വഴിമുടക്കി റൂട്ടും ബെയർസ്‌റ്റോയും; ജയത്തിലേക്ക് ഇംഗ്ലണ്ടിന് 164 റൺസ് ദൂരം

മൂന്നിന് 109 എന്ന നിലയിൽ ഒരു തകർച്ച മുന്നിൽ കണ്ട ഇംഗ്ലണ്ട് പടയുടെ രക്ഷകരായി ഒരിക്കൽകൂടി ജോ റൂട്ടും ജോണി ബെയർസ്‌റ്റോഴും നിറഞ്ഞാടുന്ന കാഴ്ചയ്ക്കാണ് അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസം എഡ്ജ്ബാസ്റ്റൺ സാക്ഷിയാകുന്നത്

Update: 2022-07-04 17:58 GMT
Editor : Shaheer | By : Web Desk
Advertising

ബിർമിങ്ങാം: ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതാനുള്ള ഇന്ത്യൻ സ്വപ്‌നങ്ങൾക്കു മുന്നിൽ വിലങ്ങുതടിയായി ജോ റൂട്ട്-ജോണി ബെയർസ്‌റ്റോ കൂട്ടുകെട്ട്. മൂന്നിന് 109 എന്ന നിലയിൽ ഒരു തകർച്ച മുന്നിൽ കണ്ട ഇംഗ്ലണ്ട് പടയുടെ രക്ഷകരായി ഒരിക്കൽകൂടി റൂട്ടും ബെയർസ്‌റ്റോയും നിറഞ്ഞാടുന്ന കാഴ്ചയ്ക്കാണ് അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസം എഡ്ജ്ബാസ്റ്റൺ സാക്ഷിയാകുന്നത്. അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ ഏഴു വിക്കറ്റ് കൈയിലിരിക്കെ 164 റൺസ് മാത്രം മതി. ഒരു സെഷനും ഒരു ദിവസവും പൂർണമായി ബാക്കിയിരിക്കുകയും ചെയ്യുന്നുണ്ട്.

പട്ടൗടി ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ വിജയം മാത്രം മുന്നിൽ കാണുന്ന ജസ്പ്രീത് ബുംറയും സംഘവും 378 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ബെൻ സ്റ്റോക്‌സിനും സംഘത്തിനും മുന്നിൽ ഉയർത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഋഷഭ് പന്തിന്റെയും, ചേതേശ്വർ പുജാരയുടെയും അർധ സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടൽ കണ്ടെത്തിയത്. ആദ്യ ഇന്നിങ്സിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞുകളിച്ച ഋഷഭ് പന്ത് രണ്ടാം ഇന്നിങ്‌സിലും തകർപ്പൻ ഫോം തുടർന്നപ്പോൾ ഇന്ത്യ അതിവേഗം ലീഡ് ഉയർത്തുകയായിരുന്നു.

എന്നാൽ, ഇന്ത്യ ഉയർത്തിയ ടോട്ടൽ ഇന്ത്യയ്ക്ക് ജയിക്കാൻ മതിയാകില്ലെന്ന് തെളിയിക്കുകയാണ് റൂട്ടും ബെയർസ്‌റ്റോയും ചേർന്ന്. ഇരുവരും ചേർന്ന് ഇന്ത്യയുടെ കൂറ്റൻ ലക്ഷ്യം അനായാസം മറികടക്കുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണിൽ കാണുന്നത്. ഇന്ത്യയുടെ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് ആഗ്രഹിച്ച തുടക്കമാണ് ഓപണർമാരായ അലെക്‌സ് ലീസും സാക് ക്രൗളിയും ചേർന്ന് നൽകിയത്. ഇന്ത്യൻ ബൗളർമാർക്ക് ഒരു തരത്തിലും അവസരം നൽകാതെ ഏകദിന ശൈലിയിലായിരുന്നു ഇരുവരുടെയും ഇന്നിങ്‌സ്. ലീസിനും ക്രൗളിക്കും മുന്നിൽ ഇന്ത്യൻ ബൗളർമാർ പകച്ചുനിൽക്കുമ്പോഴായിരുന്നു നായകൻ ബുംറയുടെ വക ബ്രേക്ത്രൂ. ബുംറയുടെ മനോഹരമായ ഇൻസ്വിങ്ങറിൽ ക്രൗളിയുടെ പോരാട്ടം അവസാനിച്ചു. പുറത്താകുമ്പോൾ ഏഴ് ബൗണ്ടറി സഹിതം 46 റൺസെടുത്തിരുന്നു താരം.

ക്രൗളി പോയതിനു പിന്നാലെ മൂന്നാമനായി ഇറങ്ങിയ ഒലി പോപ്പിനെയും തിരിച്ചയച്ച് ബുംറ വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. പന്തിന് ക്യാച്ച് നൽകി ഡക്കായായിരുന്നു പോപ്പിന്റെ മടക്കം. തൊട്ടുപിറകെ അർധസെഞ്ച്വറി കടന്ന ലീസിനെ ജഡേജയും മുഹമ്മദ് ഷമിയും ചേർന്ന റണ്ണൗട്ടിലൂടെ പുറത്താക്കി. പുറത്താകുമ്പോൾ വെറും 65 പന്തിൽ എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 56 റൺസെടുത്തിരുന്നു അലെക്‌സ് ലീസ്.

തുടർന്നാണ് ഇന്ത്യയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിച്ച് റൂട്ടും ബെയർസ്‌റ്റോയും ഒന്നിക്കുന്നത്. അവസാനം വിവരം ലഭിക്കുമ്പോൾ അർധസെഞ്ച്വറിയുമായി(61) റൂട്ടും ഉറച്ച പിന്തുണയുമായി ബെയര്‍‌സ്റ്റോ(43)യും ചേർന്ന് ഇംഗ്ലണ്ടിന് വിജയലക്ഷ്യത്തിലേക്ക് നയിക്കുകയാണ്. മൂന്നിന് 214 എന്ന നിലയിലാണ് ഇംഗ്ലീഷ് പട.

Summary: India vs England, 5th Test, Day 4 Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News