ഇന്ത്യയുടെ നടുവൊടിച്ച് സൌത്തിയും ബോള്‍ട്ടും; ന്യൂസിലന്‍ഡിന് വിജയലക്ഷ്യം 139
ആദ്യ ദിനം മുതല്‍ മഴ ഭീഷണി ഉയര്‍ത്തുന്ന മത്സരത്തില്‍ വിക്കറ്റ് കളയാതെ എത്രയും വേഗം ജയിച്ച് കിരീടം നേടാനാകും ന്യൂസിലന്‍ഡ് ശ്രമം.
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പരാജയനിഴലില്‍. റിസര്‍വ് ദിനമായ ഇന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 170 റണ്‍സിന് ഓള്‍ഔട്ടായി. കിവീസിനായി ടിം സൌത്തി നാല് വിക്കറ്റും ട്രെന്‍റ് ബോള്‍ട്ട് മൂന്ന് വിക്കറ്റും നേടി. രണ്ടിന് 64 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യക്കായി ഋഷഭ് പന്തിന് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. 88 ബോളില്‍ നിന്ന് 41 റണ്‍സാണ് പന്ത് നേടിയത്. കഴിഞ്ഞ ദിവസം പുറത്തായ ഓപ്പണര് രോഹിത് ശര്‍മ്മയാണ്(30) ഇന്ത്യന്‍ ഇന്നിങ്സിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറര്‍. ക്യാപ്റ്റന്‍ കോഹ്‍ലി 13 റണ്‍സും രഹാനെ 15 റണ്‍സുമാണ് നേടിയത്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായ പുജാര രണ്ടാം ഇന്നിങ്സിലും പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 80 പന്തില്‍ നിന്ന് വെറും 15 റണ്‍സുമായാണ് പുജാര കൂടാരം കയറിയത്.
53 ഓവര്‍ ബാക്കിനില്‍ക്കെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വെറും 139 റണ്‍സ് മാത്രം മതിയെന്നിരിക്കെ ഇന്ത്യ പരാജയം മുന്നില്‍ കാണുകയാണ്. ഫോമിലുള്ള ഡെവോന്‍ കോണ്‍വെയും ടോം ലാതവും ആണ് കിവീസിനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. ആദ്യ ദിനം മുതല്‍ മഴ ഭീഷണി ഉയര്‍ത്തുന്ന മത്സരത്തില്‍ വിക്കറ്റ് കളയാതെ എത്രയും വേഗം ജയിച്ച് കിരീടം നേടാനാകും ന്യൂസിലന്‍ഡ് ശ്രമം.