'കാൻസറിനോട് പോരാടിയ എനിക്കറിയാം അതിന്‍റെ കടുപ്പം'; ഹീത്ത് സ്ട്രീക്കിന്റെ മരണത്തിൽ യുവരാജ് സിങ്
വൻകുടലിലും കരളിനും അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു ഹീത്ത് സ്ട്രീക്ക്
ന്യൂഡൽഹി: സിംബാബ്‌വേ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും നല്ല മനുഷ്യന്മാരിൽ ഒരാളാണ് ഹീത്ത് സ്ട്രീക്കെന്ന് യുവരാജ് അനുശോചനക്കുറിപ്പിൽ പറഞ്ഞു. മരണവാർത്ത വേദനിപ്പിക്കുന്നുവെന്നും യുവി പറഞ്ഞു.
''സിംബാബ്‌വേയുടെ ഇതിഹാസ താരം ഹീത്ത് സ്ട്രീക്കിന്റെ മരണവിവരം ശരിക്കും ദുഃഖിപ്പിക്കുന്നതാണ്. കാൻസറിനോട് പോരാടിയ ഒരാളെന്ന നിലയിൽ അതിന്റെ കടുപ്പം എനിക്കറിയാം. ഞാൻ എന്റെ (ജീവിത)യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഏറ്റവും നല്ല മനുഷ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം; കരുത്തനായ മനുഷ്യനും. അദ്ദേഹത്തിന്റെ കുടുംബത്തിനും സ്‌നേഹജനങ്ങൾക്കും കരുത്ത് ലഭിക്കാൻ പ്രാർത്ഥിക്കുന്നു''-യുവരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ന് ഉച്ചയോടെയാണ് സ്ട്രീക്കിന്റെ മരണം. വൻകുടലിലും കരളിനും അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യ നാദിൻ സ്ട്രീക്കാണ് മരണവിവരം പുറത്തുവിട്ടത്.
1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക് 2005ലാണ് വിരമിച്ചത്. രാജ്യത്തിനായി 65 ടെസ്റ്റിലും 189 ഏകദിനങ്ങൽലും ജഴ്സിയണിഞ്ഞു. 4,933 റൺസും 455 വിക്കറ്റും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്വേക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ്.
വിരമിച്ച ശേഷം പരിശീലകനായും സജീവമായിരുന്നു സ്ട്രീക്ക്. 2009-13 വർഷങ്ങളിൽ സിംബാബ്വേയുടെ ബൗളിങ് കോച്ചായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.
Summary: ''Having fought my own battle with cancer, I know the strength it takes'': Yuvraj Singh condoles in the death of the Zimbabwe’s legendary cricketer Heath Streak