പീഡന പരാതിക്കായി ടോള്‍ ഫ്രീ നമ്പര്‍

പീഡനക്കേസുകളില്‍ പരാതിയുന്നയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നിഷ്പ്രയാസം ചെയ്യാവുന്നതും എന്നാല്‍, അനേകം പെണ്‍കുട്ടികള്‍ക്ക് ആശ്വാസമാകുന്നതും ആയിരിക്കും എന്നതില്‍ സംശയമില്ല. അതിനാല്‍, കോടതിയുടെ ഇടപെടല്‍ കൂടുതല്‍ ചര്‍ച്ചയിലേക്ക് വരേണ്ടതുണ്ട്.

Update: 2022-09-22 11:10 GMT
Click the Play button to listen to article

പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് പരാതി പൊലിസില്‍ വിളിച്ച് അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പാടാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കേരള ഹൈക്കോടതിയാണ് നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

ബീഹാറില്‍ നിന്നും അടുത്തിടെയുണ്ടായൊരു വാര്‍ത്തയില്‍ പറയുന്നത് ഒരു വര്‍ഷമായി തന്നെ പീഡനത്തിനിരയാക്കുന്ന അച്ഛനില്‍ നിന്നും രക്ഷപെടാന്‍ മകള്‍ പീഡന ദ്യശ്യങ്ങള്‍ ഒളി കാമറയില്‍ പകര്‍ത്തി പുറം ലോകത്തെ എത്തിച്ചുവെന്നാണ്. ഒരു വര്‍ഷം ഈ പെണ്‍കുട്ടി സ്വന്തം പിതാവിന്റെ പീഡനം സഹിച്ചുകൊണ്ടിരുന്നു. അവള്‍ പറയുന്നത് ഭയം മൂലമാണ് ഇത് സഹിച്ചതെന്നാണ്. ചിലപ്പോള്‍ ഒരു പക്ഷെ, ഇതെങ്ങനെ പരാതിപ്പെടണമെന്ന് അറിയാതെയാവാം. അല്ലങ്കില്‍ പരാതി പറഞ്ഞ് പുറത്തറിഞ്ഞാല്‍ അച്ഛന്‍ തന്നെ കൊലപ്പെടുത്തുമോയെന്നതടക്കമുള്ള ഭയത്തില്‍ നിന്നാകാം. പീഡനം സഹിക്കവയ്യാതായപ്പോഴാണ് ഫോണില്‍ പകര്‍ത്തിയ ദ്യശ്യങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചു നല്‍കുന്നത്. ഇതോടെയാണ് ഈ വിഷയം പുറത്തറിയുന്നത്.

കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നോട്ട് വെച്ച് ടോള്‍ ഫ്രീ എന്ന ആശയം, ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനപ്പെടുത്താവുന്നതാണ് എന്നതില്‍ സംശയമില്ല. പെണ്‍കുട്ടികളിലേക്ക് ഈ നമ്പര്‍ എത്തിക്കുക എന്നത് ഇക്കാലത്ത് വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു സൗകര്യം പ്രയോജനപ്പെടുത്താനും കഴിയുമെന്നതില്‍ സംശയമില്ല.


