മത്സരിച്ച മുന്‍ പ്രവാസികളില്‍ പാറക്കൽ അബ്ദുല്ലയടക്കം 5 പേരും തോറ്റു
പ്രവാസലോകത്തെ പ്രവർത്തനപരിചയവുമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയവർക്ക് പരാജയം.
പ്രവാസലോകത്തെ പ്രവർത്തനപരിചയവുമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയവർക്ക് പരാജയം. പ്രധാനമായും അഞ്ച് പ്രവാസി സ്ഥാനാർഥികളായിരുന്നു ഇക്കുറി രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ എം.എൽ.എ ആയ കുറ്റ്യാടിയിലെ പാറക്കൽ അബ്ദുല്ല ഉൾപ്പെടെ എല്ലാവരും പരാജയപ്പെട്ടു.
കൂത്തുപറമ്പിന്‍റെ ചരിത്രം തിരുത്താനിറങ്ങിയ പൊട്ടങ്കണ്ടി അബ്ദുല്ല, ഖത്തറിലെ പ്രവാസി പാറക്കൽ അബ്ദുല്ല, ഷാർജ ഇന്ത്യൻ അസോസിയേഷൻറെ ഭാരവാഹിയായിരുന്ന എം.എ. ലത്തീഫ്, മുൻ മാധ്യമപ്രവർത്തകനും ലുലു ജീവനക്കാരനുമായിരുന്ന ശോഭാ സുബിൻ, ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ എന്നിവരാണ് മുൻ പ്രവാസികളുടെ മേൽവിലാസത്തിൽ തെരഞ്ഞെടുപ്പിനിറങ്ങിയത്. എല്ലാവരും തോറ്റു.
കൂത്തുപറമ്പ് മണ്ഡലം പിടിച്ചെടുക്കാനാണ് പൊട്ടങ്കണ്ടി അബ്ദുല്ലയെ നിയോഗിച്ചത്. 9541 വോട്ടിനാണ് തോൽവിയടഞ്ഞത്. അൽ മദീന ഗ്രൂപ്പ് ചെയർമാനായ അബ്ദുല്ല 45 വർഷമായി പ്രവാസ ലോകത്ത് സജീവമാണ്. കുറ്റ്യാടിയിൽ 333 വോട്ടിനാണ് സി.പി.എമ്മിന്‍റെ കെ.പി. കുഞ്ഞമ്മദ് കുട്ടിയോട് പാറക്കൽ അബ്ദുല്ല പരാജയം നേരിട്ടത്. കോൺഗ്രസിന്‍റെ ബാനറിൽ ഉദുമയിൽ പോരിനിറങ്ങിയ ബാലകൃഷ്ണൻ പെരിയ 13,332 വോട്ടിനാണ് സി.എച്ച്. കുഞ്ഞമ്പുവിനോട് തോറ്റത്.
കാസർകോട്ടാണ് എം.എ. ലത്തീഫ് മാറ്റുരച്ചത്. മുസ്ലീം ലീഗിന്‍റെ എൻ.എ. നെല്ലിക്കുന്നിനോട് 13,087 വോട്ടിനാണ് ലത്തീഫ് തോറ്റത്. മണ്ഡലത്തിൽ ലത്തീഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജോയിൻറ് ട്രഷററും യു.എ.ഇ ഐ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
ലുലു ഗ്രൂപ്പിലെ മുൻ ജീവനക്കാരനായ ശോഭ സുബിൻ കയ്പമംഗലത്താണ് പരീക്ഷണത്തിനിറങ്ങിയത്. സി.പി.ഐയിലെ ഇ.ടി. ടൈസണോട് 22,698 വോട്ടിനാണ് പരാജയപ്പെട്ടത്.