'തെറ്റായ തീരുമാനം, തേഡ് അംപയർ കണ്ണടച്ചിരിക്കുകയാണോ?'-ഗിൽ ഔട്ടിൽ വിവാദം പുകയുന്നു
'അനായാസം തീരുമാനമെടുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയും കാമറയും മറ്റെല്ലാ സംവിധാനങ്ങളുമുണ്ട്. കാമറ സൂം ചെയ്യേണ്ട സാഹചര്യത്തിൽ എന്തുകൊണ്ട് അത് ചെയ്തില്ല?'
ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ നിർണായകമായ രണ്ടാം ഇന്നിങ്‌സിൽ ശുഭ്മൻ ഗില്ലിന്റെ ഔട്ടിൽ വിവാദം പുകയുന്നു. ഗള്ളിയിൽ കാമറൂൺ ഗ്രീൻ പിടിച്ചാണ് ഗിൽ പുറത്താകുന്നത്. എന്നാൽ, പന്ത് ഗ്രൗണ്ടിൽ തട്ടിയ ശേഷമാണ് ഗ്രീൻ കൈയിലൊതുക്കിയതെന്നാണ് പരാതി ഉയരുന്നത്. മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്‌കർ, ഹർഭജൻ സിങ്, വീരേന്ദർ സേവാഗ്, വസീം ജാഫർ എന്നിവരെല്ലാം അംപയറുടെ വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, അംപയറുടെ തീരുമാനത്തെ പിന്തുണച്ച് ഓസീസ് വിക്കറ്റ് കീപ്പർ അലെക്‌സ് ക്യാരി, മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ഉൾപ്പെടെയുള്ളവരും രംഗത്തു
ണ്ട്.
അത് ഔട്ടല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ഹർഭജൻ സിങ് പറഞ്ഞു. 'കാമറ സൂം ചെയ്യേണ്ട സാഹചര്യത്തിൽ എന്തുകൊണ്ടാണ് സൂം ചെയ്യാതിരുന്നത്? എനിക്കത് തീരേ മനസിലാകുന്നില്ല. തീരുമാനം അനായാസം എടുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയും കാമറയും മറ്റെല്ലാ സംവിധാനങ്ങളും നമുക്കുണ്ട്. എന്നിട്ടും തെറ്റായ തീരുമാനമാണ് എടുത്തിരിക്കുന്നത്.'-ഹർഭജൻ കുറ്റപ്പെടുത്തി.
ഗ്രീനിന്റെ രണ്ടു വിരലുകൾ പന്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പന്ത് നിലത്ത് തട്ടിയിട്ടുണ്ടെന്നാണ് ഇതിനർത്ഥം. വിരലുകൾ പന്തിലുണ്ടോ എന്ന് ഉറപ്പില്ലാത്ത ഘട്ടങ്ങളിൽ നോട്ട് ഔട്ട് ആണ് നൽകേണ്ടതെന്നും ഹർഭജൻ പറഞ്ഞു.
അംപയറുടെ തീരുമാനത്തെ മീമിലൂടെ പരിഹസിക്കുകയാണ് സേവാഗും വസീം ജാഫറും ചെയ്തത്. ശുഭ്മൻ ഗില്ലിന്റെ തീരുമാനമെടുക്കുമ്പോൾ തേഡ് അംപയർ എന്ന അടിക്കുറിപ്പോടെ കണ്ണുകെട്ടിയയാളുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സേവാഗ്. ഉറപ്പാക്കാനാകാത്ത തെളിവുള്ള സാഹചര്യത്തിൽ, സംശയമുണ്ടാകുമ്പോൾ നോട്ട് ഔട്ട് ആണ് നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഔട്ട് നൽകുംമുൻപ് റീപ്ലേ കാണുന്ന തേഡ് അംപയർ എന്ന അടിക്കുറിപ്പോടെ ബൈനോക്കുലറിൽ കണ്ണടച്ച മീമാണ് ജാഫർ പങ്കുവച്ചത്.
തേഡ് അംപയറുടേത് ഞെട്ടിപ്പിക്കുന്ന തീരുമാനമാണെന്ന് മുൻ പാകിസ്താൻ താരം കമ്രാൻ അക്മൽ പ്രതികരിച്ചു. ഗില്ലിന്റേത് വ്യക്തമായൊരു ക്യാച്ചല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ക്യാച്ചെടുക്കുമ്പോൾ പന്ത് നിലത്ത് തട്ടിയാൽ നോട്ട് ഔട്ട് ആണെന്ന് സുനിൽ ഗവാസ്‌കർ സൂചിപ്പിച്ചു. പന്ത് പിടിച്ചാൽ തന്നെ ക്യാച്ച് പൂർത്തിയാകുമെന്നാണ് ചിലർ പറയുന്നത്. എന്നാൽ, ക്യാച്ച് ചെയ്ത് ശരിയായി നിൽക്കുമ്പോഴേ അതു പൂർത്തിയാകുന്നുള്ളൂവെന്ന് കൂട്ടിച്ചേർത്തു.
ആസ്ത്രേലിയ മുന്നോട്ടുവെച്ച 444 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് എട്ടാം ഓവറിലാണ് നിർഭാഗ്യകരമായ വിധിയിലൂടെ ഗില്ലിനെ നഷ്ടമാകുന്നത്. ആക്രമണമൂഡിൽ മുന്നേറിയ ഗിൽ സ്‌കോട്ട് ബൊലാൻഡിന്റെ പന്തിൽ എഡ്ജായി ഗള്ളിയിൽ ഗ്രീനിന്റെ കൈയിലൊതുങ്ങുകയായിരുന്നു. എന്നാൽ, പന്ത് നിലത്ത് തട്ടിയെന്ന് സംശയം തോന്നിയതോടെയാണ് റീപ്ലേ പരിശോധിച്ചത്. എന്നാൽ, റീപ്ലേ പരിശോധിച്ച ശേഷം മൂന്നാം അംപയർ ഔട്ട് വിധിക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും അനിഷ്ടം പ്രകടപ്പിക്കുന്നത് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. 19 പന്തിൽനിന്ന് 18 റൺസാണ് ഗില്ലിന് നേടാനായത്.
Summary: Row over Shubman Gill's controversial dismissal in WTC Final by Cameroon Green catch