ആർക്കിടെക്‌ചർ,മെഡിക്കൽ കോഴ്സുകളിൽ അപേക്ഷിക്കാൻ വീണ്ടും അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് അനുബന്ധ കോഴ്സുകൾ കൂട്ടിചേർക്കാനും അവസരം

Update: 2024-06-13 14:11 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് ഈ അധ്യയന വർഷം പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

ആർക്കിടെക്‌ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കാണ് പുതുതായി അപേക്ഷിക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. കീം 2024 മുഖേന എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് അനുബന്ധ കോഴ്സുകൾ അപേക്ഷയിൽ കൂട്ടിചേർക്കാനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.

കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ നടത്തിയ NATA പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്‌ചർ (ബി.ആർക്ക്) കോഴ്സിനും, നീറ്റ് യു.ജി പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സിനും അപേക്ഷിക്കാവുന്നതാണ്. ഇതിനായി ജൂൺ 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും.

നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ അപേക്ഷകളിൽ മതിയായ രേഖകൾ കൂട്ടിച്ചേർക്കുന്നതിന് പിന്നീട് അവസരം നൽകും. വിശദവിവരങ്ങൾക്ക് പ്രവേശന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈനായ 0471- 2525300 എന്ന നമ്പറിൽ ബന്ധപ്പെടാം - മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News