'ഇനി 10 വർഷം, ചിലപ്പോൾ നാളെ മരിച്ചുപോയേക്കാം, ജീവിതത്തെ വിശ്വസിച്ചുകൂടാ...'- ആമിർ ഖാൻ

കോവിഡ് കാലത്ത് സിനിമാ അഭിനയം അവസാനിപ്പിക്കാമെന്ന് തീരുമാനമെടുത്തെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചാണ് നടൻ മനസുതുറക്കുന്നത്

Update: 2024-11-15 10:27 GMT
Advertising

കരിയറിൽ സജീവമാകാനുള്ള സമയമാണ് തന്റെ ജീവിതത്തിലെ അടുത്ത പത്ത് വർഷങ്ങളെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. കോവിഡ് കാലത്ത് സിനിമാ അഭിനയം അവസാനിപ്പിക്കാമെന്ന് തീരുമാനമെടുത്തെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചാണ് നടൻ മനസുതുറക്കുന്നത്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്കായി അനുപമ ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് ആമിറിന്റെ പ്രതികരണം.  

ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. ചിലപ്പോൾ നമ്മൾ നാളെ മരിച്ചുപോയേക്കാം. അടുത്ത പത്ത് വർഷക്കാലം കൂടി കരിയറിൽ സജീവമായി നിൽക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ തനിക്ക് 59 വയസുണ്ട്. 70 വയസുവരെ പ്രൊഡക്ടീവായി ജീവിക്കാനുമെന്ന് കരുതുന്നതായും ആമിർ പറയുന്നു. എഴുത്തുകാരും സംവിധായകരും അടക്കം ക്രിയാത്മകമായി ചിന്തിക്കുന്നവർക്ക് പിന്തുണയുമായി കൂടെനിൽക്കണമെന്നാണ് പ്രായമാകുന്തോറും തന്റെ ആഗ്രഹമെന്നും ആമിർ കൂട്ടിച്ചേർക്കുന്നുണ്ട്. 

2022-ല്‍ പുറത്തിറങ്ങിയ ലാല്‍ സിങ് ചദ്ദ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷമാണ് അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതായി ആമിര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിരിച്ചെത്തിയ ആമിര്‍ തുടര്‍ച്ചയായി ആറു പ്രൊജക്ടുകൾ ഏറ്റെടുക്കുകയും ചെയ്തു. തന്റെ ജീവിതത്തില്‍ അന്നേവരെ ഒരേ സമയം ആറു സിനിമകള്‍ ഏറ്റെടുത്തിരുന്നില്ലെന്നും ആമിർ വ്യക്തമാക്കുന്നുണ്ട്. 

'പതിനെട്ടാം വയസിൽ അസിസ്റ്റന്റായി ആരംഭിച്ചതാണ് സിനിമാ ജീവിതം. അവിടം മുതൽ ഇപ്പോൾ വരെ എന്റെ ജീവിതത്തിൽ ശ്രദ്ധ കൊടുത്തിരുന്നത് സിനിമയ്ക്കായിരുന്നു. എന്നാൽ, വ്യക്തി ബന്ധങ്ങൾക്ക് വേണ്ടത്ര ഇടം നൽകിയില്ലെന്ന തിരിച്ചറിവുണ്ടായി. കുടുംബത്തിനൊപ്പം മതിയായ സമയം ചെലവഴിക്കാനായില്ലെന്ന് കുറ്റബോധം തോന്നി. വൈകാരികമായ ഒരുപാട് ചിന്തകളിലൂടെ കടന്നു പോകുകയായിരുന്നു ആ സമയത്ത്' - ആമിർ ഖാൻ പറയുന്നു.

35 വർഷത്തോളമായി സിനിമകൾ ചെയ്യുന്നു. ഇനി കുടുംബത്തിനും വ്യക്തി ജീവിതത്തിനും പ്രാധാന്യം നൽകാം എന്ന് അപ്പോൾ തോന്നി. അമ്പത്തിയാറാമത്തെ വയസിൽ ഇങ്ങനെ ഒരു തിരിച്ചറിവുണ്ടായതിന് ഞാൻ എന്നോട് തന്നെ നന്ദി പറഞ്ഞു. 88 വയസിലാണ് ഇത് തോന്നിയിരുന്നതെങ്കിലോ. അപ്പോൾ ഒന്നും ചെയാനാകില്ലല്ലോയെന്നും ആമിർ കൂട്ടിച്ചേർക്കുന്നുണ്ട്.

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം പറഞ്ഞപ്പോള്‍ ഭാര്യയായിരുന്ന കിരണ്‍ റാവു കരഞ്ഞു. സിനിമയെ നിങ്ങള്‍ വിട്ടു പോകുന്നത് ഞങ്ങളെ വിട്ടു പോകുന്നതിന് തുല്യമാണെന്നാണ് പറഞ്ഞതെന്നും ആമിർ പറയുന്നുണ്ട്. മക്കളായ ജുനൈദും ഐറയുമാണ് ആ തീരുമാനത്തിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചത്. യോഗയും മെഡിറ്റേഷനും പുസ്തക വായനയുമായുള്ള റിട്ടയര്‍മെന്റ് ജീവിതം താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News