ലൈംഗിക അതിക്രമത്തെ സംബന്ധിച്ച് പരാതി ഉന്നയിക്കുന്നവര്‍ക്കെതിരെ വലിയ തോതിലുള്ള ഭീഷണികള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ഭീഷണി ഭയന്നാണ് പല കാര്യങ്ങളും പെണ്‍കുട്ടികള്‍ പുറത്ത് പറയാത്തതതും. അതുപോലെ തന്നെ ഭയപ്പെടുത്തുന്ന ഒന്നാണ് സൈബറിടങ്ങലിലെ ഭീഷണിയും അക്രമണങ്ങളും. സൈബര്‍ ആക്രമം നടത്താന്‍ പ്രത്യേക സംഘം തന്നെയുണ്ടെന്ന് ഹൈക്കോടതി തന്നെ കഴിഞ്ഞ ദിവസം നിരീക്ഷിക്കുകയുണ്ടായി. ലൈംഗിക അതിക്രമക്കേസുകളില്‍ അന്വേഷണഘട്ടത്തിലാണ് ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നതെന്നും കോടതി തന്നെ ഓര്‍മിപ്പിച്ചിരുന്നു. ലൈംഗിക അതിക്രമത്തെ സംബന്ധിച്ച് പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇര നല്‍കിയ ഒരു ഹര്‍ജി പരിഗണിക്കേയായിരുന്നു കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് ഇരയാകുന്ന സ്ത്രീകള്‍ക്ക് പരാതി ഉന്നയിക്കാനായി കേന്ദ്രീകൃതമായ ടോള്‍ ഫ്രീ നമ്പറിന്റെ സാധ്യത ഹൈക്കോടതി തേടുന്നത്. ഇതിലൂടെ ഇരയാകുന്ന സ്ത്രികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ പരാതി ഉന്നയിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം.


ഈ നമ്പറില്‍ വിളിച്ച് പറഞ്ഞാല്‍ പൊലിസ് വിളിക്കുന്ന സ്ഥലത്തെത്തി രഹസ്യമായി വിവരങ്ങള്‍ ചോദിച്ചറിയണം. പിന്നീട് ആ പെണ്‍കുട്ടിയുടെ സ്വകാര്യത മാനിച്ച് തന്നെ കേസിലെ അന്വേഷണവും മുന്നോട്ട് നീക്കണം. ഇതൊക്കെയാണ് കോടതി ഈ ടോള്‍ ഫ്രീ നമ്പറുകൊണ്ട് ഉദ്ദേശിക്കുന്നത്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് പോലും നിരവധി കത്തുകളാണ് ലഭിക്കുന്നത്. പിന്നീട് നാളുകള്‍ കഴിഞ്ഞ് ചില പെണ്‍കുട്ടികള്‍ പരാതിയുമായൊക്കെ വരുമ്പോള്‍ പരാതി ഉന്നയിക്കാന്‍ എന്തുകൊണ്ടാണ് വൈകിയത് എന്നൊക്കെയാണ് സൈബര്‍ ഇടങ്ങളിലെ ചോദ്യങ്ങള്‍. ഇത് സ്വകാര്യതയിലേക്കുള്ള ആക്രമണമാണെന്ന് കോടതി തന്നെ പറയുന്നുണ്ട്. ലൈംഗിക അതിക്രമ കേസുകളില്‍ പൊലീസുകാര്‍ തന്നെ മധ്യസ്ഥരാകുന്ന സാഹചര്യവും ഉണ്ട്. ഇരകള്‍ക്ക് സ്റ്റേഷനില്‍ എത്താതെ തന്നെ പരാതി ഉന്നയിക്കാന്‍ വേണ്ട സാഹചര്യം ഉണ്ടാവണം. ഇവര്‍ക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാക്കാന്‍ വിക്ടിം ലെയ്‌സണ്‍ ഓഫീസറുടെ സംരക്ഷണം ലഭ്യമാക്കണമെന്നുമുള്ള നിര്‍േദശവും കോടതി സര്‍ക്കാര്‍ മുന്‍പാകെ വെച്ചിട്ടുണ്ട്.

പീഡനക്കേസുകളില്‍ പരാതിയുന്നയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നിഷ്പ്രയാസം ചെയ്യാവുന്നതും എന്നാല്‍, അനേകം പെണ്‍കുട്ടികള്‍ക്ക് ആശ്വാസമാകുന്നതും ആയിരിക്കും എന്നതില്‍ സംശയമില്ല. അതിനാല്‍, കോടതിയുടെ ഇടപെടല്‍ കൂടുതല്‍ ചര്‍ച്ചയിലേക്ക് വരേണ്ടത് തന്നെയാണ്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷബ്‌ന സിയാദ്

contributor

Similar News