ടെയ്‍ലര്‍ സ്വിഫ്റ്റ്, സംഗീതലോകത്തെ 'മണി'മുഴക്കം
ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ സംഗീത ലോകത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വരുമാനമുണ്ടാക്കിയ വനിതകളുടെ പട്ടികയില്‍ ടെയ്‍ലര്‍ സ്വിഫ്റ്റാണ് ഒന്നാം സ്ഥാനത്ത്.
പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ കരിയറിന് തിളക്കം കൂട്ടി മറ്റൊരു അംഗീകാരം കൂടി. ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ സംഗീത ലോകത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വരുമാനമുണ്ടാക്കിയ വനിതകളുടെ പട്ടികയില്‍ ടെയ്‍ലര്‍ സ്വിഫ്റ്റാണ് ഒന്നാം സ്ഥാനത്ത്. ഏകദേശം 1,100 കോടി രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വിഫ്റ്റ് സമ്പാദിച്ചത്.
170 മില്യണ്‍ ഡോളറാണ് 26 കാരിയ ടെയ്‍ലര്‍ സ്വിഫ്റ്റ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ചത്. ഇതില്‍ ഭൂരിഭാഗവും 1989 എന്ന പേരില്‍ ടെയ്‍ലര്‍ നടത്തിയ വേള്‍ഡ് ടൂറില്‍ നിന്നാണ്. 2014ല്‍ പുറത്തിറങ്ങിയ ടെയ്‍ലറിന്റെ അഞ്ചാമത്തെ ആല്‍ബമായിരുന്നു 1989. ഇതിനോടനുബന്ധിച്ച് പത്ത് രാജ്യങ്ങളില്‍ നൂറിലധികം വേദികളില്‍ ടെയ്‍ലര്‍ പരിപാടി അവതരിപ്പിച്ചു. ഡയറ്റ് കോക്ക്, ആപ്പിള്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുമായുള്ള പരസ്യ കരാറുകളും ടെയ്‍ലര്‍ സ്വിഫ്റ്റിന്റെ വരുമാനം ഉയര്‍ത്തി.
ബ്രിട്ടിഷ് പോപ് താരം അഡ്‍ലെയാണ് ഫോബ്സ് പുറത്തുവിട്ട പട്ടികയില്‍ രണ്ടാമതെത്തിയത്. 80 മില്യണ്‍ ഡോളറാണ് അഡ്‍ലെയുടെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ മുന്നിലെത്തിയ കാറ്റി പെറി ഇത്തവണ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്‍പത്തിയെട്ടാം വയസിലും പോപ് സംഗീത ലോകത്ത് താര റാണിയായി വാഴുന്ന മഡോണയാണ് സമ്പന്നരുടെ പട്ടികയില്‍ മൂന്നാമത്.