മോഹന്‍ലാലിന്റെ വിശദീകരണം വന്നതോടെ സമവായ നീക്കവുമായി അമ്മ
എക്സിക്യൂട്ടീവ് ചേരുന്നതിന് മുന്‍പ് തന്നെ വിവാദ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരത്തിനുള്ള ശ്രമമാണ് സജീവമായിരിക്കുന്നത്
മോഹന്‍ലാലിന്റെ വിശദീകരണം വന്നതോടെ ദിലീപിനെ തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ താരസംഘടനയായ അമ്മ നേതൃത്വം സമവായത്തിനുള്ള ശ്രമം തുടങ്ങി. എക്സിക്യൂട്ടീവ് ചേരുന്നതിന് മുന്‍പ് തന്നെ വിവാദ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരത്തിനുള്ള ശ്രമമാണ് ഇതോടെ സജീവമായിരിക്കുന്നത്. എന്നാല്‍ തീരുമാനം പിന്‍വലിക്കും വരെ പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകട്ടെ എന്ന നിലപാടില്‍ തന്നെയാണ് നടിയെ പിന്തുണക്കുന്ന സിനിമാ പ്രവര്‍ത്തകര്‍.
അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്ന ഗുരുതര വിമര്‍ശനം നടിമാരായ പത്മപ്രിയയും പാര്‍വ്വതിയും ഉന്നയിച്ചതിന് പിന്നാലെ എത്തിയ മോഹന്‍ലാലിന്‍റെ വിശദീകരണ കുറിപ്പ് പ്രശ്നപരിഹാരത്തിനായുള്ള സമവായ നീക്കത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ദിലീപിനെ തിരിച്ചെടുത്ത വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതോടെ അമ്മക്കെതിരായി വലിയ വികാരമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇതും സംഘടനയുടെ തലപ്പത്തുള്ളവര്‍ ഗൌരവത്തോടെയാണ് കാണുന്നത്. മോഹന്‍ലാലിന്‍റെ കുറിപ്പും ഇക്കാര്യങ്ങള്‍ അടിവരയിടുന്നതാണ്.
നിലപാട് പറഞ്ഞ് സംഘടനയില്‍ നിന്ന് രാജിവെച്ചവര്‍ ഉയര്‍ത്തിയ വിഷയം പരിശോധിക്കാന്‍ നേതൃത്വം തയ്യാറാണെന്ന് മോഹന്‍ലാല്‍ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രശ്നത്തില്‍ സമവായ നീക്കത്തിനുള്ള ശ്രമങ്ങള്‍ സജീവമായിരിക്കുകയാണ്. നടിയെ പിന്തുണക്കുന്നവരോടും സംഘടനയില്‍ നിന്ന് രാജി വെച്ചവരോടും സമവായ ചര്‍ച്ച നടത്താനാണ് നേതൃത്വത്തിന്‍റെ ശ്രമം. പ്രതിഷേധമുയര്‍ത്തിയ ചിലരുമായി നേതൃത്വം ഇതിനകം തന്നെ ചര്‍ച്ചകള്‍ തുടങ്ങി വെച്ചതായും സൂചനയുണ്ട്.
പക്ഷെ എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ക്കുകയോ ദിലീപിനെ തിരിച്ചെടുത്ത വിവാദ തീരുമാനം പിന്‍വലിക്കുകയോ ചെയ്യും വരെ പ്രതിഷേധം തുടരാന്‍ തന്നെയാണ് അക്രമിക്കപ്പെട്ട നടിയെ പിന്തുണക്കുന്നവരുടെ തീരുമാനം. ഇതിന്റെ ഭാഗമായി പരസ്യവിമര്‍ശനം ഇന്നും തുടര്‍ന്നേക്കും. വിദേശത്തുള്ള മോഹന്‍ലാല്‍ ജൂലൈ പകുതിയോടെ മാത്രമേ തിരിച്ചെത്തൂ എന്നിരിക്കെ സമവായ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ അതുവരെ വിഷയം നീറിനില്‍ക്കുമെന്നുറപ്പാണ്.