ആപ്പ് വഴി നീലച്ചിത്ര വിതരണം, അവസരം തേടിയെത്തുന്നവരെ കുടുക്കും... രാജ് കുന്ദ്രയ്ക്ക് കുരുക്ക് മുറുകുന്നോ?
മുംബൈയിൽ കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള 15ഓളം സ്ഥലങ്ങളിൽ ഇന്ന് ഇഡി റെയ്ഡ് നടത്തിയതായാണ് വിവരം
മുംബൈ: അശ്ലീല വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ വീണ്ടും സമീപിച്ചിരിക്കുകയാണ് ഇഡി. മുംബൈയിൽ കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള 15ഓളം സ്ഥലങ്ങളിൽ ഇന്ന് ഇഡി റെയ്ഡ് നടത്തിയതായാണ് വിവരം. ഒരിടവേളയ്ക്ക് ശേഷം ഇഡി അന്വേഷണം രാജ് കുന്ദ്രയുടെ വാതിലിൽ മുട്ടുമ്പോൾ, വീണ്ടും വാർത്തകളിൽ നിറയുകയാണ് ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പും ആംസ്‌പ്രൈം എന്ന പ്രൊഡക്ഷൻ കമ്പനിയും.
അശ്ലീലചിത്രം നിർമിച്ച് പരസ്യപ്പെടുത്തിയ കേസിൽ 2021 ജൂലൈയിലാണ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം ശേഷം വിട്ടയച്ചെങ്കിലും 2022ൽ നീലച്ചിത്ര നിർമാണവും വിതരണവുമായി ബന്ധപ്പെട്ട് ഇഡി കുന്ദ്രയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അന്ന് ഇഡി നടത്തിയ അന്വേഷണത്തിൽ ആംസ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന പ്രൊഡക്ഷൻ കമ്പനിയെ കുറിച്ചും ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പിനെ കുറിച്ചും നിർണായക വിവരങ്ങളാണ് പുറംലോകത്തെത്തിയത്. 2019ൽ തുടക്കം കുറിച്ച ഈ കമ്പനി വഴി, ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പിലൂടെ രാജ് കുന്ദ്ര അശ്ലീലചിത്രം നിർമിച്ച് വിതരണം ചെയ്‌തെന്നാണ് ഇഡി കണ്ടെത്തിയത്.
സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിലായിരുന്നു ആപ്പിന്റെ പ്രവർത്തനം. ആപ്പിളിലും ഗൂഗിളിലും ഉൾപ്പടെ ലഭ്യമായിരുന്ന ഈ ആപ്പ് പിന്നീട് യുകെ ആസ്ഥാനമായുള്ള കെൻറിൻ എന്ന കമ്പനിക്ക് വിറ്റു.. എന്നാൽ ഈ കമ്പനിയുടെ സിഇഒ കുന്ദ്രയുടെ സഹോദരീ ഭർത്താവ് പ്രദീപ് ബക്ഷി ആയതിനാൽ തന്നെ കേസിൽ കുന്ദ്രയുടെ പങ്ക് ശക്തിപ്പെടുകയാണുണ്ടായത്.
അന്വേഷണത്തിൽ കണ്ടെത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും ഇക്കാര്യം ശരിവയ്ക്കുന്നതായിരുന്നു. കെൻറിനുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ ചാറ്റിൽ നിന്ന് ഇഡി കണ്ടെത്തി. 119 അശ്ലീലചിത്രങ്ങൾ 1.2 മില്യൺ യുഎസ് ഡോളറിന് വിൽക്കാൻ ശ്രമിച്ചതിന്റെ നിർണായക രേഖകളായിരുന്നു സുപ്രധാന കണ്ടെത്തൽ.ആപ്പിന്റെ ഉടമസ്ഥാവകാശം കൈമാറിയത്, ഈ കള്ളപ്പണത്തിന്റെ ഉറവിടം മറയ്ക്കാനായിരുന്നുവെന്ന് ഇഡി വിലയിരുത്തുന്നു.
ഇന്ത്യയിലെ ചില ഷെൽ കമ്പനികളുമായും കമ്പനിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് വിവരം. വിദേശത്ത് നിന്ന് ആപ്പിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് വഴി അന്വേഷണം വഴിതിരിച്ചു വിടുകയാണ് കുന്ദ്രയുടെ ലക്ഷ്യമെന്ന് ഇഡി പറയുന്നു. സിനിമയിലെത്താൻ അവസരം തേടി നടക്കുന്ന യുവതീയുവാക്കളെയാണ് 'ഹോട്ട്‌സ്‌ഷോട്ട്‌സ്' ആപ്പ് ഏറെ ആകർഷിച്ചിരുന്നത്. വെബ് സീരിസ് ഓഡീഷൻ എന്ന വ്യാജേന നഗ്നത പ്രദർശിപ്പിക്കാൻ ഇവരിൽ സമ്മർദം ചെലുത്തിയിരുന്നു എന്നതടക്കം റിപ്പോർട്ടുകളുണ്ട്. രാജ് കുന്ദ്രയെ കൂടാതെ അഭിനേതാക്കളായ പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര, ഉമേഷ് കാമത്ത് എന്നിവരും കേസിൽ ആരോപണ വിധേയരാണ്.
കേസിൽ സാന്നിധ്യം തെളിയിക്കുന്ന ചാറ്റുകളടക്കം പിടിക്കപ്പെട്ടെങ്കിലും, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളും കുറ്റങ്ങളുമെല്ലാം നിഷേധിക്കുന്ന സമീപനമാണ് രാജ് കുന്ദ്ര തുടക്കം മുതലേ കാഴ്ച വച്ചത്. നിയമപരമായി തന്നെ, ആരും ചിത്രീകരിക്കാൻ മുതിരാത്ത ബോൾഡ് കണ്ടന്റുകളാണ് താൻ ചിത്രീകരിച്ചതെന്നാണ് കുന്ദ്രയുടെ വാദം. കേസിൽ തന്റെ ബന്ധം തെളിയിക്കാൻ മറുഭാഗം പരാജയപ്പെട്ടുവെന്നും ഒരു തെളിവും തനിക്കെതിരെ ഇല്ലെന്നുമായിരുന്നു കോടതിയിൽ കുന്ദ്രയുടെ അഭിഭാഷകൻ ആവർത്തിച്ചത്.
കുന്ദ്രയെ ന്യായീകരിച്ച് ശിൽപ ഷെട്ടിയും പല തവണ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.ഈ വർഷമാദ്യം ദമ്പതികളുടെ 98 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ബിറ്റ്‌കോയിൻ തട്ടിപ്പ് ഉൾപ്പടെ ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി.