ധോണിയുടെ 'മിഡാസ് ടച്ച്', 2007 ടി20 ലോകകപ്പ് ഫൈനലിലെ സൂപ്പർ ഹീറോ; വിരമിക്കൽ പ്രഖ്യാപിച്ച് ജോഗീന്ദര്‍ ശര്‍മ
നിലവിൽ ഹരിയാന പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയാണ് 39കാരൻ
ചണ്ഡിഗഢ്: 2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച പേസ് താരം ജോഗീന്ദർ ശർമ വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റുകളിൽനിന്നുമാണ് വിരമിക്കൽ. നിലവിൽ ഹരിയാന പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി(ഡി.എസ്.പി) സേവനമനുഷ്ഠിക്കുകയാണ് 39കാരൻ. സോഷ്യൽ മീഡിയയിലൂടെയാണ് പ്രഖ്യാപനം.
2007 സെപ്റ്റംബർ 24ന് ജോഹന്നാസ്ബർഗിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിലാണ് അതിനിർണായകമായ അവസാന ഓവർ എറിഞ്ഞ് ജോഗീന്ദർ സൂപ്പർഹീറോയായത്. അവസാന ഓവറിൽ പാകിസ്താന് ജയിക്കാൻ 13 റൺസ് വേണ്ടപ്പോഴായിരുന്നു അപ്രതീക്ഷിതമായി നായകൻ എം.എസ് ധോണി യുവതാരമായ ജോഗീന്ദറിനെ പന്തേൽപിച്ചത്. എന്നാൽ, മികച്ച ഫോമിൽ മിസ്ബാഹുൽ ഹഖ് ക്രീസിലുണ്ടായിട്ടും ജോഗീന്ദർ എട്ടു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
ലോകകപ്പിൽ സൂപ്പർ താരമായെങ്കിലും ദേശീയ ടീമിൽ ജോഗീന്ദറിനു വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. വെറും എട്ടു മത്സരങ്ങളിലാണ് താരം ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. നാലുവീതം ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലുമാണ് താരത്തിന് ഇന്ത്യൻ ജഴ്‌സിയണിയാൻ ഭാഗ്യമുണ്ടായത്.
2001ൽ ലിസ്റ്റ് എ കരിയർ ആരംഭിച്ച ജോഗീന്ദർ 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലാണ് പന്തെറിഞ്ഞത്. ഐ.പി.എല്ലിൽ എം.എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 16 മത്സരങ്ങളിൽനിന്ന് 14 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Summary: Joginder Sharma, India's 2007 T20 World Cup hero, announces retirement from all forms of cricket