ഐപിഎൽ 2.0 @ യുഎഇ; പൂരം കൊടിയേറാന്‍ ഇനി 13 നാള്‍
നാലുമാസത്തെ ഇടവേളയ്ക്കുശേഷം 19ന് ദുബൈ രാജ്യാന്തര ക്രിക്കറ്റ് മൈതാനത്ത് ഐപിഎല്‍ 14-ാം സീസൺ പുനരാരംഭിക്കുകയാണ്. ആവേശപ്പൂരത്തിന് തിരികൊളുത്തി ആദ്യ മത്സരത്തില്‍ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും
യുഎഇയിൽ ഐഎപിഎൽ ആവേശപ്പൂരം കൊടിയേറാൻ ഇനി നാളുകൾ മാത്രം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച 14-ാം സീസൺ നാലുമാസത്തെ ഇടവേളയ്ക്കുശേഷം 19ന് ദുബൈ രാജ്യാന്തര ക്രിക്കറ്റ് മൈതാനത്ത് പുനരാരംഭിക്കുകയാണ്; അതും ഐപിഎല്ലിലെ എൽക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പർ കിങ്‌സ്-മുംബൈ ഇന്ത്യൻസ് സൂപ്പർ പോരാട്ടത്തിലൂടെ.
മഹാമാരിക്കിടയിലെ കായികമാമാങ്കം
രാജ്യത്ത് കോവിഡ് ഭീതി തലക്കുമുകളിൽ തൂങ്ങിയാടുമ്പോഴായിരുന്നു അതീവ സുരക്ഷാ നടപടിക്രമങ്ങളെല്ലാമൊരുക്കി ഏപ്രിൽ ഒൻപതിന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പിന് തുടക്കമാകുന്നത്. ഓക്‌സിജനും വാക്‌സിനുമില്ലാതെ ജനങ്ങൾ തെരുവിൽ മരിച്ചുവീഴുമ്പോൾ അങ്ങ് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിൽ കോടികൾ പൊടിപൊടിച്ചുകൊണ്ടുള്ള കായികമാമാങ്കത്തിന് ആഘോഷാരവങ്ങളോടെ തുടക്കമായി.
ആരോഗ്യപ്രവർത്തകരും സാമൂഹികരംഗത്തെ പ്രമുഖരുമെല്ലാം വിമർശനങ്ങളും മുന്നറിയിപ്പുകളുമായി രംഗത്തെത്തി. എന്നാൽ, മഹാമാരിക്കാലത്ത് വീടുകളിലേക്ക് ഒതുങ്ങാൻ വിധിക്കപ്പെട്ട ജനങ്ങൾക്ക് അൽപനേരത്തേക്കെങ്കിലുമുള്ള ആശ്വാസമാകാൻ ഐപിഎല്ലിനാകുമെന്നായിരുന്നു സംഘാടകരുടെ ന്യായീകരണം. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളും ഇതേ ന്യായത്തെ പിന്തുണച്ചു. കോവിഡ് പ്രതിരോധത്തിൽ സർക്കാരിനു സംഭവിക്കുന്ന വീഴ്ചകൾ മറയ്ക്കാൻ, ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള ചെപ്പടിവിദ്യയായി എതിരാളികളും ഇതിനെ വിലയിരുത്തി.
കർശന നടപടിക്രമങ്ങളും മുൻകരുതലുകളും ബയോബബിൾ എന്ന അതീവസുരക്ഷാ കവചവുമൊരുക്കി നടന്ന ഐപിഎല്ലിനകത്തേക്കും കോവിഡ് ആദ്യം വിവാദമായും ഒടുവിൽ യാഥാർത്ഥ്യമായും ഇരച്ചെത്തി. വൈറസ് കാലത്ത് കുടുംബത്തോടൊപ്പം കഴിയാമെന്ന തീരുമാനമെടുത്ത് ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്രൻ അശ്വിനാണ് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ലോകോത്തര അംപയർമാരായ നിതിൻ മേനനും പോൾ റൈഫിലും നാട്ടിലേക്കു മടങ്ങി. പിന്നീട് അതൊരു ഘോഷയാത്രയായി. വിദേശ താരങ്ങളായ കെയിൻ റിച്ചാർഡ്‌സൻ, ആൻഡ്ര്യു ടൈ, ആദം സാംപ, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, ജോഷ് ഫിലിപ്പ്, ലിയാം ലിവിങ്സ്റ്റൺ എന്നിവരെല്ലാം ടൂര്‍ണമെന്‍റില്‍നിന്ന് പിന്മാറി.
