്‍ നിലമ്പൂരില്‍ ഷൌക്കത്ത് തോല്‍ക്കുന്നത് വരെ ആര്യാടന്‍ രാഷ്ട്രീയത്തില്‍ അജയ്യനായി തുടര്‍ന്നു. മുസ്‍ലിം സാമുദായികതയെ നിഷേധിക്കുന്ന ആര്യാടന്‍ വോട്ട് ചെയ്യാന്‍ ബാധ്യതയില്ലെന്ന് സമസ്ത അടക്കമുള്ള യു.ഡി.എഫ് അനുകൂല മുസ്‍ലിം വിഭാഗങ്ങള്‍ തീരുമാനിച്ചതോടെയാണ് നിലമ്പൂരില്‍ അപ്രതീക്ഷിത തോല്‍വിയുണ്ടായത്.
ഒപ്പം കാന്തപുരവും ചരിത്രത്തിലാദ്യമായി ആര്യാടനെ കയ്യൊഴിഞ്ഞു.
ഈ തോല്‍വിക്ക് ശേഷം ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൌക്കത്ത് മുസ്‍ലിം ലീഗ് വേദികളില്‍ പോലും പ്രത്യക്ഷപ്പെടുന്ന, യൂത്ത് ലീഗ് ശാഖാ ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന സ്ഥിതിയിലേക്ക് മാറി.
സമസ്തയുടെ മുഖപ്പത്രമായ സുപ്രഭാതത്തില്‍, മുസ്‍ലിം ക്വാട്ടയില്‍ ആര്യാടന്‍മാരെയല്ല കോണ്‍ഗ്രസ് പരിഗണിക്കേണ്ടതെന്ന ലേഖനം കൂടി എഴുതിയതോടെ അപായമണി ഒരിക്കല്‍ കൂടി മുഴങ്ങി. നായര്‍, ക്രൈസ്തവ, ഈഴവ സാമുദായിക നേതൃത്വങ്ങളുടേത് പോലെ മുസ്‍ലിം സാമുദായിക നേതൃത്വത്തെയും പരിഗണിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞു.
സാമുദായികതയെ നിഷേധിച്ച് 'വര്‍ഗീയത'യെ വരിച്ച കെ.എം ഷാജി
മുസ്‍ലിം ലീഗിന് വോട്ട് ചെയ്യാത്ത മുസ്ലിം സംഘടനകളെ അപരവല്‍ക്കരിക്കുകയും ഭര്‍ത്സിക്കുകയും ചെയ്യുക എന്നതാണ് കെഎം ഷാജി അടങ്ങുന്ന ഒരു വിഭാഗ് ലീഗ് നേതാക്കള് പരീക്ഷിച്ച തന്ത്രം. കാന്തപുരം സുന്നികള്‍, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രണ്ട് എന്നീ മുസ്‍ലിം സംഘടനകളെ എല്ലായ്പ്പോഴും കടന്നാക്രമിച്ചാണ് സവര്‍ണ പൊതുബോധത്തില്‍ ഷാജി തന്‍റെ രാഷ്ട്രീയ മൂലധനം സമാഹരിച്ചത്. കടുത്ത സി.പി.എം വിരുദ്ധത നിറയുന്ന ഷാജിയുടെ പ്രസംഗത്തില്‍ ആര്‍.എസ്.എസ് പലപ്പോഴും അപ്രസക്തമായ ഒന്നായിരുന്നു.
മുസ്‍ലിം തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ജീവിത വ്രതമാണെന്ന് പ്രഖ്യാപിച്ച ഷാജി പാണക്കാട് തങ്ങളേക്കാള്‍ വലിയ മതേതര വാദിയാണെന്ന് നിരന്തരം അവകാശപ്പെട്ടു. മുസ്‍ലിം ലീഗില്‍ എം.കെ മുനീറിന്റെ ധാര പിന്തുടരാനാണ് കെ.എം ഷാജി എപ്പോഴും ശ്രമിച്ചത്. വയനാടന്‍ കാടുകളില്‍ എന്‍.ഡി.എഫ് ആയുധ പരിശീലനം നടത്തുന്നുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി അതിന് സഹായം നല്‍കുന്നുണ്ടെന്നും അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനോട് എം.കെ മുനീര്‍ പറഞ്ഞത് വികിലീക്സിലൂടെ പുറത്തുവന്നതാണ്. മുസ്‍ലിം ലീഗിലെ തീവ്രവാദ അനുകൂലികളും പ്രതികൂലികളുമെന്ന ദ്വന്തം സൃഷ്ടിച്ച് രക്തസാക്ഷി - പോരാളി പരിവേഷം സൃഷ്ടിക്കുകയായിരുന്നു ഷാജി.
