ഐഎഫ്എഫ്‌കെ നാളെ മുതല്‍
ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ചടങ്ങില്‍ അനുശോചനം അര്‍പ്പിച്ചാകും മേള തുടങ്ങുക. മേളക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്കായി തലസ്ഥാനം ഒരുങ്ങി. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കിയാണ് ഇത്തവണ ചലച്ചിത്രോത്സവം നടക്കുന്നത്. ദി ഇന്‍സള്‍ട്ട് ആണ് ഉദ്ഘാടനചിത്രം.
നാളെ വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില്‍ ലളിതമായ ചടങ്ങുകളോടെ രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമാകും. ബംഗാളി നടി മാധവി മുഖര്‍ജി, പ്രകാശ് രാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ചടങ്ങില്‍ അനുശോചനം അര്‍പ്പിച്ചാകും മേള തുടങ്ങുക. മേളക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
65 രാജ്യങ്ങളില്‍ നിന്നായി 190 ചിത്രങ്ങളാണ് മേളയിലുള്ളത്. ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇന്‍ഫോക്കസ്, ഐഡന്റിറ്റി ആന്റ് സ്‌പേസ് തുടങ്ങി 20 വിഭാഗങ്ങളിലാണ് പ്രദര്‍ശനം. പൊരുതി നിന്ന പെണ്‍ ജീവിതങ്ങളുടെ കഥകളുമായി അവള്‍ക്കൊപ്പം എന്ന പ്രത്യേക വിഭാഗവും ഉണ്ട്. ഏഴ് സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങളാണുള്ളത്. റോഹിങ്ക്യന്‍ വിഷയം ഉള്‍പ്പെടെ അഭയാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന നിരവധി ചിത്രങ്ങള്‍ മേളയിലുണ്ട്.