വിശ്വാസം മുഖ്യം; മുഈൻ അലിയുടെ ജഴ്സിയിൽ നിന്ന് മദ്യക്കമ്പനിയുടെ പേര് ഒഴിവാക്കി ചെന്നൈ സൂപ്പർ കിങ്‌സ്
ചെന്നൈ ആസ്ഥാനമായ എസ്എൻജെ ഡിസ്റ്റില്ലറീസിന്റെ എസ്എൻജെ 10000 എന്ന മദ്യത്തിന്റെ പരസ്യമാണ് ടീമിന്റെ ജഴ്‌സിയിലുള്ളത്.
ഇംഗ്ലണ്ട് ഓൾറൗണ്ടർ മുഈൻ അലിയുടെ ജഴ്സിയിൽ നിന്ന് മദ്യക്കമ്പനിയുടെ പരസ്യം ഒഴിവാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. നേരത്തെ, ഇത്തരത്തിലുള്ള പരസ്യം തന്‍റെ ജഴ്സിയില്‍ നിന്ന് ഒഴിവാക്കാൻ താരം അഭ്യർത്ഥിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
പഞ്ചാബിനെതിരെയുള്ള കളിയിൽ മുഈൻ അലി മദ്യക്കമ്പനിയുടെ ലോഗോ ഇല്ലാത്ത ജഴ്‌സിയാണ് ധരിച്ചത്. ചെന്നൈ ആസ്ഥാനമായ എസ്എൻജെ ഡിസ്റ്റില്ലറീസിന്റെ എസ്എൻജെ 10000 എന്ന മദ്യത്തിന്റെ പരസ്യമാണ് ചെന്നൈ ടീമിന്റെ ജഴ്‌സിയിലുള്ളത്.
നേരത്തെ, മുഈൻ അലി മദ്യക്കമ്പനിയുടെ പരസ്യം തന്റെ ജഴ്സിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ചൈന്നൈ മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. അത്തരത്തിലൊരു അഭ്യർത്ഥന നടത്തിയെന്ന് വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ക്ലബിന്റെ വിശദീകരണം. മദ്യക്കമ്പനിയുടെ ലോഗോയുള്ള ഇംഗ്ലണ്ടിന്‍റെ ജഴ്സി താരം അണിയാറില്ല.
കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിച്ച അലിയെ ഇത്തവണ 7 കോടി രൂപയ്ക്കാണ് ചെന്നൈ ടീമിലെത്തിച്ചത്. കഴിഞ്ഞ കളിയിൽ പഞ്ചാബിനെതിരെ മൂന്നാമനായി ഇറങ്ങിയ താരം 31 പന്തിൽ നിന്ന് 46 റൺസാണ് സ്വന്തമാക്കിയത്.