'ഞാന്‍ ഫെമിനിസ്റ്റാണ്'; സിനിമയിലെ ലിംഗവിവേചനത്തിനെതിരെ ആഞ്ഞടിച്ച് റിമ

Update: 2018-05-31 18:26 GMT
Editor : Sithara
'ഞാന്‍ ഫെമിനിസ്റ്റാണ്'; സിനിമയിലെ ലിംഗവിവേചനത്തിനെതിരെ ആഞ്ഞടിച്ച് റിമ
Advertising

കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണ്. വഴക്കുണ്ടാക്കുന്ന ഭാര്യയും നായകനെ വശീകരിക്കാന്‍ മാത്രം സ്‌ക്രീനിലെത്തുന്നവളും തെറി വിളിക്കുന്ന അമ്മായിഅമ്മയും കുട്ടികളെ പ്രസവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സ്ത്രീയും..

മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞ് നടി റിമ കല്ലിങ്കല്‍. തിരുവനന്തപുരത്ത് നടന്ന ടെഡ്എക്സ് ടോക്സില്‍ സംസാരിക്കുകയായിരുന്നു റിമ. താനൊരു ഫെമിനിസ്റ്റാണ് എന്ന് പറഞ്ഞ റിമ എങ്ങനെയാണ് ഫെമിനിസ്റ്റായതെന്നും മലയാള സിനിമ കലാകാരികളോട് എങ്ങനെയാണ് പെരുമാറുന്നതെന്നും വിശദമാക്കി.

താന്‍ ഫെമിനിസ്റ്റായതെങ്ങനെയെന്ന് റിമ വിശദീകരിച്ചതിങ്ങനെ: "ഒരിക്കല്‍ കുടുംബസമേതമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഞാനും അച്ഛനും സഹോദരനും മുത്തശ്ശിയുമെല്ലാം ഉണ്ടായിരുന്നു. അമ്മയാണ് ഭക്ഷണം വിളമ്പിയത്. അമ്മയുടെ പക്കല്‍ മൂന്ന് മീന്‍ പൊരിച്ചതുണ്ടായിരുന്നു. മുതിര്‍ന്ന ആള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കും അമ്മ മീന്‍ പൊരിച്ചത് നല്‍കി. പന്ത്രണ്ടുകാരിയായി ഞാന്‍ കരയാന്‍ തുടങ്ങി. എന്തുകൊണ്ട് എനിക്ക് മീന്‍ പൊരിച്ചത് ഇല്ലെന്ന ചോദ്യത്തിന് എനിക്ക് ഉത്തരം വേണമായിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്ന ശീലം അവിടെ ആരംഭിച്ചു".

മലയാള സിനിമ സ്ത്രീകളോട് ആവശ്യപ്പെടുന്നത് തല കുനിച്ചുനില്‍ക്കാനാണ്. എത്രകാലം ഇങ്ങനെ മിണ്ടാതെ നില്‍ക്കും? 150ഓളം നടിമാര്‍ ഓരോ വര്‍ഷവും സിനിമയിലേക്ക് വരുമ്പോഴും ഈ ഇന്‍ഡസ്ട്രി ഭരിക്കുന്ന പത്തില്‍ താഴെ നായകന്മാരുടെ നായികമാരായാണ് അഭിനയിക്കുന്നത്. ഇപ്പോഴും നടന്മാരുടെ മൂന്നിലൊന്ന് പ്രതിഫലം മാത്രമേ നടിമാര്‍ക്കുള്ളൂ. സാറ്റലൈറ്റ് റൈറ്റും ബോക്സ് ഓഫീസ് കലക്ഷനും നേടാന്‍ നടിമാരെ കൊണ്ട് കഴിയില്ല എന്നാണ് ഈ വിവേചനത്തിന് കാരണമായി പറയുന്നത്. സിനിമാ സെറ്റിലെ സ്ത്രീ പുരുഷ അനുപാതം 1:30 ആണെന്നും റിമ വിമര്‍ശിച്ചു.

വ്യക്തിജീവിതത്തില്‍ വിവാഹിതയായാല്‍, കുട്ടികളുണ്ടായാല്‍, വിവാഹമോചിതയായാല്‍ എല്ലാം നടിമാരുടെ അവസരങ്ങളെ ബാധിക്കും. എന്നാല്‍ 20നും 70നും ഇടയില്‍ പ്രായമുള്ള നടന്‍ വിവാഹിതനായാലും കുട്ടികളുണ്ടായാലും കൊച്ചുമക്കളുണ്ടായാലും ഇല്ലെങ്കിലുമൊക്കെ അയാള്‍ക്ക് വളരാന്‍ അവസരമുണ്ട്. അവര്‍ക്കായി കഥകളെഴുതപ്പെടുന്നു. അവരുടെ കരിയര്‍ വളരുന്നതില്‍ ഒരു കലാകാരിയെന്ന നിലയില്‍ സന്തോഷമുണ്ട്. പക്ഷേ സ്ത്രീകളുടെ കരിയറിനെ നേരത്തെ പറഞ്ഞ വ്യക്തിജീവിതത്തിലെ സംഭവങ്ങള്‍ ബാധിക്കുന്നതില്‍ ഒട്ടും സന്തോഷമില്ലെന്നും റിമ വിശദമാക്കി.

മലയാള സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന രീതിയെയും റിമ വിമര്‍ശിച്ചു. കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണ്. വഴക്കുണ്ടാക്കുന്ന ഭാര്യയും നായകനെ വശീകരിക്കാന്‍ മാത്രം സ്‌ക്രീനിലെത്തുന്നവളും തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മയും കുട്ടികളെ പ്രസവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു അമ്മയും മാത്രമാണെന്ന് റിമ വിമര്‍ശിച്ചു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News