പ്രാർത്ഥിക്കൂ ഫലസ്തീനായി; ക്യാമ്പയിനുമായി ക്രിക്കറ്റ് താരങ്ങൾ
ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്തീനി ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ ക്രിക്കറ്റ് താരങ്ങൾ രംഗത്ത്.
ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്തീനി ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ ക്രിക്കറ്റ് താരങ്ങൾ രംഗത്ത്.
വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം മുൻ നായകൻ ഡാരൻ സമ്മി, ദക്ഷിണാഫ്രിക്കൻ ബൗളർ കാഗിസോ റബാദ, പാക് താരങ്ങളായ ബാബർ അസം, അസ്ഹർ അലി അഫ്ഗാൻ ആൾറൗണ്ടർ റാഷിദ് ഖാൻ തുടങ്ങി വലിയ ഒരു താരനിര തന്നെയാണ് ഫലസ്തീനിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രേയ് ഫോർ ഫലസ്തീൻ എന്ന ട്വിറ്റർ ക്യാമ്പയിനിലൂടെയാണ് താരങ്ങൾ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
'ഫലസ്തീനികൾക്കൊപ്പം എന്റെ പ്രാർഥനയുണ്ട്. മാനവികതക്കൊപ്പം നിൽക്കണമെങ്കിൽ നമ്മൾ മനുഷ്യരാകണം'- ബാബർ അസം ട്വീറ്റ് ചെയ്തു.
'മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കരുതുന്നുവോ അതുപോലെ നിങ്ങൾ മറ്റുള്ളവരോടും പെരുമാറാത്തത് എന്താണ്? എല്ലാവരെയും മനുഷ്യൻമാരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണ് ' -'പ്രേ ഫോർ ഫലസ്തീൻ' ടാഗിനൊപ്പം സമി ട്വീറ്റ് ചെയ്തു.
'ഫലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന തീവ്രവാദവും ക്രൂരതയും അംഗീകരിക്കാനാകില്ല' അസ്ഹർ അലി ട്വീറ്റ് ചെയ്തു.
'യുദ്ധങ്ങളില്ലാത്ത ഒരു ലോകമാണ് ഞാൻ ആഗ്രഹിക്കുന്നത്. ആളുകൾ കൊല്ലപ്പെടുന്നത് കണ്ടുനിൽക്കാനാകുന്നില്ല. ഒരു കുഞ്ഞിനെ കൊല്ലുന്നതിനേക്കാൾ വലിയ തെറ്റ് ഈ ലോകത്തില്ല. കുട്ടികൾ ബോംബിന്റെയല്ല, കിളികളുടെ ശബ്ദം കേട്ടുണരമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്' -റാഷിദ് ഖാൻ ട്വീറ്റ് ചെയ്തു.
'പ്രേ ഫോർ ഫലസ്തീൻ' എന്ന ടാഗ് പോസ്റ്റ് ചെയ്താണ് കഗിസോ റബാദ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്