'വനിതാ ഐ.പി.എൽ' ലേലത്തില്‍ മിന്നിച്ച് വയനാട്ടുകാരിയും; 30 ലക്ഷം വാരി മിന്നു മണി
ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ചാംപ്യൻ സംഘത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി സി.എം.സി നജ്‌ലയെ ലേലത്തിൽ താരത്തെ ആരും വാങ്ങിയില്ല
മുംബൈ: പ്രഥമ വനിതാ ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ(ഡബ്ല്യു.പി.എൽ) താരലേലത്തിൽ ലക്ഷങ്ങൾ വാരി മലയാളിയും. വയനാട്ടിൽനിന്നുള്ള ആദിവാസി താരമായ മിന്നു മണിയാണ് ടി20 ക്രിക്കറ്റിൽ കേരളത്തിന്റെ അഭിമാനമുയർത്താൻ പോകുന്നത്. 30 ലക്ഷം രൂപയ്ക്കാണ് താരത്തെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
ഓഫ് സ്പിൻ ഓൾറൗണ്ടറാണ് 23കാരിയായ മിന്നു. പത്തു ലക്ഷം രൂപയായിരുന്നു താരലേലത്തിൽ അടിസ്ഥാനവില. താരത്തിനു വേണ്ടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും മത്സരിച്ചു വിളിച്ചു. എന്നാൽ, ഒടുവിൽ ഡൽഹി 30 ലക്ഷത്തിന് മിന്നുവിനെ റാഞ്ചുകയായിരുന്നു.
കേരളത്തിൽനിന്ന് ഇന്ത്യൻ വനിതാ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആദിവാസി പെൺകുട്ടിയാണ്. കേരളം അണ്ടർ 23 ചാംപ്യന്മാരായ ടൂർണമെന്റിൽ ടോപ്‌സ്‌കോററായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെ.സി.എ) ജൂനിയർ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയിട്ടുണ്ട് മിന്നു മണി. യൂത്ത് പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം, പ്രോമിസിങ് പ്ലെയർ പുരസ്‌കാരം തുടങ്ങിയവയും താരത്തെ തേടിയെത്തിയിട്ടുണ്ട്.
മാനന്തവാടി ഒണ്ടയങ്ങാടി മണി-വസന്ത ദമ്പതികളുടെ മകളാണ് മിന്നു മണി. പിതാവ് കൈപ്പാട്ട് മാവുംകണ്ട മണി കൂലിപ്പണിക്കാരനാണ്. സഹോദരി നിമിത. അനുമോൾ ബേബി, ഷാനവാസ് എന്നിവരായിരുന്നു ആദ്യ പരിശീലകർ.
മറ്റൊരു മലയാളി താരവും താരലേലത്തിലുണ്ടായിരുന്നു. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ചാംപ്യൻ സംഘത്തിലുണ്ടായിരുന്ന മലപ്പുറം തിരൂർ സ്വദേശി സി.എം.സി നജ്‌ലയായിരുന്നു അത്. എന്നാൽ, ലേലത്തിൽ താരത്തെ ആരും വാങ്ങിയില്ല.
Summary: WPL Auction 2023: Delhi Capitals buy Kerala All-rounder Tribal girl Minnu Mani for Rs 30 Lakh