അപ്പോഴും ഐപിഎൽ സംഘാടക സമിതിക്കോ ബിസിസിഐക്കോ ഒരു കുലുക്കവുമുണ്ടായിരുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ഭരിക്കുന്ന ബിസിസിഐയുടെ 'ആഭ്യന്തര' കാര്യത്തിൽ ഭരണകൂടങ്ങൾ ഇടപെട്ടതുമില്ല. പോകേണ്ടവർക്കു പോകാം, കളി മുടക്കമില്ലാതെ തുടരുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
എന്നാൽ, സംഘാടകരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കോവിഡ് ഒരു യാഥാർത്ഥ്യമായി അതീവസുരക്ഷാ കവചങ്ങളും ഭേദിച്ച് ഐപിഎല്ലിനും അകത്തെത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കോവിഡ് സ്ഥിരീകരിച്ചായിരുന്നു തുടക്കം. അതോടെ മെയ് മൂന്നിന് നടക്കേണ്ടിയിരുന്ന കൊൽക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചു. ഇതേദിവസം തന്നെ ബൗളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജി അടക്കം സിഎസ്‌കെ സംഘത്തിലും മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ ഡൽഹി ടീം മൊത്തത്തിൽ ക്വാറന്റൈനിലേക്ക് മാറി. മുംബൈ, ഹൈദരാബാദ് ടീമുകൾ തങ്ങളുടെ പരിശീലനങ്ങൾ ഉപേക്ഷിച്ചു.
ഐപിഎല്ലിനകത്ത് ഭീതി അരിച്ചുകയറുമ്പോഴും കളി ഉപേക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നില്ല ബിസിസിഐയുടെ ചിന്ത. ബാക്കി മത്സരങ്ങളെല്ലാം മുംബൈയിൽ നടത്തുന്നതിന്റെ സാധ്യതകൾ ആരായുകയായിരുന്നു ബിസിസിഐ വൃത്തങ്ങള്‍. ഇതിനിടെ ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹയ്ക്കും ഡൽഹിയുടെ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ മത്സരങ്ങൾ മാറ്റിവയ്ക്കാൻ നിർബന്ധിതരായി. ഒടുവിൽ, മർക്കടമുഷ്ടി ഉപേക്ഷിക്കാൻ ബിസിസിഐ നിർബന്ധിതരായി. മെയ് നാലിന് ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ഇതിനിടെ, സിഎസ്‌കെ ബാറ്റിങ് പരിശീലകൻ മൈക്കൽ ഹസ്സി, കൊൽക്കത്തയുടെ ടിം സീഫർട്ട്, പ്രസിദ് കൃഷ്ണ എന്നിവരെയെല്ലാം കോവിഡ് പിടികൂടിക്കഴിഞ്ഞിരുന്നു. കൂടുതൽ, ടീം ജീവനക്കാരും സംഘാടകരുമെല്ലാം വൈറസിന് കീഴടങ്ങി.
ആകെ 60 മത്സരങ്ങളിൽ 29 കളികൾ മാത്രമാണ് ഇന്ത്യയിൽ പൂർത്തീകരിച്ചത്. ബാക്കി മത്സരങ്ങൾ എവിടെ നടത്തണമെന്നതിനെക്കുറിച്ചായി പിന്നീട് ചർച്ച. വേദിയൊരുക്കാൻ സന്നദ്ധത അറിയിച്ച് കൂടുതൽ രാജ്യങ്ങളെത്തി. ശ്രീലങ്കയും ഇംഗ്ലീഷ് കൗണ്ടി ക്ലബുകളും ആതിഥേയരാകാന്‍ സന്നദ്ധത അറിയിച്ചു. കോവിഡ് ലോകം കീഴടക്കിയ ആദ്യവര്‍ഷം തന്നെ ഐപിഎല്ലിന്റെ പതിമൂന്നാം സീസൺ വിജയകരമായി സംഘടിപ്പിച്ച യുഎഇക്ക് ഒടുവിൽ നറുക്കുവീണു. ബാക്കി മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന് ജൂലൈ 25ന് ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് ആഴ്ചയകലെ ഐപിഎൽ പുനരാരംഭിക്കാനിരിക്കെ ടീമുകളെല്ലാം യുഎഇയിലെത്തി പരിശീലനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ഡൽഹിയുടെ കുതിപ്പ്; സിഎസ്‌കെയുടെ തിരിച്ചുവരവ്
കഴിഞ്ഞ സീസണിലെ റണ്ണർഅപ്പുകളായ ഡൽഹി ക്യാപിറ്റൽസിന്റെ യുവനിര തന്നെയാണ് ഇത്തവണയും ഐപിഎൽ വാഴുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഡൽഹിയുള്ളത്. ആകെ എട്ടു മത്സരങ്ങളിൽ ആറും ജയിച്ച ടീമിന് 12 പോയിന്റാണുള്ളത്. ഇടയ്ക്ക് പരിക്കേറ്റ് നായകൻ ശ്രേയസ് അയ്യറിന് പിന്മാറേണ്ടിവന്നെങ്കിലും ഋഷഭ് പന്ത് ആ ദൗത്യം വിജയകരമായി ഏറ്റെടുത്തു.
മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ ചെന്നൈയുടെ വിസ്മയകരമായ ഉയിർത്തെഴുന്നേൽപ്പ് കണ്ട സീസണായിരുന്നു ഇത്തവണത്തേത്. 13-ാം സീസണിലെ ഏറ്റവും മോശം പ്രകടനത്തിന്റെ നിഴലിൽനിന്നാണ് സിഎസ്‌കെ പുതിയ സീസണിനെത്തിയത്. എന്നാൽ, ചെന്നൈ തങ്ങളുടെ യഥാർത്ഥ കരുത്തും കുതിപ്പും പുറത്തെടുത്തു. ഏഴ് മത്സരങ്ങളിൽ അഞ്ചും ജയിച്ച് പത്ത് പോയിന്റുമായി പോയിന്‍റ് പട്ടികയില്‍ ഡൽഹിക്ക് തൊട്ടുപിറകിലുണ്ട് ചെന്നൈ. നെറ്റ് റൺറേറ്റിൽ മറ്റെല്ലാ ടീമുകളെയും ബഹുദൂരം പിന്നിലാക്കി ഏറെ മുന്നിലും കുതിക്കുന്നു.
വിരാട് കോഹ്ലിയുടെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും അപ്രതീക്ഷിതമായ പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്. പ്ലേഓഫിൽ ഉറപ്പായും ഇത്തവണ തങ്ങളുണ്ടെന്ന് വ്യക്തമാക്കിയാണ് ആർസിബിയുടെ മുന്നേറ്റം. ഏഴ് കളിയിൽ അഞ്ച് ജയവുമായി ചെന്നൈക്കു തുല്യമാണ് പോയിന്റെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായതുകാരണം പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ.
നിലവിലെ ചാംപ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിന് പതിവ് പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ടീമിന്റെ ഏറ്റവും കരുത്തുറ്റ ഭാഗമായ മധ്യനിര പതിവുഫോമിലെത്തിയിട്ടില്ലെന്നതു തന്നെയാണ് പ്രധാന കാരണം. അപ്പോഴും ഏഴ് മത്സരങ്ങളിൽനിന്ന് നാല് ജയവുമായി എട്ടു പോയിന്റുമായി നാലാം സ്ഥാനത്തുണ്ട് മുംബൈ.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പ്രമുഖരുടെ അഭാവത്തിൽ ശരിക്കും തപ്പിപ്പിടിക്കുകയായിരുന്നു ഇത്തവണ. ഏഴു മത്സരങ്ങളിൽനിന്ന് നാലിലും തോൽവി. മികച്ചൊരു സെഞ്ച്വറി പ്രകടനം കാഴ്ചവച്ചതൊഴിച്ചാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികളെ സഞ്ജു ഒരിക്കൽകൂടി നിരാശപ്പെടുത്തി. പോയിന്റ് പട്ടികയിൽ ആറു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് റോയൽസ്.
കെഎൽ രാഹുലിന്റെ പഞ്ചാബ് കിങ്‌സ് പുതിയ പേരുമായി വന്നിട്ടും പ്രകടനത്തിൽ ഒരു പുതുമയും കൊണ്ടുവന്നില്ല. എട്ടു മത്സരങ്ങൾ കളിച്ചതിൽ അഞ്ചിലും തോൽവിയായിരുന്നു. ആറുപോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ്.
ലോകോത്തര നായകന്മാര്‍ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദുമാണ് ഏറെ നിരാശപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ ഇടയ്ക്കുവച്ച് ദിനേശ് കാർത്തിക്കിനെ മാറ്റി പകരം നായകസ്ഥാനം ഏൽപിക്കപ്പെട്ടത് ഓയിൻ മോർഗനായിരുന്നു. ഇടയ്ക്കു ലഭിച്ച സ്ഥാനം വേണ്ടത്ര വിജയിപ്പിക്കാൻ താരത്തിനായിരുന്നില്ല. എന്നാൽ, ഇത്തവണ മുഴുസമയ നായകനായെത്തിയിട്ടും മോർഗന് കാര്യമായൊന്നും ചെയ്യാനായില്ല. ഏഴു മത്സരങ്ങളിൽ അഞ്ചിലും തോറ്റ് ഏഴാം സ്ഥാനത്താണ് കൊൽക്കത്ത; പോയിന്റ് നാലും. അതിലേറെ പരിതാപകരം കെയിൻ വില്യംസിന്റെ ഹൈദരാബാദിന്റെ സ്ഥിതിയാണ്. മോശം പ്രകടനത്തെ തുടര്‍ന്ന് സ്ഥിരം നായകന്‍ ഡെവിഡ് വാര്‍ണറെ മാറ്റി വില്യംസനെ ഏല്‍പിച്ചിട്ടും ഒരു മാറ്റവുമുണ്ടായില്ല. ഏഴ് കളിയിൽ ഒരൊറ്റ മത്സരം മാത്രമാണ് ടീമിന് ജയിക്കാനായത്. വെറും രണ്ടു പോയിന്റുമായി പട്ടികയിൽ ഏറ്റവും പിറകിലും.
