തൃശൂർ ജില്ലയിൽ എ ക്ലാസ് മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാകാതെ ബി.ജെ.പി
ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാളും മൂപ്പത്തി ഏഴായിരത്തി അറുനൂറ്റി ഇരുപത്തിനാല് വോട്ടാണ് എൻ.ഡി. എക്ക് കുറഞ്ഞത്
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ എ ക്ലാസ് മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാകാതെ ബി.ജെ.പി. ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാളും മൂപ്പത്തി ഏഴായിരത്തി അറുനൂറ്റി ഇരുപത്തിനാല് വോട്ടാണ് എൻ.ഡി. എക്ക് കുറഞ്ഞത്.
മൂന്ന് എ ക്ലാസ്സ് മണ്ഡലങ്ങളാണ് ബി.ജെ.പിക്ക് ജില്ലയിൽ. അതിൽ അക്കൗണ്ട് തുറക്കാമെന്ന് പ്രതീക്ഷിച്ച തൃശൂരിൽ മാത്രമാണ് ഭേദപ്പെട്ട നേട്ടമുണ്ടാക്കാനായത്. 15739 വോട്ട് കൂടി. അത് പക്ഷേ ബിജെപിയുടെ വോട്ട് എന്നതിനപ്പുറം ഒരു താരപരിവേഷമുള്ള സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടാണെന്ന് വേണം വിലയിരുത്താൻ. മറ്റൊരു എ ക്ലാസ് മണ്ഡലമായ പാർട്ടി ജനറൽസെക്രട്ടറി എ എൻ രാധാകൃഷ്ണൻ മത്സരിച്ച മണലൂരിൽ 1114ന്‍റെ കുറവുണ്ടായി. ഈ മണ്ഡലത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്നായിരുന്നു അവകാശവാദം. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് മത്സരിച്ച മറ്റൊരു എ ക്ലാസ്സ് മണ്ഡലമായ പുതുക്കാട് 940 വോട്ട് കുറഞ്ഞു. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളിയ ഗുരുവായൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 6294 വോട്ട് മാത്രം. കഴിഞ്ഞ ഞ്ഞെടുപ്പിലെ കണക്ക് മാത്രം നോക്കായാൽ 19196 വോട്ടിന്‍റെ കുറവ് . കുന്നംകുളത്ത് ജില്ലാ സെക്രട്ടറി കെ.കെ അനീഷ് കുമാറിന് കഴിഞ്ഞ തവണ ലഭിച്ചതിലും 1492 വോട്ട് കുറഞ്ഞു. ബിഡിജെഎസ് മത്സരിച്ച കൈപ്പമംഗലത്തും വോട്ട് കുത്തനെ കുറഞ്ഞു. 20975 വോട്ടിന്‍റെ കുറവാണ് എൻഡിഎക്കുണ്ടായത്. വടക്കാഞ്ചേരിയിൽ 4905 വോട്ടും കൊടുങ്ങല്ലൂരിൽ 4589 വോട്ടും ചാലക്കുടിയിൽ 8928 കുറഞ്ഞു.
മുൻ ഡിജിപി ജേക്കബ് തോമസ് മത്സരിച്ച ഇരിങ്ങാലക്കുടയിൽ 3909 വോട്ട് കൂടുതലായി ലഭിച്ചു. ബി.ഡി.ജെ.എസ് മാറി ബി.ജെ.പി മത്സരിച്ച ഒല്ലൂരിൽ 4601 വോട്ടും കൂടി. ബി. ഗോപാലകൃഷ്ണനായിരുന്നു സ്ഥാനാർത്ഥി. ബി. ജെ.പിയുടെ വോട്ടിലെ ചോർച്ചയും അതെവിടേക്ക് മാറി കുത്തി എന്നതും സജീവ ചർച്ചയാവുകയാണ് തൃശൂരിലും