മാമാട്ടിക്കുട്ടിയമ്മമാര്‍' ജീവിതത്തിലും നൊമ്പരമാകുമ്പോൾ; അറിയണം ദത്തെടുക്കല്‍ നിയമങ്ങള്‍

ദത്തെടുക്കല്‍ നിയമത്തിലെ അജ്ഞത പലപ്പോഴും പല നിയമപ്രശ്നങ്ങളിലും ആളുകളെ കൊണ്ടുചെന്നെത്തിക്കാറുണ്ട്

Update: 2021-08-18 08:15 GMT
Advertising

'എന്റെ മാമാട്ടികുട്ടിയമ്മയും', 'ഇരട്ടക്കുട്ടികളുടെ അച്ഛനു' മൊക്കെ കണ്ട് വിതുമ്പി കരഞ്ഞവരാണ് നമ്മൾ മലയാളികൾ.സ്വന്തം ചോരയിൽ പിറന്നതല്ലെങ്കിലും ദത്തെടുത്ത കുട്ടിയെ വിട്ടുകൊടുക്കാൻ കഴിയാത്ത ദമ്പതികൾ നൊമ്പരമാകുന്നത് സിനിമയിൽ മാത്രമല്ല. യഥാർത്ഥ ജീവിതത്തിലും അങ്ങനെ നിരവധി പേരുണ്ട്. ദത്തെടുത്ത കുഞ്ഞിനെ വിട്ടുകിട്ടാൻ നിയമപോരാട്ടം നടത്തുന്ന ഒരാളാണ് കൊല്ലം സ്വദേശിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഏറെ നാളായി കാത്തിരുന്നിട്ടും കുട്ടികളുണ്ടാവാത്തതിനെ തുടര്‍ന്നാണ് ദത്തെടുക്കാന്‍ ഇയാളും ഭാര്യയും തീരുമാനിച്ചത്. നടപടികള്‍ ഓരോന്നായി പൂര്‍ത്തായാക്കി ആറ് മാസം പ്രായമായൊരു ആണ്‍കുഞ്ഞിനെ ദത്തെടുത്തു.

ബെംഗളൂരുവിലെ സൊസൈറ്റി ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഹോളി ഏഞ്ചൽസ് കോൺവെന്റില്‍ നിന്നാണ് ദത്തെടുത്തത്. ആ കുഞ്ഞുമായി കഷ്ടിച്ച് ഒരാഴ്ചത്തെ സന്തോഷം പങ്കിടാനേ ഇയാളുടെ ഭാര്യയ്ക്കായുള്ളൂ. പെട്ടെന്ന് അസുഖ ബാധിതയായി അവര്‍ മരിച്ചു. ഭാര്യയുടെ അപ്രതീക്ഷിത മരണം ഇയാളെ തളര്‍ത്തിയിരുന്നു. എങ്കിലും ഭാര്യയുടെ ആഗ്രഹം പോലെ സന്തോഷത്തോടെ ദത്തെടുത്ത കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനമെടുത്തു. കുഞ്ഞിന് വേണ്ടതെല്ലാം ഒരുക്കി. സ്വന്തം മകനെ പോലെ തന്നെ വാത്സല്യത്തില്‍ വളര്‍ത്തി. ഇതിനിടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തികരിക്കാത്തിനാല്‍ തന്നെ ഭാര്യയുടെ മരണം സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി യെയും കോൺവെന്റിനെയും കൃത്യമായി അറിയിച്ചു. ദത്തെടുക്കൽ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരികൾ വൈകിയപ്പോൾ, ദത്തെടുക്കൽ പ്രക്രിയ വേഗത്തിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം CARA- യ്ക്ക് ഒരു കത്ത് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.

ദത്തെടുക്കലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ സ്ഥാപിതമായ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA)നിർദ്ദേശിച്ച ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പെട്ടെന്നുതന്നെ ഇയാളെ സമീപിച്ച് കുട്ടിയെ തിരിച്ച് ഹാജരാക്കാന്‍ നിര്‍ദേശിച്ചു. ഹാജരാക്കിയില്ലങ്കില്‍ കുട്ടിയെ ബലമായി കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിയുടെ സ്വരത്തില്‍ അറിയിക്കുകയം ചെയ്തു.. യാതൊരു അറിയിപ്പുമില്ലാതെയാണ് ഇത് ചെയ്തതെന്നും തനിക്ക് ഒന്നും പറയാനുള്ള അവസരം നൽകിയിട്ടില്ലെന്നും ഇയാള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. .

കുട്ടിയോട് വൈകാരികമായി ബന്ധമുണ്ടെന്നും സ്വന്തം മകനായി വളർത്തികൊണ്ടിരിക്കുകയാണെന്നുമാണ് ഇദ്ദേഹം പറയുന്നത്. കൂടാതെ കോടതിയെ ബോധിപ്പിക്കുന്ന മറ്റൊരു കാര്യം കുട്ടിയുടെ ആരോഗ്യ മാനസിക ശാരീരിക ക്ഷേമത്തെ പറ്റിയാണ്. കുട്ടിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ലെന്നും ഇയാള്‍ പറയുന്നുണണ്ട്. തനിക്ക് കടുത്ത മാനസിക വേദനയുണ്ടാക്കുന്ന കാര്യത്തില്‍ നിന്നും പിന്‍തിരിയണമെന്നാണ് അയാളുടെ അഭ്യര്‍ത്ഥന. താന്‍ മാമത്രമല്ല തന്‍റെ കുടുംബാംഗങ്ങളും ഈ കുട്ടിയോട് അടുത്തു. കുട്ടിയെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കുന്നുണ്ടെന്നും ആർക്കും കുട്ടിയെ തിരികെ അയക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും പറയുന്നു. ഇതൊരു നിയമപ്രശ്നമായി കോടതിക്ക് മുന്നിലെത്തി.

