എ ആര്‍ റഹ്മാന് ഇന്ന് അന്‍പതാം പിറന്നാള്‍
റഹ്മാന്‍ സംഗീത സംവിധായകന്‍റെ കുപ്പായം അണിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുക കൂടിയാണ് ഈ വര്‍ഷം.
എ ആര്‍ റഹ്മാന് ഇന്ന് അന്‍പതാം പിറന്നാള്‍. സംഗീതത്തിന്‍റെ വിവിധ മേഖലകളില്‍ പകരം വെക്കാനാകാത്ത പ്രതിഭയായി വളര്‍ന്നുകഴിഞ്ഞ റഹ്മാന്‍ സംഗീത സംവിധായകന്‍റെ കുപ്പായം അണിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുക കൂടിയാണ് ഈ വര്‍ഷം.
സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്‍റെ മകനായി 1967 ജനുവരി 6ന് ചെന്നൈയില്‍ ആയിരുന്നു എ ആര്‍ റഹ്മാന്‍റെ ജനനം. അച്ഛന്‍റെ സ്റ്റുഡിയോയില്‍ കീബോര്‍ഡിസ്റ്റായി തുടക്കം. 1987ല്‍ ഇരുപതാം വയസ്സില്‍ ഒരു പരസ്യ ചിത്രത്തിന് ഈണം നല്‍കി സംഗീത സംവിധായകനായി. 1992ല്‍ മണിരത്നം ചിത്രം റോജക്ക് സംഗീതം നല്‍കി സിനിമയിലേക്കും എത്തി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും റഹ്മാനെ തേടിയെത്തി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ഗാനങ്ങള്‍.
സംഗീത സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്, സംഗീതജ്ഞന്‍ തുടങ്ങി വിവിധ മേഖലകളില്‍ റഹ്മാന്‍ കഴിവ് തെളിയിച്ചു. 2009ല്‍ സ്ലം ഡോഗ് മില്യണയറിലെ ജയ് ഹോയിലൂടെ രണ്ട് ഓസ്കര്‍ പുരസ്കാരങ്ങള്‍ നേടി. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതകഥ പറയുന്ന ചിത്രത്തിനായി സംഗീതം നല്‍കി ഈ വര്‍ഷവും ഓസ്കര്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് റഹ്മാന്‍. ഇത്തവണയും ഓസ്കര്‍ നേടാനായാല്‍ സംഗീത ലോകത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന അല്ലാ രക്കാ റഹ്മാന് അത് ഇരട്ടി മധുരമാകും