ഗർഭഛിദ്രത്തിലെ സുപ്രധാന വിധി
ആരാലും ചോദ്യം ചെയ്യപ്പെടാനില്ലാത്ത സ്ത്രീകളോട് എന്തുമാകാമെന്ന പുരുഷ ധാർഷ്ട്യം അവസാനിപ്പിക്കാന് നീതിപീഠങ്ങൾ ഒന്നുണർന്നാൽ മാത്രം മതി
സാറാസ് സിനിമയുടെ പാശ്ചാത്തലത്തിൽ ഗർഭധാരണവും ഗർഭഛിദ്രത്തിലെ ശരിതെറ്റുകളും അടുത്ത നാളുകളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഗർഭഛിദ്രം സംബന്ധിച്ച് വലിയ വാദപ്രതിവാദങ്ങൾക്കിടയിൽ കാര്യമായി ശ്രദ്ധിക്കാതെ പോയൊരു ഹൈക്കോടതി ഉത്തരവുണ്ട്. ഒരു പെൺകുട്ടിയുടെ ആറാഴ്ച പൂർത്തിയായ ഗർഭം അലസിപ്പിക്കുന്നതിന് കോടതി തന്നെ നേരിട്ട് അനുമതി നൽകിയ വിധിയാണത്. കഴക്കൂട്ടം പോലിസ് സ്റ്റേഷൻ പരിധിയിൽ അലഞ്ഞുനടന്നിരുന്ന ബിഹാർ സ്വദേശിനി, മാനസിക രോഗിയായ പെൺകുട്ടിയെ ശ്രദ്ധയിൽപ്പെട്ട പോലീസാണ് പേരൂർക്കട മാനസിക രോഗാശുപത്രിയിലെത്തിച്ചത്. പരിശോധനയിലാണ് ഈ പെൺകുട്ടി ഗർഭിണിയാണെന്നറിയുന്നത്.
കണ്ടെത്തുമ്പോൾ ആറാഴ്ച ഗർഭമുണ്ടിവർക്ക്. ബന്ധുക്കളെ കുറിച്ചോ നാടിനേകുറിച്ചോ ഒന്നും പെൺകുട്ടിക്കറിയില്ല. ആരും അന്വേഷിച്ച് വന്നതുമില്ല. ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ വിഷയമെത്തുകയും അവർ ഗർഭം അലസിപ്പിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കുകയുമായിരുന്നു. മെഡിക്കൽ ടെർമാനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്ട് 1971 പ്രകാരം അടിയന്തര ഘട്ടത്തിൽ മാത്രമേ ഗർഭം അലസിപ്പിക്കാനാവൂ. എന്നാൽ അതിന് ഗർഭിണിയുടെ സമ്മതം വേണം. ഈ പെൺകുട്ടിക്ക് താൻ ഗർഭിണിയാണോയെന്ന് തന്നെയറിയില്ല. പിന്നെയങ്ങനെ സമ്മതം വാങ്ങും. പിന്നീടാണ് കോടതി മെഡിക്കൽ ബോർഡിനോട് പെൺകുട്ടിയെ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞത്. മെഡിക്കൽ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിലും ഇരയ്ക്ക് സൈക്കോസിസ് ബാധിച്ച മാനസിക വൈകല്യമുണ്ടെന്നും തീരുമാനങ്ങളെടുക്കാനോ അഭിപ്രായം അറിയിക്കാനോ കഴിയുന്നില്ലെന്നും സൂചിപ്പിച്ചു.
ഗർഭാവസ്ഥയുടെ തുടർച്ചയായതിനാൽ ഡോക്ടർ നിർദേശിച്ചാൽ ഗർഭം അലസിപ്പിക്കാമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരേയൊരു തടസ്സം ഇരയ്ക്ക് ഗർഭഛിദ്രത്തിന് സമ്മതം നൽകാനാവില്ല എന്നതായിരുന്നു. ഈ ഘട്ടത്തിൽ 'പാരെൻസ് പാട്രിയ' എന്ന സിദ്ധാന്തമാണ് ഈ വിഷയത്തിൽ ജസ്റ്റിസി പി ബി സുരേഷ്‌കുമാർ പ്രയോഗിച്ചത്. (രാജ്യത്തിന്റെ രക്ഷകർത്താവ് എന്നതിന്റെ ലാറ്റിൻ പദമാണ് പാരെൻസ് പാട്രിയ. സംരക്ഷണം ആവശ്യമുള്ള ഏതൊരു കുട്ടിയുടെയും വ്യക്തിയുടെയും മൃഗങ്ങളുടെയും രക്ഷകർത്താവായി പ്രവർത്തിക്കാനും സംസ്ഥാനത്തിന്റെ പൊതു നയ അധികാരത്തെ സൂചിപ്പിക്കുന്നതാണ് ഇത്. സ്വയം പരിപാലിക്കാൻ കഴിയാത്ത വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സംസ്ഥാനം തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങളിലാണ് ഇത് പ്രയോഗിക്കുക). ഈ കേസിൽ പ്രായപൂർത്തിയായ പെൺകുട്ടിയെങ്കിലും തീരുമാനങ്ങൾ എടുക്കാൻ മാനസികമായി കഴിവില്ലാത്തതായതിനാലാണ് കോടതി ഇത്തരമൊരു നടപടിയിലെത്തിയത്.
ബിഹാറുകാരിയായ ഈ പെൺകുട്ടിയുടെ മാതാപിതാക്കളുടെ പേരുകൾ പോലീസിന് കണ്ടെത്താനായിട്ടുണ്ട്. പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ നേരത്തെ ഉപേക്ഷിച്ച് പോയതാണെന്നും പറയപ്പെടുന്നു. പിന്നീട് മാനസിക രോഗിയായി തെരുവിലലഞ്ഞു. മാനസിക രോഗിയെ പോലും വെറുതെ വിടാത്ത വേട്ടക്കാർ കേരളത്തിന്റെ തെരുവുകളിലും ഒട്ടും കുറവല്ലെന്നത് വ്യക്തം. തന്നെ ഗർ്ഭിണിയാക്കിയതാരെന്നോ തനിക്കെന്ത് സംഭവിച്ചെന്നോ അറിയാതെ ആ പെൺകുട്ടി ജീവിക്കുന്നു. ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയപ്പോള് ഡിഎൻഎ പരിശോധനയുടെ സാധ്യത കൂടി കോടതി നിർദേശിച്ചിട്ടുണ്ട്. ഡി എൻഎ പരിശോധനയിലൂടെ ആ ഗർഭത്തിനുത്തരവാദിയായാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകും. ആരാലും ചോദ്യം ചെയ്യപ്പെടാനില്ലാത്ത സ്ത്രീകളോട് എന്തുമാകാമെന്ന പുരുഷ ധാർഷ്ട്യം അവസാനിപ്പിക്കാന് നീതിപീഠങ്ങൾ ഒന്നുണർന്നാൽ മാത്രം മതി.