ദത്തെടുക്കല്‍ നിയമത്തിലെ അജ്ഞത പലപ്പോഴും പല നിയമപ്രശ്നങ്ങളിലും ആളുകളെ കൊണ്ടു ചെന്നെത്തിക്കാറുണ്ട്. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA) കേരള സര്‍ക്കാരിന്‍റെ സാമൂഹ്യനീതി വകുപ്പുമായി സംഹകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നോഡല്‍ ഏജന്‍സിയാണ് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (SARA). അനാഥരും മതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും ഏല്‍പ്പിച്ചു കൊടുക്കപ്പെട്ടവരുമായ കുട്ടികളെയാണ് CARA മാര്‍ഗനിര്‍ദ്ദേശപ്രകാരം ദത്തെടുക്കാവുന്നത്. ദത്തെടുക്കല്‍ അത്ര എളുപ്പമല്ല, എന്നിരുന്നാലും വിവാഹിതരല്ലെങ്കിലും ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായി സ്ഥിരതയും കഴിവും ഉള്ള ഏതൊരാള്‍ക്കും ദത്തെടുക്കാവുന്നതാണ്.അതിനായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടിവിച്ചുണ്ട്.

1. സ്ത്രീകള്‍ക്ക് ആണ്‍ -പെണ്‍ കുട്ടികളെ ദത്തെടുക്കാവുന്നതാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാവൂ

2. ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടെയും സമ്മതം വേണം

3 വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് മാത്രമേ ദത്തെടുക്കുവാനാവൂ

4. നാല് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ കഴിയില്ല

5. കുട്ടിയും മാതാപിതാക്കളില്‍ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയായിരിക്കരുത്.

ഇന്ത്യയില്‍ താമസിക്കുന്നവര്‍ ദത്തെടുക്കാന്‍ സന്നദ്ധരായവര്‍ www.cara.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

ദത്തെടുക്കലിനായി അംഗീകരിക്കപ്പെട്ട ഔദ്യോഗിക ഏജന്‍സിയില്‍ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതികള്‍ അപേക്ഷ സമര്‍പ്പിക്കുക എന്നതാണ് ആദ്യ നടപടി. തുടര്‍ന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ട സാമൂഹികപ്രവര്‍ത്തകന്‍ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതികളുടെ പശ്ചാത്തലത്തെക്കുറിച്ചും അവര്‍ക്ക് കുട്ടിയെ ദ വളര്‍ത്താനുള്ള സാഹചര്യമുണ്ടോയെന്നും പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും. . ദമ്പതികളുടെ കുടുംബ പശ്ചാത്തലം, ആരോഗ്യം, വിവാഹബന്ധത്തിന്റെ സുസ്ഥിരത, സാമ്പത്തികനില ഇവയെക്കുറിച്ചെല്ലാമാണ് പഠിക്കുന്നത്. പിന്നീട് ഏജന്‍സിക്ക് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതൊറിട്ടിയില്‍ (CARA) നിന്നും നോണ്‍-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നു. തുടര്‍ന്ന് ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടിക്ക് വേണ്ട സവിശേഷതകളെക്കുറിച്ച് ദമ്പതിമാര്‍ക്ക് ഏജന്‍സിയില്‍ അറിയിക്കാം.

ദമ്പതിമാരുടെ ആവശ്യവുമായി യോജിക്കുന്ന കുട്ടിയെ അവരുമായി കാണാന്‍ ഏജന്‍സി അനുവദിക്കുന്നു. ആ കുട്ടിയെ ദമ്പതിമാര്‍ക്ക് സമ്മതമെങ്കില്‍ ദത്തെടുക്കാവുന്നതുമാണ്. ഇത്തരത്തിലാണ് ദത്തെടുക്കല്‍ മാര്‍ഗനിര്‍ദേശങ്ങളെങ്കിലും ഇതിലെ നടപടിക ക്രമങ്ങള്‍ പൂര്‍ത്തീകരിക്കല്‍ ഇപ്പോഴും അത്ര എളുപ്പമല്ല. ഇത്തരത്തില്‍ അനന്തമായി നീണ്ടുപോകുന്ന നിയമപ്രക്രിയ പലപ്പോഴും ആളുകളെ ബുദ്ധിമുട്ടിക്കാറുമുണ്ട്. മേല്‍പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ദത്തെടുത്തെങ്കിലും ദത്തെടുക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് കാര്യങ്ങള്‍ കോടതിയിലെത്തിച്ചത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - ഷബ്ന സിയാദ്

സ്പെഷ്യൽ കറസ്പോണ്ടൻറ്, മീഡിയവണ്‍

Similar News