'എജ്ജാതി എനർജി'; ക്യാപ്റ്റൻസി ഒഴിഞ്ഞിട്ടും ഗ്രൗണ്ടിൽ അഗ്രഷൻ വിടാതെ കോഹ്ലി

നായകൻ ബുംറയിലും യുവതാരങ്ങളിലും വലിയ വീറും വാശിയുമാണ് മത്സരത്തിലുടനീളം ഗ്രൗണ്ടിൽ കോഹ്ലി കാണിക്കുന്നത്

Update: 2022-07-05 04:09 GMT
Editor : Shaheer | By : Web Desk
Advertising

ബിർമിങ്ങാം: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ടീം സ്പിരിറ്റിനെക്കുറിച്ച് ആർക്കും സംശയമുണ്ടാകില്ല. നായകനായാലും അല്ലെങ്കിലും അതിൽ കോഹ്ലിക്ക് രണ്ട് മുഖമില്ല. ബാറ്റിങ്ങിൽ താളം കണ്ടെത്താൻ വിഷമിക്കുമ്പോഴും എഡ്ജ്ബാസ്റ്റണിൽ പഴയ വീറും വാശിയും ആക്രമണോത്സുകതയും ഒട്ടും ചോരാത്ത കോഹ്ലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് തലവേദനയായ ഇംഗ്ലീഷ് താരം ജോണി ബെയർസ്‌റ്റോയുമായുള്ള കോഹ്ലിയുടെ വാക്കേറ്റവും ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്.

378 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലീഷ് ഓപണർമാർ ഇന്ത്യൻ ബൗളർമാർക്ക് ഒരുതരത്തിലും പിടിതരാതെ കളിക്കുന്നതായിരുന്നു ഇന്നലെ കണ്ടത്. അലെക്‌സ് ലീസും സാക് ക്രൗളിയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ ശരിക്കും പരീക്ഷിച്ചു. തുടക്കം മുതൽ തന്നെ വിജയലക്ഷ്യം കണ്ട് ആക്രമിച്ചുകളിക്കുകയായിരുന്നു ലീസും ക്രൗളിയും. എന്നാൽ, ഓപണിങ് വിക്കറ്റ് കൂട്ടുകെട്ട് 100ലേക്ക് മുന്നേറുന്നതിനിടെയാണ് ക്രൗളിയെ ബ്ലൗൾഡാക്കി ബുംറ ഇന്ത്യയ്ക്ക് ബ്രേക്ത്രൂ നൽകിയത്. അധികം വൈകാതെ അർധശതകം പിന്നിട്ട അലെക്‌സ് ലീസിനെ റണ്ണൗട്ടിലൂടെ മടക്കിയയച്ചു.

ഈ സമയത്തായിരുന്നു പിച്ചിലൂടെ ഓടി കോഹ്ലിയുടെ ആഹ്ലാദപ്രകടനം. യുവതാരങ്ങളെക്കാളും വലിയ ആഹ്ലാദവും വീറുമായിരുന്നു ഗ്രൗണ്ടിൽ കോഹ്ലിക്ക്. എവിടുന്നാണ് കോഹ്ലി ഇത്തരത്തിൽ ഊർജം കണ്ടെത്തുന്നതെന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ വേറിട്ടുനിർത്തുന്നത് വിരാട് കോഹ്ലിയാണെന്ന് മറ്റൊരു ആരാധകൻ. ഗ്രൗണ്ടിൽ കോഹ്ലലിയുടെ വീറും വാശിയും കാണാതെ മത്സരം പൂർണമാകില്ലെന്നാണ് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചത്.

അതിനിടെ, ആദ്യ ഇന്നിങ്‌സിൽ ബെയര്‍‌സ്റ്റോയെ പ്രകോപിച്ചതിൽ കോഹ്ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ് രംഗത്തെത്തിയിരുന്നു. പുജാരയെപ്പോലെ പതിയെ കളിച്ചുകൊണ്ടിരുന്ന ബെയർസ്റ്റോയെ ഒറ്റയടിക്ക് കോഹ്‌ലി ഋഷബ് പന്തിനെ പോലെയാക്കിക്കളഞ്ഞുവെന്നായിരുന്നു വേവാഗിന്റെ പ്രതികരണം.

'കോഹ്ലിയുടെ സ്ലെഡ്ജിങ്ങിന് മുമ്പ് ബെയർസ്റ്റോയുടെ സ്ട്രൈക്ക് റൈറ്റ് വെറും 21 ആയിരുന്നു. സ്ലൈഡ്ജിങ്ങിന് ശേഷം അത് 150 ആയി. പുജാരയെ പോലെ പതിയെ കളിച്ചു കൊണ്ടിരുന്ന ബെയർസ്റ്റോയെ ഒറ്റയടിക്ക് ഋഷബ് പന്തിനെപ്പോലെയാക്കി കോഹ്ലി'- വേവാഗ് ട്വീറ്റ് ചെയ്തു.

എന്തിനാണ് എതിർടീമുകൾ എപ്പോഴും ജോണി ബെയര്‍‌സ്റ്റോയെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്ന് ന്യൂസിലൻഡ് താരം ജിമ്മി നീഷവും ട്വീറ്റ് ചെയ്തു. ''ദേഷ്യം വന്നാൽ ബെയര്‍‌സ്റ്റോ 10 മടങ്ങ് മെച്ചപ്പെടുകയാണു ചെയ്യുക. എന്നും രാവിലെ ബെയര്‍‌സ്റ്റോയ്ക്ക് ഒരു സമ്മാനപ്പൊതി നൽകി നോക്കൂ, ബാറ്റുചെയ്യുമ്പോൾ ബെയര്‍‌സ്റ്റോയുടെ കാർ ഏറ്റവും നന്നായി കഴുകിത്തരാം എന്നൊക്കെ പറഞ്ഞുനോക്കൂ. ബെയര്‍‌സ്റ്റോ സന്തോഷിച്ചു കാണാൻ എന്തു വേണമെങ്കിലും ചെയ്യാം എന്നു പറഞ്ഞുനോക്കൂ'' നീഷം ട്വീറ്റ് ചെയ്തു.

ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതാനുള്ള ഇന്ത്യൻ സ്വപ്നങ്ങൾക്കു മുന്നിൽ വിലങ്ങുതടിയായി ജോ റൂട്ട്-ജോണി ബെയർസ്റ്റോ കൂട്ടുകെട്ട് ഉറച്ചുനിൽക്കുകയാണ്. നാലാം ദിനം കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ഏഴ് വിക്കറ്റ് കൈശമുള്ള ഇംഗ്ലണ്ടിന് മത്സരം ജയിച്ച് പരമ്പരയിൽ സമനില പിടിക്കാൻ 119 റൺസ് മാത്രം മതി. ക്രീസിലുള്ള റൂട്ടും(76) ബെയര്‍‌സ്റ്റോയും(72) തന്നെയാണ് അവസാനദിനമായ ഇന്ന് ഇന്ത്യയ്ക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

Summary: Despite leaving the captaincy, Virat Kohli continues his aggression on the ground

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News