'വീട്ടിലേക്ക് മടങ്ങാന്‍ സമയമായി'; 37-ാം വയസില്‍ അഭിനയം നിര്‍ത്തുവെന്ന് പ്രഖ്യാപിച്ച് 'ട്വല്‍ത് ഫെയില്‍' നായകന്‍
'കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു'
മുബൈ: കരിയറില്‍ കത്തിക്കയറി നില്‍ക്കുമ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. ട്വല്‍ത് ഫെയില്‍, സെക്ടര്‍ 36 തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സബര്‍മതി റിപ്പോര്‍ട് എന്ന ചിത്രത്തിലാണ് വിക്രാന്ത് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അടുത്തിടെ നടന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡ് നല്‍കി താരത്തെ ആദരിച്ചിരുന്നു.
‘‘കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് പോകുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. അതിനാൽ, 2025-ൽ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന 2 സിനിമകളും ഒരുപാട് വർഷത്തെ ഓർമകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു.’’ വിക്രാന്ത് മാസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
നിരവധി ആരാധകരാണ് അദ്ദേഹത്തിന്‍റെ തീരുമാനത്തില്‍ ദുഃഖവും ഞെട്ടലും പ്രകടിപ്പിച്ചത്. ''നിങ്ങളെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന നടനില്ലെന്നും ഇനിയും നല്ല സിനിമകള്‍ വേണമെന്നും'' ഒരു ആരാധകന്‍ കുറിച്ചു. നടി ഇഷ ഗുപ്ത വിക്രാന്തിന് പിന്തുണ അറിയിച്ചു.
മുംബൈ സ്വദേശിയായ വിക്രാന്ത് 2007ല്‍ പുറത്തിറങ്ങിയ 'ധൂം മച്ചാവോ ധൂം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ടിവി സീരിയലുകളില്‍ വേഷമിട്ടു. 2017ല്‍ പുറത്തിറങ്ങിയ 'എ ഡെത്ത് ഇൻ ദ ഗഞ്ച്' എന്ന ചിത്രത്തില്‍ പ്രധാനവേഷം ചെയ്തു. ഇത് അദ്ദേഹത്തിന്‍റെ കരിയറില്‍ വഴിത്തിരിവായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ട്വല്‍ത് ഫെയില്‍' ആയിരുന്നു മാസിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. ബോളിവുഡിലെ ആ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായിരുന്നു ട്വൽത് ഫെയില്‍.വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രം യഥാര്‍ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ട് പിന്നീട് ഐപിഎസ് കരസ്ഥമാക്കിയ മനോജ് കുമാര്‍ ശര്‍മയുടെ ജീവിതമാണ് ചിത്രത്തിന് ആധാരമായത്.
ഫിർ ആയ് ഹസീൻ ദിൽറുബ, ദി സബർമതി റിപ്പോർട്ട് എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍. 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഏക്താ കപൂര്‍ നിര്‍മിക്കുന്ന 'സബര്‍മതി റിപ്പോര്‍ട്ടിന്‍റെ' പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വിക്രാന്ത് ഈയിടെ വ്യക്തമാക്കിയിരുന്നു. '' എനിക്കെതിരെ വധഭീഷണി വരുന്നുണ്ട്. അതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നേയില്ല. ഞങ്ങളുടെ ടീം ഒരുമിച്ചാണ് ഇതിനെ കൈകാര്യം ചെയ്യുന്നത്'' ട്രയിലര്‍ ലോഞ്ചിനിടെ വിക്രാന്ത് മാസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. " ഞങ്ങൾ കലാകാരന്മാരാണ്, ഞങ്ങൾ കഥകൾ പറയുന്നു. ഈ സിനിമ തികച്ചും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രം കാണാതെ അതിനെക്കുറിച്ച് സംസാരിക്കുന്നത് തെറ്റിദ്ധാരണ പരത്തും'' എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്രാന്ത് എത്തുന്നത്. ധീരജ് സർണ സംവിധാനം ചെയ്യുന്ന സിനിമയില്‍റിധി ദോഗ്ര, റാഷി ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.