ഉഡ്താ പഞ്ചാബിന് കേരളത്തില്‍ മികച്ച പ്രതികരണം
യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗം പ്രമേയമായ ചിത്രത്തിന് മികച്ച പ്രതികരണമാണ് സംസ്ഥാനത്തെ തീയേറ്ററുകളില്‍ ലഭിച്ചത്
സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ മൂലം വിവാദത്തിലായ ഹിന്ദി ചിത്രം ഉഡ്താ പഞ്ചാബ് തിയറ്ററുകളിലെത്തി. യുവാക്കളിലെ അമിത മയക്കുമരുന്ന് ഉപയോഗം പ്രമേയമായ ചിത്രത്തിന് മികച്ച പ്രതികരണമാണ് സംസ്ഥാനത്തെ തീയേറ്ററുകളില്‍ ലഭിച്ചത്. സംസ്ഥാനത്തെ അമ്പതോളം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
ഏറെ വിവാദങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിനെത്തിയ ഉഡ്താ പഞ്ചാബിന് സംസ്ഥാനത്തെ തിയറ്ററുകളില്‍ ലഭിച്ചത് മികച്ച പ്രതികരണം. ആലിയാ ഭട്ടിനും, കരീനാ കപൂറിനുമൊപ്പം ഷാഹിദ് കപൂര്‍ വ്യത്യസ്ത വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിഷേക് ഛൌബിയാണ്. പഞ്ചാബി ഗായകന്‍ ദില്‍സിത്ത് ദോസാഞ്ജും വേഷം ശ്രദ്ധേയമാക്കി. രാജീവ് രവിയുടെ ഛായാഗ്രഹണം ചിത്രത്തിനെ ഏറെ ആകര്‍ഷകമാക്കുന്നു. പഞ്ചാബിലെ അമിത മയക്കു മരുന്നുപയോഗവും രാഷ്ട്രീയവുമെല്ലാം പ്രമേയമായ ചിത്രം ആസ്വാദകരെ പിടിച്ചിരുത്തി. വയലന്‍സ് കൂടിയെങ്കിലും കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിന്റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിച്ചതിനാല്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ ചിത്രത്തിനെത്തിയില്ലെന്ന പരാതിയും തിയേറ്റര്‍ ഉടമകള്‍ക്കുണ്ട്.