ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷൻസ് ഉടമ ശുഹൈബിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
എസ്ബിഐ ,കനറാ ബാങ്ക് എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമ ശുഹൈബിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എസ്ബിഐ ,കനറാ ബാങ്ക് എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ശുഹൈബിന്‍റെ ബന്ധു വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ ഇട്ടതും ശുഹൈബിനെ അടക്കം പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസ് തന്നെയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. താൻ ചോദ്യപേപ്പറിനെക്കുറിച്ച് പ്രവചനമാണ് നടത്തിയതെന്ന് ശുഹൈബ് പറഞ്ഞതിന് എതിരായിരുന്നു ഇത്.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ചോദ്യം ചെയ്തതിന് പിന്നാലെ സൈബർ വിദഗ്ധരെയടക്കം ഉൾപ്പെടുത്തി ശാസ്ത്രപരിശോധനയും ക്രൈംബ്രാഞ്ച് നടത്തിയിരുന്നു, ഇതിലാണ് എംഎസ് സൊല്യൂഷനെതിരെ കണ്ടെത്തൽ നടത്തിയത്. എംഎസ് സൊല്യൂഷൻസിനെ കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ചോർത്തലിൽ പങ്കുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.