Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചെന്നൈ: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചവർക്ക് മുന്നറിയിപ്പുമായി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കേറ്റ്സ് ആണ് എ.ആർ. റഹ്മാനുവേണ്ടി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാണ് നോട്ടീസിൽ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് എ.ആർ റഹ്മാൻ ഭാര്യ സൈറാബാനുവുമായിട്ടുള്ള വിവാഹമോചന വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. തുടർന്ന് മണിക്കൂറുകൾക്കകം റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചു. ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകളുയർന്നു. മോഹിനിയും റഹ്മാന്റെ മക്കളും ഈ അഭ്യൂഹങ്ങളെ വിമർശിക്കുകയും തള്ളിക്കളയുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയണ് തന്നെക്കുറിച്ച് അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി എ.ആർ റഹ്മാൻ മുന്നോട്ടുവന്നത്. ചില സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ റഹ്മാന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാനാരംഭിച്ചുവെന്ന് നോട്ടീസിൽ പറയുന്നു.
'തന്റെ പ്രശസ്തിയെയും കുടുംബത്തേയും ബാധിക്കുന്ന തരത്തിലുള്ള ഒരു വാർത്തയിലും അശ്ലീല ഉള്ളടക്കങ്ങൾ ആരോപിക്കുന്ന അഭിമുഖങ്ങളിലും സത്യത്തിൻ്റെ ഒരു കണികയുമില്ലെന്ന് അറിയിക്കാൻ റഹ്മാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത് എൻ്റെ കക്ഷിയുടെ പ്രശസ്തിക്ക് ഹാനി വരുത്താൻ ഉദ്ദേശിക്കുന്ന സോഷ്യൽ മീഡിയ വ്യക്തികൾ അവരുടെ പ്രൊഡക്ഷനുകൾക്കായി പട്ടിണി കിടക്കുകയാണെന്നും, കുറഞ്ഞ കാലത്തെ പരസ്യത്തിനായി റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കൽപ്പികവും വ്യാജവുമായ കഥകൾ കെട്ടിച്ചമയ്ക്കുകയുമാണ് എന്നുള്ളതാണ്. യൂട്യൂബ്, എക്സ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ഓൺലൈൻ വാർത്താ പോർട്ടലുകൾ എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും' -വക്കീൽ നോട്ടീസിൽ പറയുന്നു.