കുടുംബത്തിന് വിഷം നൽകി ആത്മഹത്യ: അധ്യാപകനും മകളും മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

സർക്കാർ സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ഫരീദ്, പ്ലസ്ടു വിദ്യാർഥിനിയായ മകൾ ജുഗിന്നാസ് എന്നിവരാണ് മരിച്ചത്

Update: 2022-07-21 06:58 GMT
Editor : André | By : Web Desk
Advertising

കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ കുടുംബത്തിന് വിഷം നൽകി അധ്യാപകൻ ആത്മഹത്യ ചെയ്തു. കരൂരിലെ സർക്കാർ എയ്ഡഡ് സ്‌കൂളിൽ അധ്യാപകനായ മുഹമ്മദ് ഫരീദ് (49) ആണ് ജീവനൊടുക്കിയത്. ഇയാൾ വിഷം കഴിപ്പിച്ച മകൾ മകൾ ജുഗിന്നാജ് (16) ചികിത്സ കിട്ടാതെ മരിച്ചു. ഭാര്യ നസ്രീൻ ബാനു (39) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം കഴിക്കാത്തതിനെ തുടർന്ന് മകൻ തൻവീർ (9) രക്ഷപ്പെട്ടു.

കരൂർ ഗാന്ധിഗ്രാം ഈസ്റ്റ് ട്രാൻസ്‌പോർട്ട് നഗറിൽ വീട് വെക്കുന്നതിനായി മുഹമ്മദ് ഫരീദ് വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ കഴിയാതിരിക്കുകയും ബാങ്കിൽ നിന്ന് നോട്ടീസ് വരികയും ചെയ്തതിനെ തുടർന്ന് ദീർഘനാളായി ഇയാൾ മാനസിക സമ്മർദത്തിലായിരുന്നു. ഇതാണ് കുടുംബത്തെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ഇയാളെ പ്രേരിപ്പിച്ചത് എന്നാണ് നിഗമനം.

ബുധനാഴ്ച രാത്രി മുഹമ്മദ് ഫരീദ് ഭാര്യയ്ക്കും പ്ലസ്ടുവിന് പഠിക്കുന്ന മകൾ ജുഗിന്നാജിനും നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് തൻവീറിനും അവരറിയാതെ വെള്ളത്തിൽ വിഷം കലർത്തി നൽകുകയും പിന്നീട് സ്വയം വിഷം കഴിക്കുകയുമായിരുന്നു. വിഷം അകത്തുചെന്ന ജുഗിന്നാജ് അധികം വൈകാതെ മരണപ്പെട്ടു. ഭയചകിതനായ മുഹമ്മദ് ഫരീദ് വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ബന്ധുക്കൾ ഇയാളെയും നസ്രീൻ ബാനുവിനെയും ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ ഫരീദ് മരിച്ചു.

ആദ്യം കരൂരിലെയും പിന്നീട് കോയമ്പത്തൂരിലും സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയ നസ്രീൻ ബാനു നിലവിൽ കരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിഷം കലർത്തിയ വെള്ളം കുടിക്കാത്തതിനാൽ ഒൻപത് വയസ്സുകാരനായ മുഹമ്മദ് തൻവീർ ജീവാപായമില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ താന്തോണിമല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതം അവസാനിപ്പിക്കാനുള്ള തോന്നലുണ്ടാവുകയാണെങ്കിൽ ഒട്ടും വൈകാതെ ആത്മഹത്യാ പ്രതിരോധ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. തണൽ കോഴിക്കോട് (+91 0495 2760000), മൈത്രി കൊച്ചി (+91 484 2540530), പ്രതീക്ഷ പറവൂർ (+91 0484 2448830), പ്രത്യാശ ഇരിഞ്ഞാലക്കുട (+91 0484 2448830), സഞ്ജീവനി തിരുവനന്തപുരം (+91 0484 2448830) എന്നിവയിലോ 'ദിശ' ഹെൽപ്പ്‌ലൈൻ നമ്പറായ 1056-ലോ ബന്ധപ്പെടുക. നിങ്ങളുടെ ജീവൻ നിങ്ങൾക്കും മറ്റുള്ളവർക്കും വിലപ്പെട്ടതാണ്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News