റൺവേട്ടയും വിക്കറ്റ് കൊയ്ത്തും
ഡൽഹി ഓപണർ ശിഖർ ധവാനാണ് റൺവേട്ടക്കാരിൽ മുന്നിലുള്ളത്. എട്ടു മത്സരങ്ങളിൽനിന്നായി 54.28 ശരാശരിയോടെ താരം വാരിക്കൂട്ടിയത് 380 റൺസാണ്. ഇതിൽ മൂന്ന് അർധസെഞ്ച്വറിയും ഉൾപ്പെടും. 92 ആണ് ഉയർന്ന സ്‌കോർ. രണ്ടാം സ്ഥാനത്ത് പഞ്ചാബ് നായകൻ കെഎൽ രാഹുലാണുള്ളത്. 66.20 ശരാശരിയിൽ 331 റൺസുമായി കുതിക്കുകയാണ് രാഹുൽ. ചെന്നൈയുടെ ഫാഫ് ഡുപ്ലസി 64 ശരാശരിയിൽ 320 റൺസുമായി തൊട്ടുപിറകിലുമുണ്ട്.
ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേലാണ് ഇത്തവണ എല്ലാവരെയും ഞെട്ടിപ്പിച്ച താരം. വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള ഹർഷൽ വിരാട് കോഹ്ലിയുടെ വിശ്വസ്ത ആയുധമാണിപ്പോൾ. 15.11 ശരാശരിയിൽ 17 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഡൽഹിയുടെ ആവേശ് ഖാനും ഇത്തവണത്തെ ശ്രദ്ധേയതാരങ്ങളിലൊരാളാണ്. 16.50 ശരാശരിയിൽ 14 വിക്കറ്റാണ് ആവേശ് നേടിയത്. രാജസ്ഥാൻ കോടികൾ നൽകി വിലയ്ക്കുവാങ്ങിയ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് ടീമിന്റെ പ്രതീക്ഷ കാത്തു. 16 ശരാശരിയിൽ 14 വിക്കറ്റുമായി മോറിസ് ആവേശിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.
മറ്റു നേട്ടങ്ങൾ
സിക്‌സ് വേട്ടക്കാരിൽ മുന്നിലുള്ളത് പഞ്ചാബ് നായകൻ കെഎൽ രാഹുലാണ്; 16 സിക്‌സ്. ഹൈദരാബാദിന്റെ ജോണി ബെയർസ്‌റ്റോക്ക് 15 സിക്‌സുണ്ട്. കൂടുതൽ ഫോർ നേടിയത് ധവാനാണ്; 34. ധവാന്റെ ഓപണിങ് പങ്കാളി പൃഥ്വിഷാ(37) ആണ് രണ്ടാം സ്ഥാനത്തുള്ളത്.
കൂടുതൽ അർധശതകങ്ങളിലും മുന്നില്‍ രാഹുല്‍ തന്നെ. നാല് അര്‍ധശതകമാണ് താരം നേടിയത്. ഒപ്പം ഡുപ്ലസിയുമുണ്ട്. സെഞ്ച്വറി നേടിയത് മൂന്നുപേർ മാത്രം; ജോസ് ബട്‌ലറും സഞ്ജുവും ദേവ്ദത്ത് പടിക്കലും.
ഏറ്റവും കൂടുതൽ ഡോട്ട് ബൗൾ എറിഞ്ഞത് പഞ്ചാബിന്റെ കുന്തമുന മുഹമ്മദ് ഷമി(74). ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജ്(74), മുംബൈയുടെ ട്രെന്റ് ബോൾട്ട്(73), ഡൽഹിയുടെ ആവേശ് ഖാൻ(72) എന്നിവർ തൊട്ടുപിറകെയുമുണ്ട്. ഇക്കോണമി നിരക്കിൽ മുന്നിലുള്ളത് ചെന്നൈയുടെ ഇമ്രാൻ താഹിർ(നാല്). വേഗക്കാരിൽ മുന്നിൽ ഡൽഹിയുടെ കഗിസോ റബാഡയും(മണിക്കൂറിൽ 148.73 കി.മീറ്റർ). ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് ചെന്നൈയുടെ ലുങ്കി എംഗിഡി(വിക്കറ്റൊന്നും കൂടാതെ 62 റൺസ്).