സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നവാസുദ്ദീന്‍ സിദ്ദീഖി ആത്മകഥ പിന്‍വലിച്ചു
പുസ്തകത്തിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ ആരുടെയങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് നവാസുദ്ദീന്‍ സിദ്ദീഖി
തന്‍റെ വിവാദ ആത്മകഥ പിന്‍വലിക്കുന്നുവെന്ന് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി. ആത്മകഥയിലെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നടിമാരെ മോശമായി ചിത്രീകരിച്ചതില്‍ നടനെതിരെ വനിതാ കമ്മീഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്.
ആന്‍ ഓര്‍ഡിനറി ലൈഫ് എന്ന ആത്മകഥ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി നവാസുദ്ദീന്‍ സിദ്ദീഖി സോഷ്യല്‍ മീഡിയയിലാണ് അറിയിച്ചത് പുസ്തകത്തിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ ആരുടെയങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നടിമാരായിരുന്ന നിഹാരിക സിങ്, സുനിത രാജ്വാര്‍ എന്നിവരെക്കുറിച്ച് സിദ്ദീഖി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. പുസ്കം വിറ്റഴിക്കാൻ നവാസുദ്ദീൻ സിദ്ദീഖി കള്ളങ്ങളാണ് എഴുതിയതെന്ന് ഇവർ പ്രതികരിച്ചിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണത്തിൽ നടനെതിരെ ദില്ലിയിലെ അഭിഭാഷകനായ ഗൗതം ഗുലാതി വനിതാ കമീഷനിൽ പരാതി നൽകിയിട്ടുണ്ട്. നടനെതിരെ ഐപിസി 376, 497, 509 എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഗുലാതിയുടെ ആവശ്യം. പണത്തിനും പ്രശസ്തിക്കും വേണ്ടി താരം സ്ത്രീകളെ മുഴുവൻ അപമാനിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.