പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കാർ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു
പ്രിയദര്‍ശന്റെ ബ്രഹ്മാണ്ട ചിത്രം കുഞ്ഞാലി മരക്കാർ–അറബിക്കടലിന്റെ സിംഹം സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. ചിത്രത്തിന്റെ സെറ്റിന്റെ നിര്‍മാണം നേരത്തെ ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയില്‍ തുടങ്ങിയിരുന്നു. ബാഹുബലിക്ക് സെറ്റൊരുക്കിയ മലയാളി സാബു സിറിളാണ് ചിത്രത്തിന്റെ കലാ സംവിധാനമൊരുക്കുന്നത്. ചിത്രത്തിനായുള്ള വലിയ കപ്പലുകളുടെ നിര്‍മ്മാണമാണ് നേരത്തെ ഹൈദരാബാദില്‍ തുടങ്ങിയത്.
വൻ താരനിരയാണ് ചിത്രത്തിന് പുറകിലുള്ളത്. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാലാണ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി മധുവാണ് അഭിനയിക്കുക. സുനിൽ ഷെട്ടിയും ചിത്രത്തിന്റെ പ്രധാന ഭാഗമാകും. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ് അഭിനയിക്കുക. ചായാഗ്രഹണം സൂര്യയുടെ 24ലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ തിരുവാണ്.
മോഹന്‍ലാല്‍ നായകനായെത്തുന്ന കുഞ്ഞാലി മരക്കാർ–അറബിക്കടലിന്റെ സിംഹത്തിന് പുറമേ മമ്മുട്ടിയുടെ കുഞ്ഞാലി മരക്കാറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മിക്കുന്നത്.