കന്നഡ നടി ശോഭിത ശിവണ്ണ വീട്ടിൽ മരിച്ച നിലയിൽ

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Update: 2024-12-02 04:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ അപ്പാർട്ടുമെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എറഡോണ്ട്ല മൂരു, എടിഎം: അറ്റംപ്റ്റ് ടു മർഡർ, വന്ദന തുടങ്ങിയ കന്നഡ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് ശോഭിത. ഗാലിപാത, മംഗള ഗൗരി തുടങ്ങിയ ടിവി സീരിയലുകളിലും അവർ സ്ഥിരസാന്നിധ്യമായിരുന്നു.

1992 സെപ്തംബർ 23ന് ബെംഗളൂരുവിൽ ജനിച്ച ശോഭിതയ്ക്ക് ചെറുപ്പം മുതലേ കലയിലും അഭിനയത്തിലും താല്‍പര്യമുണ്ടായിരുന്നു. ബാൾഡ്വിൻ ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (NIFT) നിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടി.2015-ൽ പുറത്തിറങ്ങിയ രംഗിതരംഗ ​​എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ശോഭിതയുടെ കരിയറിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. യു-ടേൺ, കെജിഎഫ്: ചാപ്റ്റർ 1, കെജിഎഫ്: ചാപ്റ്റർ 2 എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന താരം സിനിമാവിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ആരാധകരോട് പങ്കുവച്ചിരുന്നു. നടിയുടെ അപ്രതീക്ഷിത വിയോഗം കന്നഡ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News