വയനാടന്‍ കാടുകളില്‍ എന്‍.ഡി.എഫ് ആയുധ പരിശീലനം നടത്തുന്നുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി അതിന് സഹായം നല്‍കുന്നുണ്ടെന്നും അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനോട് എം.കെ മുനീര്‍ പറഞ്ഞത് വികിലീക്സിലൂടെ പുറത്തുവന്നതാണ്
മാധ്യമം പുറത്തുവിട്ട ഇ മെയില്‍ ചോര്‍ത്തല്‍ കേസില്‍ പോലും സര്‍ക്കാരിനെ പിന്തുണച്ച് പോരിനിറങ്ങിയ ഷാജി മുസ്‍ലിംകളുടെ പൌരാവകാശ പ്രശ്നങ്ങളില്‍ എന്നും ആര്‍.എസ്.എസ് നിലപാടിനൊപ്പമാണ് നിന്നത്. യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍ക്ക് അനുകൂലമായി നിന്ന ഷാജി അബ്ദുന്നാസര്‍ മഅ്ദനി അടക്കമുള്ളവര്‍ക്കെതിരെ കടുത്ത വാക്കുകളാണ് പ്രയോഗിച്ചത്. മുസ്‍ലിം ലീഗില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇ.ടി മുഹമ്മദ് ബഷീറിനും ഇല്ലാത്ത പ്രിവിലേജ് കെ.എം ഷാജി സ്വന്തമാക്കി. ഏറെക്കുറെ ആര്യാടന്‍ മുഹമ്മദിന് തുല്യമായിരുന്നു ഇത്. അഞ്ചാം മന്ത്രി വിവാദത്തില്‍ മുസ്‍ലിം ലീഗ് മുന്നണിക്ക് അകത്ത് നിന്നും പുറത്ത് നിന്നും ശരങ്ങള് ഏറ്റ് പിടഞ്ഞപ്പോള്‍ ഷാജി മൌനം പാലിച്ചു. തന്‍റെ മതേതര പ്രതിച്ഛായ പാര്‍ടിക്ക് മുകളിലാണ് ഷാജി എപ്പോഴും പ്രതിഷ്ഠിച്ചത്. മന്ത്രിയായിരുന്ന അബ്ദുറബ്ബിനെ ബി.ജെ.പിയും സി.പി.എമ്മും വേട്ടയാടിയപ്പോള്‍ ഷാജി തന്‍റെ പ്രതിച്ഛായ സംരക്ഷിച്ച് മാറി നിന്നു. 2014 ല്‍ സലഫീ തീവ്രവാദം എന്ന പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ ഷാജിയുടെ നിലപാട് സ്വിച്ചിട്ടത് പോലെ മാറി.
ഷാജിയുടെ ഇരട്ടത്താപ്പ്
ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ തീവ്രവാദ പദ്ധതികളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നും 12 സലഫികള്‍ നാട് വിട്ട സംഭവം കേന്ദ്ര ഇന്‍റലിജന്‍സ് കണ്ടെത്തുന്നത് 2014ലാണ്. മുസ്‍ലിം ലീഗിനോട് ചേര്‍ന്നു നില്‍ക്കുന്ന സലഫീ ഗ്രൂപ്പുമായി ബന്ധമുള്ളവരാണ് നാടുവിട്ടവര്‍. പിന്നീട് ഘട്ടംഘട്ടമായി അറുപതോളം പേര്‍ നാടുവിട്ടു. അതുവരെയുള്ള തീവ്രവാദ വിരുദ്ധ പോരാട്ടം തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ച ഷാജി തീവ്രവാദ ആരോപണം നേരിട്ടവര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ചു. നിലപാട് മാറ്റത്തിന് ഒറ്റ കാരണമേ ഉള്ളൂ. മുസ്‍ലിം ലീഗിന് വോട്ട് ചെയ്യുന്ന കൂട്ടരാണ് തീവ്രവാദ ആരോപണം നേരിട്ടത് എന്നത് തന്നെയാണ്. ആധുനിക സമൂഹത്തിന് ഒട്ടും ചേരാത്ത രീതിയില്‍ പ്രസംഗിച്ച ഷംസുദ്ദീന്‍ പാലത്തെന്ന സലഫീ നേതാവിനെതിരെ കേസെടുത്തപ്പോള്‍ ഷാജി പിണറായി വിജയനെതിരെ പ്രയോഗിക്കാത്ത വാക്കുകളില്ല.
കേരളത്തില്‍ ആര്‍.എസ്.എസ് അതിക്രമങ്ങള്‍ നടന്നപ്പോഴെല്ലാം മൌനം പാലിച്ച ഷാജി പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യപ്പെട്ട ഘട്ടത്തില്‍ നിലവിട്ട് പ്രസംഗിച്ചു. മുസ്‍ലിം വേട്ട എന്ന പ്രയോഗം പ്രസംഗങ്ങളില്‍ നിരന്തരം നടത്തി. പിന്നീട് ഐ.എസ് തീവ്രവാദത്തിന് പിന്നില്‍ ജമാഅത്തെ ഇസ്‍ലാമിയാണെന്ന് മാതൃഭൂമി ദിനപ്പത്രത്തില്‍ ഒരു ലേഖനമെഴുതി. സലഫീ തീവ്രവാദത്തിനെതിരെ കാംപയിന്‍ നടത്തിയിരുന്ന സമസ്തയെ ഇത് പ്രകോപിപ്പിച്ചു. ഐ.എസ് റിക്രൂട്ട്മെന്‍റിന് പിന്നില്‍ സലഫികളാണെന്ന് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ പരസ്യമായി പറഞ്ഞു. ഷാജി സലഫീ തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇതൊന്നും പരിഗണിക്കാതെ ഷാജി ഐ.എസ് ആരോപണം നേരിട്ടവര്‍ക്കായി ഓടി നടന്ന് പ്രതിരോധം തീര്‍ത്തു.
സമസ്തയെ വെറുപ്പിച്ചായാലും സലഫീ തീവ്രവാദ വിഷയത്തില്‍ പാര്‍ട്ടി മുന്നിട്ടിറങ്ങണമെന്ന് ലീഗ് സെക്രട്ടേറിയറ്റില്‍ ആവശ്യമുന്നയിച്ചതും അന്ന് വാര്‍ത്തയായി.
ഷാജി മറന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ യുക്തി
എളുപ്പം അപരവല്ക്കരിക്കപ്പെടാവുന്നതും വേട്ടയാടപ്പെടാവുന്നതുമായ വിഭാഗമാണ് ന്യൂനപക്ഷം എന്നത് ലോകത്തെ പൊതു വസ്തുതയായിരിക്കെ, ആ യുക്തി ഒരു ഘട്ടത്തിലും ഷാജി മനസ്സിലാക്കിയില്ല. ന്യൂനപക്ഷ വിഷയത്തില്‍ ഇടതുപക്ഷത്തിനുള്ള വിദ്യാഭ്യാസം പോലും ഇല്ലാത്തയാളാണ് താനെന്ന് ഷാജി നിരന്തരം തന്റെ പ്രവര്ത്തനങ്ങളിലൂടെ തെളിയിച്ചു. ഭൂരിപക്ഷ വിഭാഗത്തിലെ ആത്യന്തികവാദികള്‍ക്ക് മാന്യത ലഭിച്ചാലും ന്യൂനപക്ഷ വിഭാഗത്തിലെ ആത്യന്തിക വാദികളും, ആത്യന്തിക വാദികളെന്ന് സംശയിക്കപ്പെടുന്നവരും എളുപ്പം ഭരണകൂടുത്തിന്റെ പിടിയിലമരുമെന്ന കാര്യം ഷാജിക്ക് തിരിച്ചറിയാനായില്ല.
ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികളെ കുറിച്ച് സ്ഥാനത്തും അസ്ഥാനത്തും ഷാജി ഉണ്ടാക്കിയ ഭീതി കേരളീയ സമൂഹത്തില്‍ ഇസ്‍ലാമോഫോബിയ വളര്‍ത്താന്‍ വലിയ പങ്ക് നല്‍കി.
ആ ഇസ്‍ലാമോഫോബിയയുടെ ബലത്തിലാണ് അഞ്ചാം മന്ത്രിവിവാദവും അബ്ദുറബ്ബിനെതിരായ വിമര്‍ശനങ്ങളും കേരളീയ സമൂഹത്തില്‍ ക്ലച്ച് പിടിച്ചതെന്ന് ഷാജിക്ക് തിരിച്ചറിയാനായില്ല. സമൂഹത്തിലെ ചിന്തകളും ചലനങ്ങളും തിരിച്ചറിയാനുള്ള ശരാശരി ബൗദ്ധിക നിലവാരം പോലും മുസ്‍ലിം ലീഗ് നേതൃത്വത്തിന് കൈമോശം വന്നപ്പോള്‍ വളര്‍ന്ന നേതാവാണ് കെ.എം ഷാജി. മുസ്‍ലിം സാമുദായികത മാത്രമല്ല, മുസ്‍ലിം ലീഗ് പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ യുക്തി തന്നെ നിരാകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്ന ദുരന്തം കൂടി ഷാജിയുടെ ശൈലി സൃഷ്ടിച്ചു എന്ന് ചരിത്രം വിലയിരുത്തും.
അഴീക്കോട്ടെ കുരുക്ക്
അഴീക്കോട്ട് വര്‍ഗീയത പ്രചരിപ്പിച്ച് കെ.എം ഷാജി വോട്ട് നേടിയെന്ന് ഹൈക്കോടതിയാണ് വിധിച്ചത്. വിധി മേല്‍ക്കോടതിയില്‍ നിലനില്‍ക്കുമോ എന്നുള്ളത് അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും തീവ്രവാദ വിരുദ്ധ പ്രതിച്ഛായ മൂലധനമാക്കി പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന ഷാജിക്ക് വര്‍ഗീയതയുടെ കുരുക്കില്‍ തലകുനിക്കേണ്ടി വരുന്നു എന്നത് കാവ്യനീതിയാണ്.