പത്തുവയസ്സുകാരി അമ്മയായാൽ! കോടതിയും നിസ്സഹായരാവും

വീട്ടകങ്ങളിലെ പെൺമക്കളുടെ സുരക്ഷയെ കുറിച്ചു എന്തുറപ്പാണ് നിയമ സംവിധാനങ്ങൾക്ക് പറയാനാകുക?

Update: 2022-09-21 14:22 GMT
Click the Play button to listen to article

ഞാൻ നാണിച്ച് തലതാഴ്ത്തുന്നു, സമൂഹം മുഴുവൻ ലജ്ജിച്ച് തലതാഴ്ത്തട്ടേയെന്ന് പറഞ്ഞാണ് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണൻ തന്നെ മുന്നിൽ വന്ന ഒരു കേസിൽ വിധി പറയുന്നത്. ആ കേസിനെ കുറിച്ച് കേട്ടവരെല്ലാം അസ്വസ്ഥമായി. കോടതികൾക്ക് മുന്നിൽ നിയമം മാത്രമാണ് കേസുകൾ പരിഗണിക്കുമ്പോൾ അതിനാധാരമായി വരിക. എന്നാൽ, കേവലം പത്ത് വയസ് മാത്രം പ്രായമായൊരു പെൺകുഞ്ഞ്, അവൾ മറ്റൊരു കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുന്നു. ഈ കേസിൽ കോടതി എങ്ങനെ നിയമം മാത്രം നോക്കി വിധി പറയും. വീട്ടകങ്ങളിലെ പെൺമക്കളുടെ സുരക്ഷയെ കുറിച്ചു എന്തുറപ്പാണ് നിയമ സംവിധാനങ്ങൾക്ക് പറയാനാകുക?. എല്ലാ സംവിധാനങ്ങളും നിസ്സഹായകമാകുന്ന സന്ദർഭങ്ങളുണ്ടാകും.



അതുപോലൊന്നാണ് സ്വന്തം പിതാവിന്റെ പീഡനത്തിനിരയായി ഗർഭിണിയായതാണ് പത്തുവയസ്സുകാരി പെൺകുട്ടിയുടെ കാര്യവും. അവളുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നുവെന്ന് അവൾക്കറിയാൻ സാധിച്ചില്ല. പിതാവ് ചെയ്ത ക്രൂരതയെന്തന്നും ആ കുഞ്ഞിനറിയില്ല. അവളുടെ വയറ്റിൽ വളരുന്ന ഗർഭസ്ഥ ശിശുവിന്റെ പ്രായം 32 ആഴ്ച. 32 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി അമ്മ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ നിയമം നോക്കുമ്പോൾ 2021 ൽ ഭേദഗതി ചെയ്ത ഗർഭച്ഛിദ്രത്തെ സംബന്ധിച്ച നിയമപ്രകാരം 24 ആഴ്ചവരെയായ ഗർഭം അലസിപ്പിക്കാനെ അനുവാദം നൽകാനാകു. എന്നാൽ അസാധാരണമായ സാഹചര്യങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകാമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പ്രകാരം തന്റെ മകളുടെ ഗർഭം അലസിപ്പിക്കണമെന്നായിരുന്നു ആ അമ്മയുടെ ആവശ്യം. കോടതിക്ക് മുന്നിൽ വലിയ പരിമിതി ഈ വിഷയത്തിലുണ്ട്. കാരണം 32 ആഴ്ചയോളം എത്തിയ ഗർഭമെന്ന് പറയുമ്പോൾ വളർച്ച പ്രാപിച്ചൊരു കുഞ്ഞാണ്. അതിനും ഭരണ ഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള നിയമപരമായ അവകാശം നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് ഉചിതമായ നടപടി സ്വീകരിക്കാൻ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ കുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയത്. ഇത്തരത്തിലൊരു ഗർഭം തുടരുന്നത് കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഭീഷണിയാണെന്നായിരുന്നു അമ്മ നൽകിയ പരാതിയിൽ പറയുന്നത്. മെഡിക്കൽ ബോർഡാകട്ടെ കുട്ടിയെ ശസ്ത്രക്രിയിലൂടെയെ പുറത്തെടുക്കാനാകു എന്നാണ് പറഞ്ഞത്. വളർച്ചയെത്തിയതിനാൽ ഗർഭസ്ഥ ശിശു രക്ഷപ്പെടാൻ 80 ശതമാനം സാധ്യതയും അവർ പറയുന്നു.

കുഞ്ഞിന് ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുളള സാധ്യതയുണ്ടെന്നും .സി.യു പരിചരണം അനിവാര്യമാകുമെന്നും ഡോക്ടർമാർ തന്നെ അറിയിച്ചിരുന്നു. നിർഭാഗ്യകരമായ ഈ സംഭവത്തിൽ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നാണ് മെഡിക്കൽ ബോർഡിന് കോടതി നിർദേശം നൽകിയത്. ആവശ്യമെങ്കിൽ മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ സഹായം തേടാം. ഇതിനായി ഹെൽത്ത് സർവീസ് ഡയറക്ടർ വേണ്ട കാര്യങ്ങൾ ചെയ്യണം. കുഞ്ഞിന് ജീവനുണ്ടെങ്കിൽ ഏറ്റവും മികച്ച ചികിത്സ നൽകണമെന്നും നിർദേശിച്ചിരുന്നു. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ പെൺകുട്ടിയുടെ മാതാവിന് കഴിയുന്നില്ലെങ്കിൽ സർക്കാർ സംരക്ഷണം ഏറ്റെടുക്കണമെന്നും കോടതി നിർേദശിച്ചിരുന്നു.



ഇതിന്റെ അടിസ്ഥാനത്തിൽ ഈ കുഞ്ഞിനെ മെഡിക്കൽ ബോർഡ് പരിശോധിച്ചു. സാധ്യമായ രീതിയിൽ ഡോക്ടർമാർ ഈ കുഞ്ഞിനെ പരിചരിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ആ ഗർഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തതായി അറിയാൻ കഴിയുന്നുണ്ട്. ശിശുവിനെ ഏതായാലും ആ കുടുംബത്തിന് ഏറ്റെടുക്കാനാവില്ല. ഈ സാഹചര്യത്തിൽ എല്ലാ കുഞ്ഞുങ്ങളും സർക്കാരിന്റെ സ്വത്തായാതിനാൽ സർക്കാർ തന്നെ അതിനെ സംരക്ഷിക്കും. പാരെൻസ് പാട്രിയ' എന്ന സിദ്ധാന്തമാണ് ഇൗ വിഷയത്തിൽ പാലിക്കപെടാനുള്ളത്. രാജ്യത്തിന്റെ രക്ഷകർത്താവ്"എന്നതിന്റെ ലാറ്റിൻ പദമാണ് പാരെൻസ് പാട്രിയ. സംരക്ഷണം ആവശ്യമുള്ള ഏതൊരു കുട്ടിയുടെയും വ്യക്തിയുടെയും മൃഗങ്ങളുടെയും രക്ഷാകർത്താവായി പ്രവർത്തിക്കാനും സംസ്ഥാനത്തിന്റെ പൊതുനയ അധികാരത്തെ സൂചിപ്പിക്കുന്നതാണ് ഈ സിന്ധാന്തം. ജനിച്ച ശിശു ഒന്നുമറിയാതെ സർക്കാരിനാൽ സംരക്ഷിക്കപ്പെടുമ്പോൾ അമ്മയാകേണ്ടി വന്ന പത്ത് വയസുകാരിയെ കുറിച്ചാലോചിച്ചാൽ മനുഷ്യരായവർക്കെല്ലാം ഉറക്കം നഷ്ടപെടും. ആ പിതാവിനെതിരെ നേരത്തെ തന്നെ പൊലിസ് കേസെടുത്തിട്ടുണ്ട്. അയാൾക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നതിൽ സംശയമില്ല. പക്ഷെ, ഈ കുഞ്ഞിനെ പോലെ ഇനിയും നിരവധി കുഞ്ഞുങ്ങളുണ്ടാവില്ലേ?

ഈ പത്തുവയസ്സുകാരിയെ കുറിച്ച് എഴുതി നിർത്തുമ്പോഴാണ് ചെന്നൈയിലെ സെന്നീർകുപ്പത്തുനിന്നും വിശ്വസിക്കാനാവാത്ത മറ്റൊരു വാർത്ത എത്തുന്നത്. 103 വയസ്സായൊരു വ്യദ്ധനെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി ഉത്തരവാണിത്. കെ പരശുരാമൻ എന്ന റിട്ടയേഡ് ഹെഡ്മാസ്റ്റർ 2018 ലാണ് പത്ത് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇയാളുടെ വീടിനോട് ചേരന്ന് താമസിച്ചിരുന്ന പെൺകുട്ടിയെ ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പീഡനത്തിനിരയാക്കുന്നത്. അന്ന് ഈ പ്രതിയുടെ പ്രായം 99 വയസാണ്. പെൺകുട്ടിക്ക് വയറുവേദന ആയതോടെയാണ് മാതാപിതാക്കൾ കാര്യമറിയുന്നത്. പിന്നീട് പരാതി നൽകി. കോടതി നടപടികൾ പൂർത്തിയാക്കുമ്പോഴേക്ക് പ്രതിയ്ക്ക് 103 വയസായി. പത്ത് വർഷത്തെ കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. വിവേചന ബുദ്ധിയില്ലാത്ത മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയിലേക്കാണ് മനുഷ്യരുടെ പോക്കെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവുകൾ വേറെ വേണം.





Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ഷബ്ന സിയാദ്

സ്പെഷ്യൽ കറസ്പോണ്ടൻറ്, മീഡിയവണ്‍

Similar News