വയസായി എന്ന കാര്യം സമ്മതിക്കുന്നു, യുവനടന്‍മാരെപ്പോലെ ഡാന്‍സ് ചെയ്യാനാകില്ല: വെങ്കിടേഷ്
ആ വിശ്വാസമാണ് കൂടുതല്‍ നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അഭിനയം തുടങ്ങിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് തന്നോടുള്ള താല്‍പര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെലുങ്ക് സൂപ്പര്‍താരം വെങ്കിടേഷ്. ആ വിശ്വാസമാണ് കൂടുതല്‍ നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിസ്സാരമെന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ല
എന്റെ അച്ഛന്‍ രോഗബാധിതനായിരുന്ന സമയത്ത് ഞാന്‍ സിനിമകള്‍ കുറച്ചിരുന്നു, തിരിച്ചുവരാന്‍ തോന്നിയില്ല, ആ സമയത്ത് കഥ കേള്‍ക്കാന്‍ പോലും തോന്നിയിരുന്നില്ല. സ്ക്രീനില്‍ നിസ്സാരമെന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. ബാബു ബംഗാരമാണ് എന്റേതായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. എല്ലാം ദൈവത്തിന്റെ തീരുമാനമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. തിരക്കായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഞാനൊന്നിനെക്കുറിച്ചും വ്യാകുലപ്പെട്ടില്ല. അഭിനയത്തിന്റെ തിരക്കുകള്‍ ഇല്ലാത്ത സമയത്ത് ഞാന്‍ ആത്മപരിശോധന നടത്താറുണ്ട്. ബാബു ബംഗാരത്തെ സംബന്ധിച്ചിടത്തോളം കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് താന്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും റീമേക്ക് ഹീറോ പറഞ്ഞു.
വയസായി എന്ന കാര്യം സമ്മതിക്കുന്നു
നിരവധി പൊലീസ് കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്, എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. ബാബു ബംഗാര ഒരു കുടുംബ ചിത്രമാണെങ്കിലും അതിലും പൊലീസ് കഥയുണ്ട്. നയന്‍താരയാണ് ചിത്രത്തിലെ നായിക, മുതിര്‍ന്ന താരങ്ങള്‍ക്ക് വേണ്ടി നായികമാരെ കണ്ടുപിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. വയസായി എന്ന കാര്യം ഞങ്ങള്‍ സമ്മതിക്കുന്നു. കരിയറിന്റെ തുടക്കത്തില്‍ നിരവധി പുതിയ നായികമാര്‍ എന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. ആ കാലഘട്ടം കഴിഞ്ഞു. ഇത് മറ്റൊരു കാലഘട്ടമാണ്. കഥ നല്ലതാണെങ്കില്‍ നായികയും വരും വെങ്കിടേഷ് പറഞ്ഞു.
കണ്ടാല്‍ ചെറുപ്പമെന്ന് തോന്നുമെങ്കിലും യുവതാരങ്ങളെപ്പോലെയാകാന്‍ എനിക്ക് സാധിക്കില്ല. എല്ലായ്പ്പോഴും ആവേശത്തോടെ നൃത്തം ചെയ്യാന്‍ എനിക്ക് സാധിക്കും. എന്നാല്‍ ക്രേസി ചുവടുകളോ സ്നേക്ക് ഡാന്‍സോ ചെയ്യാന്‍ പറഞ്ഞാല്‍ വലഞ്ഞുപോകും. എന്റെ വയസിന് ചേരുന്ന ഡാന്‍സ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.
മകന്‍ സിനിമയിലേക്കില്ല
എന്റെ മകന്റെ സിനിമാപ്രവേശത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഞാനൊന്നിനും അവനെ നിര്‍ബന്ധിക്കാറില്ല. എന്റെ അച്ഛനും അങ്ങിനെയായിരുന്നു. എന്റെ കരിയര്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അച്ഛന്‍ എനിക്ക് തന്നിരുന്നു. അര്‍ജ്ജുന്‍ എന്താണ് ഇഷ്ടമെന്ന് ഇപ്പോഴും എനിക്കറിയില്ല. ചിലപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചിരുന്ന് ക്രിക്കറ്റ് കാണാറുണ്ട്. ഒരിക്കല്‍ നിനക്ക് നിന്റെ അച്ഛന്റെ പാത പിന്തുടര്‍ന്നു കൂടെ എന്ന് ആരോ അവനോട് ചോദിച്ചപ്പോള്‍ എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട് എന്നായിരുന്നു അവന്റെ മറുപടി. അവന്‍ അവന്റേതായ സ്വപ്നങ്ങളുണ്ട്, അത് പിന്തുടരട്ടെ.
എനിക്ക് റാണയെപ്പോലെ ആകാന്‍ സാധിക്കില്ല
സിനിമയില്‍ നിരവധി പുതുമുഖങ്ങള്‍ വരുന്നുണ്ട്. നിരവധി കഴിവുള്ള യുവാക്കള്‍ വ്യത്യസ്തമായ ആശയങ്ങളുമായി എന്നെ സമീപിക്കാറുണ്ട്. എനിക്ക് വേണ്ടി ഒരു തിരക്കഥ എഴുതാന്‍ ഞാന്‍ ആരോടും ആവശ്യപ്പെടാറില്ല. പുതിയ താരങ്ങള്‍ വരട്ടെ. എനിക്ക് യോജിക്കുന്ന കഥയുണ്ടെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അഭിനയിക്കും. സാലാ കുഡൂസിന്റെ തെലുങ്ക് റീമേക്കില്‍ ഞാനാണ് നായകന്‍. ഒരു ഗുസ്തിക്കാരന്റെ വേഷമാണ്. ആ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടാനുള്ള ശ്രമത്തിലാണ്. എന്നാല്‍ റാണയെപ്പോലെയോ മറ്റുള്ളവരെപ്പോലെയോ ആകാന്‍ എനിക്ക് സാധിക്കില്ല.
റീമേക്ക് ചിത്രങ്ങളിലെ സ്ഥിരം നായകനായതുകൊണ്ട് റീമേക്ക് ഹീറോ എന്നും ആളുകള്‍ എന്നെ വിളിക്കാറുണ്ട്. അതൊന്നും എന്നെ ബാധിക്കാറില്ല. റീമേക്ക് എന്നോ പുതിയ കഥ എന്നോ ഞാന്‍ നോക്കാറില്ല. ജോലി ചെയ്ത് ഞാന്‍ വീട്ടില്‍ പോകുന്നു. എന്നെ നായകനാക്കി നിര്‍മ്മാതാവ് പണം വാരിയാല്‍ സന്തോഷം.