'അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി, ഇതെങ്ങനെ സംഭവിച്ചു.. '; ബറോസ് വരുന്നൂ... റിലീസ് പ്രഖ്യാപിച്ച് ഫാസിൽ

റിലീസ് തീയതി കേട്ടപ്പോൾ വിസ്മയിച്ചുപോയെന്നാണ് ഫാസിൽ പറയുന്നത്

Update: 2024-11-15 06:53 GMT
Advertising

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ. 2024 ഡിസംബർ 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. തീയതി വെളിപ്പെടുത്തിക്കൊണ്ട് ഫാസിൽ സിനിമയ്ക്ക് ആശംസകൾ നേരുന്ന വീഡിയോ മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. മോഹൻലാലിനെ മലയാളത്തിന്റെ സൂപ്പർസ്റ്റാറാക്കി മാറ്റിയ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളും ജനപ്രിയ ചിത്രം മണിച്ചിത്രത്താഴും റിലീസായ അതേ തീയതി തന്നെയാണ് ബറോസും റിലീസാകുന്നത് എന്നത് തികച്ചും ആകസ്മികമാണെന്നാണ് ഫാസിൽ പറയുന്നത്. 

ഫാസിലിന്റെ വാക്കുകൾ

'പ്രിയങ്കരനായ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയുടെ ഒരുക്കങ്ങളെല്ലാം പൂർണമായി. നീണ്ട 700 ദിവസങ്ങളുടെ കഠിന പരിശ്രമത്തിന്റെ ആകെത്തുകയാണ് ബറോസ് എന്ന ഈ ബ്രഹ്മാണ്ഡ ചിത്രം. ഇന്നലെ മോഹൻലാൽ എന്നെ വിളിച്ച് സ്നേഹപൂർവം ചോദിച്ചു ബറോസിന്റെ റിലീസ് തീയതി ഒദ്യോഗികമായൊന്ന്  അനൗൺസ് ചെയ്ത് തരുമോയെന്ന്. റിലീസ് തീയതി പറഞ്ഞതോടെ ഞാനങ്ങ് വല്ലാതെ വിസ്മയിച്ചുപോയി. അത് മോഹൻലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹം എന്നെക്കാൾ പതിന്മടങ്ങ് വിസ്മയിച്ചു. അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി. ഇതെങ്ങനെ ഒത്തുചേർന്നു വന്നു എന്ന അത്ഭുതമായിരുന്നു.   

മോഹൻലാൽ എന്ന പത്തൊമ്പത് വയസുകാരനെ ഇന്നറിയുന്ന മോഹൻലാലാക്കി മാറ്റിയത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയാണ്. മലയാള സിനിമയുടെ ​ഗതി തന്നെ മാറ്റിയ ആ സൂപ്പർ ഹിറ്റ് സിനിമ റിലീസായത് 1980 ഡിസംബർ 25നായിരുന്നു. വർഷങ്ങൾക്ക് ശേഷം അതിനേക്കാൾ ജനപിന്തുണ നേടിയ മറ്റൊരു മോഹൻലാൽ ചിത്രമായ മണിച്ചിത്രത്താഴും ഇറങ്ങിയത് 1993 ഡിസംബർ 25നാണ്. മോഹൻലാലിന്റെ ബറോസ് റിലീസ് ചെയ്യാൻ പോകുന്നതും ഒരു ഡിസംബർ 25നാണ്.

നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിരക്കിനിടയിൽ നിന്ന് പഠിച്ചെടുത്ത അനുഭവങ്ങൾ കൊണ്ട് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ മോഹൻലാലിന്റെ തന്നെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു തീയതിയിൽ റിലീസാകുന്നു എന്നത് തികച്ചും ആകസ്മികവും അത്ഭുതകരവുമാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാൾ മണിച്ചിത്രത്താഴിനേക്കാൾ വളരെ ഉയരത്തിൽ നിൽക്കുന്ന അതുല്യ കലാസൃഷ്ടിയായിരിക്കും ബറോസ് എന്ന് ഞാൻ കരുതുന്നു. ആ​ഗോള ഇതിഹാസ സിനിമയായി ബറോസ് മാറട്ടെയെന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു' 

Full View

ബറോസിന്റെ റിലീസ് ഒക്ടോബർ 3ന് തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തീയതി മാറ്റുകയായിരുന്നു. ത്രീ ഡിയിലൊരുങ്ങുന്ന ചിത്രം വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് പറയുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോ പുന്നൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ബാറോസ്: ഗാർഡിയൻ ഒഫ് ദി ഗാമാസ് ട്രഷർ എന്ന രചനയാണ് സിനിമയ്ക്ക് ആധാരം. ഹോളിവുഡ് സംവിധായകൻ മാർക്ക് കിലിയനാണ് സംഗീതം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News