ഇന്ത്യ 191 റണ്‍സിന് പുറത്ത്

36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴു ഫോറുമടക്കം 57 റണ്‍സെടുത്ത ഷാര്‍ദുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ 191-ല്‍ എത്തിച്ചത്.

Update: 2021-09-02 16:24 GMT
Editor : ubaid | By : Web Desk
Advertising

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 191 റൺസിന് പുറത്ത്. 50 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 57 റണ്‍സെടുത്ത ഷര്‍ദുല്‍ ഠാക്കൂറുമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട കളി കാഴ്ചവെച്ചത്. 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴു ഫോറുമടക്കം 57 റണ്‍സെടുത്ത ഷാര്‍ദുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ 191-ല്‍ എത്തിച്ചത്. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവിനൊപ്പം ഷാര്‍ദുല്‍ കൂട്ടിച്ചേര്‍ത്ത 63 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. ക്രിസ് വോക്‌സ് നാല് വിക്കറ്റും ഒലി റോബിന്‍സണ്‍ മൂന്ന് വിക്കറ്റും നേടി. 

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (11), കെ.എല്‍ രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4), രവീന്ദ്ര ജഡേജ (10), അജിങ്ക്യ രഹാനെ (14), ഋഷഭ് പന്ത് (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. രോഹിത്തും രാഹുലും ചേർന്ന് അനായാസം റൺസ് കണ്ടെത്തി. എന്നാൽ, ഇന്ത്യൻ സ്കോർ 28ൽ നിൽക്കെ 27 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്ത രോഹിത്തിനെ വോക്സ് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു.

ഇതേ സ്കോറിൽ കെ.എൽ. രാഹുലും പുറത്തായി.  44 പന്തിൽ മൂന്നു ഫോറുകൾ സഹിതം 17 റൺസെടുത്ത രാഹുലിനെ ഒലി റോബിൻസൺ എൽബിയിൽ കുരുക്കി.  31 പന്തിൽ ഒരു ഫോർ സഹിതം നാലു റൺസെടുത്ത പൂജാരയെ ജയിംസ് ആൻഡേഴ്സൻ ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു. ഇതോടെ, ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ പൂജാരയെ പുറത്താക്കുന്ന ബോളറായി ആൻഡേഴ്സൻ മാറി. ഇത് 11–ാം തവണയാണ് ആൻഡേഴ്സൻ പൂജാരയുടെ പ്രതിരോധം തകർക്കുന്നത്. വോക്സിന്റെ പന്തിൽ ജോ റൂട്ടിനു ക്യാച്ച് നൽകി ജഡേജ (34 പന്തിൽ 10) യും പുറത്ത്. ഇതോടെ ഇന്ത്യ 69–4 എന്ന സ്കോറിലായി. പിന്നീട് കോലിയും രഹാനെയും ഒത്തുചേർന്നെങ്കിലും അർധസെഞ്ചുറി തികച്ചതിനു പിന്നാലെ വിരാട് കോലിയെ റോബിൻസൺ മടക്കി.

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലിഷ് നായകൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ലീഡ്സിൽ ഇന്നിങ്സ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. പരുക്കിന്റെ ലക്ഷണങ്ങളുള്ള ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഇവർക്കു പകരം ഷാർദുൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവർ ടീമിലെത്തി.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News