സഞ്ജു പുറത്തുതന്നെ ഇരിക്കും; വാഷിങ്ടൺ സുന്ദറും ഔട്ട്-കിവികള്‍ക്ക് ബാറ്റിങ്
മഴ കാരണം വൈകിയാണ് ടോസിട്ടത്. മഴ ഇപ്പോഴും ഭീഷണിയായി തുടരുകയാണ്
നേപിയർ: ന്യൂസിലൻഡിനെതിരായ അവസാന ടി20യിലും മലയാളി താരം സഞ്ജു സാംസൺ പുറത്ത്. ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ വാഷിങ്ടൺ സുന്ദറിനെ വീണ്ടും പുറത്തിരുത്തിയപ്പോൾ ഹർഷൽ പട്ടേലാണ് പകരക്കാരനായി ടീമിൽ ഇടംപിടിച്ചത്. ടോസ് ലഭിച്ച ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു.
മഴ കാരണം വൈകിയാണ് ടോസിട്ടത്. ഈർപ്പം നിലനിൽക്കുന്ന പിച്ചിൽ ബാറ്റിങ് ദുഷ്‌ക്കരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മഴ ഇപ്പോഴും ഭീഷണിയായി തുടരുകയും ചെയ്യുന്നുണ്ട്. ന്യൂസിലൻഡ് സംഘത്തിൽ നായകൻ കെയ്ൻ വില്യംസന് വിശ്രമമനുവദിച്ചു. ടിം സൗത്തിയാണ് താൽക്കാലിക നായകൻ. വില്യംസന് പകരം മാർക് ചാപ്മാനും ടീമിലെത്തി.
ആദ്യ മത്സരം പൂർണമായും മഴയിൽ മുങ്ങിയിരുന്നു. രണ്ടാം മത്സരത്തിൽ സൂര്യകുമാറിന്റെ സെഞ്ച്വറിയുടെ കരത്തിൽ 65 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 51 പന്തിൽ ഏഴ് സിക്‌സറും 11 ബൗണ്ടറിയും സഹിതം 111 റൺസാണ് സൂര്യ അടിച്ചെടുത്തത്.
ഇന്ത്യൻ ഇലവൻ: ഇഷൻ കിഷൻ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഹർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർശ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹൽ.
ന്യൂസിലൻഡ് ഇലവൻ: ഫിൻ അലൻ, ഡേവൻ കോൺവേ, മാർക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്‌സ്, ഡാരിൽ മിച്ചൽ, ജിമ്മി നീഷം, മിച്ചൽ സാന്റ്‌നർ, ആഡം മിൽനെ, ഇഷ് സോധി, ടിം സൗത്തി, ലോക്കി ഫെർഗൂസൻ.
Summary: India vs New Zealand 3rd T20I preview