‘രണ്ടാമൂഴം ആര് ചെയ്യുമെന്ന് അച്ഛൻ തീരുമാനിക്കും’; ശ്രീകുമാർ മേനോനെ പിന്തുണക്കാതെ എം.ടിയുടെ മകൾ

Update: 2018-12-17 12:26 GMT
Advertising

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കാൻ വേണ്ടി ചിത്രത്തിന്റെ തിരക്കഥാകൃത്ത് എംടി വാസുദേവൻ നായർ കോടതിയെ സമീപിച്ചതോടെയാണ് എം.ടിയും ശ്രീകുമാർ മേനോനും രണ്ടാമൂഴവും മാധ്യമങ്ങളില്‍ നിറയുന്നത്. തിരക്കഥ തിരികെ ലഭിക്കാന്‍ എം.ടി വാസുദേവൻ നായര്‍ കോടതിയെ സമീപിക്കുകയും പിന്നീട് മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ശ്രീകുമാർ മേനോന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ പ്രശ്നം ശരിക്കും ചലച്ചിത്ര പ്രേമികള്‍ ഏറ്റെടുത്തു. തർക്കമല്ല തെറ്റിദ്ധാരണ മാത്രമേ വിഷയത്തിലുള്ളൂവെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ ഒടിയനു വേണ്ടി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് രണ്ടാമൂഴം സിനിമ സംബന്ധിച്ച് എം.ടിയുടെ മകള്‍ അശ്വതി നായർ രംഗത്തെത്തുന്നത്.

ശ്രീകുമാർ മേനോനെ ഒരു തരത്തിലും പിന്തുണക്കാതെ എംടിയുടെ മകൾ അശ്വതി നായർ ഫേസ്ബുക്കില്‍ കുറിക്കുന്നത് ഇങ്ങനെ.

രണ്ടാമൂഴം സിനിമയെ ക്കുറിച്ച് നിരവധി പ്രതികരണങ്ങളും കമന്റുകളും ശ്രദ്ധിച്ചു. ചര്‍ച്ചകളിലെ ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമുള്ളതിനാലാണ് ഇത് കുറിക്കുന്നത്. കോടതിയിൽ നിലനിൽക്കുന്ന കേസായതു കൊണ്ട് മാത്രമാണ് അച്ഛനോ ഞങ്ങളോ രണ്ടാമൂഴത്തെ പറ്റി നടക്കുന്ന ചർച്ചകൾക്കോ അഭ്യൂഹങ്ങൾക്കോ മറുപടി നൽകാത്തത്. അതു വരെ ക്ഷമയോടെ കാത്തിരിക്കുക. കോടതി ഉത്തരവിനു മുൻപ് അതേപറ്റി പറയുന്നവർ കോടതിയലക്ഷ്യം നേരിടേണ്ടി വരും. രണ്ടാമൂഴം എന്റെ അച്ഛൻ എം.ടി വാസുദേവൻ നായരുടെ മാസ്റ്റര്‍ പീസാണ്. അതിന്റെ അവകാശ വിഷയത്തില്‍ ആര്‍ക്കും ഇടപ്പെടാന്‍ സാധ്യമല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ കോടതിയെ സമീപിച്ചത്, അത് ലഭിച്ചതിനു ശേഷം ഭാവി പദ്ധതികളെക്കുറിച്ച് ആലോചിക്കും. ഈ പ്രോജക്റ്റ് ഏറ്റവും അവസാനം എന്റെ അച്ഛന്റെയും സ്വപ്നമാണ്. ഏറ്റവും മികച്ച രീതിയില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ദൈവം ഞങ്ങളുടെ കൂടെയൂണ്ടാവട്ടെ.

Full View

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കുന്നതിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അത് ലഭിച്ചതിനു ശേഷം ഭാവി പദ്ധതികളെക്കുറിച്ച് ആലോചിക്കുമെന്നും അശ്വതി ഫേസ്ബുക്കില്‍ പറയുന്നു. കോടതിയിൽ നിലനിൽക്കുന്ന കേസായതു കൊണ്ട് മാത്രമാണ് രണ്ടാമൂഴത്തെ പറ്റി നടക്കുന്ന ചർച്ചകൾക്കോ അഭ്യൂഹങ്ങൾക്കോ തങ്ങള്‍ മറുപടി നൽകാത്തതെന്നും രണ്ടാമൂഴം ആര് ചെയ്യും എങ്ങനെ എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ എം.ടി തന്നെ നേരിട്ട് അറിയിക്കുന്നതായിരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

Tags:    

Similar News