ഭുവി കൊടുങ്കാറ്റിലും ഉലയാതെ ഗിൽ; സെഞ്ച്വറിയുമായി ഗുജറാത്തിനെ കാത്തു
47 റൺസുമായി നിറഞ്ഞുകളിച്ച സായ് സുദർശനൊഴിച്ചുനിർത്തിയാൽ ഗുജറാത്ത് നിരയിൽ ഒറ്റയാൾ പോലും രണ്ടക്കം കാണാത്ത മത്സരത്തിൽ സെഞ്ച്വറിയുമായാണ് ശുഭ്മാൻ ഗിൽ(101) ഗുജറാത്ത് ഇന്നിങ്‌സ് ഒറ്റയ്ക്ക് നയിച്ചത്
അഹ്മദാബാദ്: ശുഭ്മൻ ഗില്ലിന്റെ ഒറ്റയാൻ പോരാട്ടത്തിൽ ഹൈദരാബാദിനെതിരെ 188 റൺസ് വിജയലക്ഷ്യം ഉയർത്തി ഗുജറാത്ത്. 47 റൺസുമായി നിറഞ്ഞുകളിച്ച സായ് സുദർശനൊഴിച്ചുനിർത്തിയാൽ ഗുജറാത്ത് നിരയിൽ ഒരൊറ്റയാൾ പോലും രണ്ടക്കം കാണാത്ത മത്സരത്തിൽ സെഞ്ച്വറിയുമായാണ് ഗിൽ ഗുജറാത്ത് ഇന്നിങ്‌സ് ഒറ്റയ്ക്ക് നയിച്ചത്. സുദർശൻ 47 റൺസെടുത്ത് പുറത്തായപ്പോൾ 101 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. അവസാന ഓവറിലെ മാരക ബൗളിങ് പ്രകടനം ഉൾപ്പെടെ അഞ്ചു വിക്കറ്റുമായി സീനിയർ താരം ഭുവനേശ്വർ കുമാർ ആണ് കൂറ്റൻ സ്‌കോറിൽനിന്ന് ഗുജറാത്തിനെ തടഞ്ഞുനിർത്തിയത്.
ഫോമിന്റെ ഉയരത്തിൽ ഒരിക്കൽകൂടി നിറഞ്ഞാടുകയായിരുന്നു ഗിൽ ഇന്ന്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ നാലു വശത്തേക്കും ബൗണ്ടറികൾ തുരുതുരാ പാഞ്ഞ ഇന്നിങ്‌സിൽ സായ് സുദർശനായിരുന്നു ഗില്ലിനു കൂട്ട്. ഗുജറാത്ത് ബാറ്റിങ്ങിൽ രണ്ടാം വിക്കറ്റിലെ 147 റൺസ് കൂട്ടുകെട്ട് മാത്രമാണ് ആകെ ഓർക്കാനുള്ളത്. നാല് ഗോൾഡൻ ഡക്ക് ഉൾപ്പെടെ അഞ്ചുപേരാണ് ആതിഥേയനിരയിൽ ഇന്ന് പൂജ്യത്തിന് പുറത്തായത്. 58 പന്തിലാണ് ഗിൽ 101 റൺസുമായി പുറത്തായത്. 13 ഫോറും ഒരു സിക്‌സറും ഇന്നിങ്‌സിനു മിഴിവേകി.
ഗില്ലിന്റെ സെഞ്ച്വറിക്കരുത്തിൽ കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച ഗുജറാത്തിനെ മികച്ച ഡെത്ത് ഓവർ പ്രകടനത്തിലൂടെയാണ് ഹൈദരാബാദ് 200നു താഴെ പിടിച്ചുകെട്ടിയത്. ആദ്യ ഓവറിൽ വൃദ്ധിമാൻ സാഹയെ ഭുവനേശ്വർ കുമാർ സംപൂജ്യനായി തിരിച്ചയച്ച ശേഷം 15-ാം ഓവർ വരെ ഹൈദരാബാദ് മത്സരത്തിലേ ഉണ്ടായിരുന്നില്ല. ഒടുവിൽ, സായ്-ഗിൽ കൂട്ടുകെട്ട് പിരിച്ച് മാർക്കോ യാൻസനാണ് ഹൈദരാബാദിന് മത്സരത്തിലേക്കു തിരിച്ചുവരാനുള്ള വഴി തുറന്നത്.
തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയെ(എട്ട്) പിടികൂടി ഭുവനേശ്വർ ഗുജറാത്തിന്റെ കൂട്ടത്തകർച്ചയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത ഓവറിൽ ടി. നടരാജൻ അപകടകാരിയായ ഡേവിഡ് മില്ലറെയും(ഏഴ്) പറഞ്ഞയച്ചു. പിന്നാലെ രാഹുൽ തെവാട്ടിയയെ(മൂന്ന്) മടക്കി ഫസൽഹഖ് ഫാറൂഖിയും ഡേത്ത് ഓവർ ആക്രമണം കടുപ്പിച്ചു.
അവസാനം, 20-ാം ഓവറിലായിരുന്നു ഭുവിയുടെ അഴിഞ്ഞാട്ടം. ആദ്യ പന്തിൽ സെഞ്ച്വറിക്കാരൻ ഗില്ലിനെ അബ്ദുൽ സമദിന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാൻ വിക്കറ്റ് കീപ്പർ ക്ലാസന്റെ കൈയിൽ. ഹാട്രിക് പന്തിൽ പക്ഷെ ഭുവിയുടെ വക തന്നെ റണ്ണൗട്ടായിരുന്നു. വീണത് നൂർ അഹ്മദ്. അഞ്ചാം പന്തിൽ മുഹമ്മദ് ഷമിയെ യാൻസന്റെ കൈയിലുമെത്തിച്ച് ഗുജറാത്ത് സംഭവബഹുലമായ ഓവറും ഇന്നിങ്‌സും പൂർത്തിയാക്കി ഭുവനേശ്വർ.
Summary: Gujarat Titans vs Sunrisers Hyderabad live updates