കലോത്സവത്തിലെ വീരന്‍ വീരത്തിലൂടെ സിനിമാലോകത്തേക്ക്
കലോത്സവം കണ്ണൂരെത്തുമ്പോള്‍ പഴയ ഓര്‍മകളിലാണ് കണ്ണൂരിന്റെ സ്വന്തം കലാപ്രതിഭയായിരുന്ന ഷിജിത്ത്.
കലോത്സവം കണ്ണൂരെത്തുമ്പോള്‍ പഴയ ഓര്‍മകളിലാണ് കണ്ണൂരിന്റെ സ്വന്തം കലാപ്രതിഭയായിരുന്ന ഷിജിത്ത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ 53 പോയിന്റ് നേടിയ ഏക വ്യക്തി കൂടിയാണ് ഷിജിത്ത്. ആ റെക്കോര്‍ഡ് ഇപ്പോഴും ഷിജിത്തിന്റെ പേരില്‍ തന്നെയാണ്. ശിവജിത്ത് എന്ന പേരില്‍ സിനിമാ ലോകത്ത് സ്ഥാനമുറപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
1998ല്‍ തിരുവനന്തപുരത്തെ കലോത്സവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഷിജിത്തായിരുന്നു താരം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുഡി, കഥകളി, നാടോടിനൃത്തം എന്നിങ്ങനെ മത്സരിച്ച എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയ മിടുക്കന്‍. തൊട്ടടുത്ത വര്‍ഷവും വ്യക്തിഗത ചാമ്പ്യനായിരുന്നു ഷിജിത്ത്. കത്തിവേഷം അന്യം നിന്ന കലോത്സവവേദിയില്‍ ദുര്യോധനവധവുമായി ആടി തീര്‍ത്ത ആ ഓര്‍മ്മ ഷിജിത്തിന്റ മനസ്സില്‍ ഒളിമങ്ങാതെയുണ്ട്.
അന്ന് ചോദിച്ചവരോടെല്ലാം ഷിജിത്ത് തന്റെ ആഗ്രഹം പറഞ്ഞു. സിനിമ നടനാകണം. വര്ഷങ്ങള്‍ക്കിപ്പുറം ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രത്തിലൂടെ ഷിജിത്ത് സ്വപ്നം സ്വന്തമാക്കി. ആരോമല്‍ ചേകവരുടെ വേഷമാണ് വീരത്തില്‍.