വിവാദങ്ങള്‍ തെരഞ്ഞെടുപ്പോടെ അവസാനിച്ചെന്ന് ഇന്നസെന്റ്; സലിംകുമാര്‍ രാജിവെച്ചിട്ടില്ല
സംഘടന സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ആദായ, സേവന നികുതികള്‍ ചുമത്തിയ നടപടി യോഗം ചര്‍ച്ച ചെയ്തു
തെരഞ്ഞെടുപ്പോടെ വിവാദങ്ങള്‍ അവസാനിച്ചെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്‍റ്. താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിന്നു ജഗദീഷും സലീം കുമാറും വിട്ടുനിന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും ഇന്നസെന്‍റ് പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഇന്നസെന്‍റ്.
തെരഞ്ഞെടുപ്പ് സമയത്ത് താരങ്ങള്‍ പ്രചരണത്തിനിറങ്ങിയതിന്റെ പേരില്‍ സലിംകുമാര്‍ അമ്മയില്‍ നിന്നും രാജി വെക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ സംഘടനയക്ക് അത്തരത്തിലൊരു രാജി ലഭിച്ചിട്ടില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. കൂടാതെ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ച് സലിംകുമാര്‍ അവധി അപേക്ഷ നല്‍കിയിരുന്നുവെന്നും ഇന്നസെന്റ് വ്യക്തമാക്കി.
എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് ജഗദീഷ് പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം, എംഎല്‍എമാരായ ഗണേഷ് കുമാറും മുകേഷും യോഗത്തില്‍ പങ്കെടുത്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജയസൂര്യ, കാവ്യ മാധവന്‍, മിയ ഉള്‍പ്പെടെ വലിയ താരനിര തന്നെ ഇന്നത്തെ യോഗത്തിനെത്തിയിരുന്നു. സംഘടനയ്ക്ക് വേണ്ടിയുള്ള ധനസമാഹരണമായിരുന്നു മറ്റൊരു പ്രധാന അജണ്ട. ഗ്രാമങ്ങള്‍ തോറും സഞ്ചരിക്കുന്ന കാന്‍സര്‍ രോഗ നിര്‍ണയ വാഹനം, വീടില്ലാത്ത അന്‍പത്തിരണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ അക്ഷരവീട് എന്നീ പദ്ധതികളും അമ്മ നടപ്പിലാക്കും.