ആളുകേറാനില്ലാതെ സൽമാൻ ഖാന്റെ സിക്കന്ദർ, വിവിധയിടങ്ങളിൽ ഷോ റദ്ദാക്കി
അനിമൽ, പുഷ്പ, ഛാവ എന്നീ സിനിമകൾക്ക് ശേഷം രശ്‌മിക മന്ദനാ ഹാട്രിക്ക് വിജയം പ്രതീക്ഷിച്ച ചിത്രമായിരുന്നു സിക്കന്ദർ


കൊച്ചി : എ.ആർ. മുരുഗദോസിന്റെ സംവിധാനത്തിൽ ഈദ് റിലീസായെത്തിയ സൽമാൻ ഖാൻ ചിത്രം സിക്കന്ദർ പ്രേക്ഷകരില്ലാതെ വലയുന്നു. തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ബോളിവുഡിലെ സൂപ്പർ താരവുമൊന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരുന്നത്. റിലീസ് ദിവസം ആഗോളതലത്തിൽ 54 കോടി കലക്ട് ചെയ്ത ചിത്രത്തിന് രണ്ടാം ദിവസം അടിതെറ്റി. മിക്കയിടങ്ങളിലും ആളില്ലാത്തതിനാൽ ഷോ കാൻസൽ ചെയ്യുകയാണ്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ എച്ഡി പ്രിന്റ് ലീക്ക് ചെയ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മുതിർന്ന സിനിമാ നിരൂപകൻ അമോദ് മെഹ്‌റയാണ് പ്രേക്ഷകരില്ലാത്തതിനാൽ സിക്കന്ദറിന്റെ പ്രദർശനം റദ്ദാക്കിയ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. പിവിആർ ഐക്കൺ ഇൻഫിനിറ്റി അന്ധേരിയിയിലെ ഷോ ക്യാൻസൽ ചെയ്തതിന്റെ സ്ക്രീൻഷോട്ടാണ് അമോദ് മെഹ്‌റ പങ്കുവെച്ചത്. തുടർന്ന് പലയിടങ്ങളിൽ നിന്നായി ഇത്തരം സ്ക്രീൻ ഷോട്ടുകൾ ട്വിറ്ററിൽ വന്നുതുടങ്ങി. എന്നാൽ ചുരുക്കം ചില പ്രദർശനങ്ങൾ റദ്ദു ചെയ്യപ്പെട്ടത് ചിത്രത്തെ ബാധിക്കില്ലെന്നും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ നേടുമെന്നുമാണ് സിക്കന്ദറിന്റെ അണിയറപ്രവർത്തകരുടെ പ്രതികരണം.
ചിത്രത്തിന് തണുപ്പൻ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണന്റെ സംഗീതത്തിനും വിമർശനങ്ങളുണ്ട്. കാലഹരണപ്പെട്ട തിരക്കഥയെന്നും ആദ്യാന്ത്യം ബോറടിപ്പിക്കുന്ന ചിത്രമെന്നും നിരൂപകർ അഭിപ്രായപ്പെടുന്നു. അനിമൽ, പുഷ്പ, ഛാവ എന്നീ സിനിമകൾക്ക് ശേഷം രശ്‌മിക മന്ദനാ നായികയായെത്തുന്ന ചിത്രം കൂടെയാണ് സിക്കന്ദർ. ഇവരെക്കൂടാതെ സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ തുടങ്ങിയ താരനിരയും സിക്കന്ദറിലുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്