മൊട്ടേരയിൽ ഇന്നും മഴ കളിക്കുമോ? കാലാവസ്ഥാ പ്രവചനം ഇങ്ങനെ

ഇന്നലെ രാത്രി 11 മണി കഴിഞ്ഞും മഴ ഇടതടവില്ലാതെ പെയ്തതോടെയാണ് റിസർവ് ദിനമായ ഇന്ന് ഫൈനല്‍ നടക്കുമെന്ന് പ്രഖ്യാപനമുണ്ടായത്

Update: 2023-05-29 09:23 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ഞായറാഴ്ച രാത്രി നടക്കേണ്ട ഐ.പി.എൽ കലാശപ്പോരാട്ടം മഴയിൽ മുങ്ങിപ്പോയതിന്റെ നിരാശയിലാണ് ആരാധകർ. ഫൈനൽപൂരം പ്രതീക്ഷിച്ചെത്തിയ ആരാധകരെയെല്ലാം നിരാശയിലാഴ്ത്തിയാണ് അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ മഴ നിർത്താതെ പെയ്തത്. മഴ വില്ലനായതോടെ മത്സരം ഇന്ന് രാത്രിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ, ഇന്നും കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഇന്ന് വൈകീട്ട് നാലു മുതൽ രാത്രി പത്തുവരെ ഇടവിട്ട് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ ഉച്ചയോടെ മാനം തെളിഞ്ഞതായാണ് അഹ്മദാബാദിൽനിന്നും സ്‌റ്റേഡിയത്തിൽനിന്നും വരുന്ന റിപ്പോർട്ട്. ഇന്ന് ഇതുവരെ മഴ പെയ്തിട്ടില്ല. ആകാശം തെളിഞ്ഞുനിൽക്കുകയാണെങ്കിലും വൈകീട്ടോടെ മഴ തിരിച്ചുവരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ കളി വീണ്ടും തടസപ്പെടാനിടയുണ്ട്.

ഇന്നലെ വൈകീട്ടോടെയാണ് അഹ്മദാബാദിൽ ശക്തമായ മഴ പെയ്തത്. വൈകീട്ട് ആറു മുതൽ പത്തുവരെ ഇടവിട്ട് മഴ കനത്തും ശക്തി കുറഞ്ഞും തുടർന്നു. ഇടയ്ക്ക് ഇടിമിന്നലും റിപ്പോർട്ട് ചെയ്തു.

ടോസ് ഏറെനേരം വൈകിയതിനെ തുടർന്ന് രാത്രി ഒൻപതര വരെ 20 ഓവർ മത്സരത്തിനായി കാത്തിരുന്നു. എന്നാൽ, ഇതുകഴിഞ്ഞും മഴ തുടർന്നതോടെ ഓവർ വെട്ടിച്ചുരുക്കി ഫൈനൽ നടക്കുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചു. പക്ഷെ, രാത്രി 11 മണി കഴിഞ്ഞും മഴയ്ക്ക് ശമനമുണ്ടായില്ല. ഇതോടെയാണ് റിസർവ് ദിനമായ ഇന്ന് മത്സരം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായത്.

ഇന്നും മഴ വില്ലനായാൽ എന്തു ചെയ്യും?

ഇന്നും മഴ കളി തടസപ്പെടുത്തിയാൽ ഇന്നലത്തെ പോലെ തന്നെയാകും നിയമങ്ങളുണ്ടാകുക. മുഴുഓവർ കളിക്കുള്ള അവസാന സമയം രാത്രി 9.35 ആയിരിക്കും. ഇതിനുശേഷം ഓവർ വെട്ടിച്ചുരുക്കിയാകും കളി നടക്കുക.

അഞ്ച് ഓവറായി മത്സരം വെട്ടിച്ചുരുക്കുന്നതാണ് അവസാന ഘട്ടം. ഇതിനായി രാത്രി 12.06 വരെ കാത്തിരിക്കും. ഇതിനും സാഹചര്യമൊരുങ്ങിയില്ലെങ്കിൽ വിജയികളെ സൂപ്പർ ഓവറിലൂടെ തീരുമാനിക്കും. എന്നാൽ, സൂപ്പർ ഓവറും അസാധ്യമായാൽ ഗുജറാത്ത് ടൈറ്റൻസിനെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് 'ഇ.എസ്.പി.എൻ ക്രിക് ഇൻഫോ' റിപ്പോർട്ട് ചെയ്യുന്നത്. ലീഗ് ഘട്ടത്തിലെ പോയിന്റ് പരിഗണിച്ചാണ് വിജയിയെ തിരഞ്ഞെടുക്കുകയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Summary: IPL 2023: CSK vs GT final- weather forecast in Ahmedabad today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News