'അവൻ ഒരു വലിയ സിഗ്നൽ തന്നിട്ടുണ്ട്'; ടോക്‌സിക്കിന്റെ പോസ്റ്ററുമായി യഷ്
ഗീതു മോഹൻദാസാണ് ടോക്സിക് സംവിധാനം ചെയ്തിരിക്കുന്നത്
കെജിഎഫിലൂടെ കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ സകല റെക്കോർഡുകളും തകർത്ത യഷിന്റെ പുതിയ സിനിമയായ 'ടോക്‌സിക്; എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പിന്റെ' പോസ്റ്റർ പുറത്ത്. ഗീതു മോഹൻദാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി എട്ടിന് നടന്റെ പിറന്നാൾ വരാനിരിക്കെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
വെള്ള ടക്‌സീഡോ സ്യൂട്ട് ധരിച്ച് വിന്റേജ് കാറിന്റെ വശത്ത് പുകവലിച്ച് നിൽക്കുന്ന സില്ലുവെറ്റ് ചിത്രമാണ് പോസ്റ്ററിൽ. 'അവനെ അഴിച്ചുവിടുന്നു' എന്ന അടിക്കുറിപ്പോടെ യഷ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ' അവന്റെ മെരുക്കാത്ത സാനിധ്യം നിങ്ങളുടെ അസ്തിത്വത്തിന് പ്രതിസന്ധിയാണ്' എന്നർഥം വരുന്ന ടാഗ്‌ലൈനും പോസ്റ്ററിലുണ്ട്. ഇത് കൂടാതെ 8.1.25 എന്നും 10:25 AM എന്നും പോസ്റ്ററിൽ എഴുതിയിരിക്കുന്നു. ജനുവരി എട്ടിന് യഷിന്റെ പിറന്നാളാണ്. ഈ ദിവസം സിനിമയെക്കുറിച്ച് വലിയ എന്തോ പ്രതീക്ഷിക്കാമെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റർ.
യഷിന്റെ പോസ്റ്റിന്റെ പൂർണരൂപം
മുതിർന്നവർക്കുള്ള യക്ഷിക്കഥ എന്ന പേരിൽ വരുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിനും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിനും കീഴിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് നിർമ്മിച്ച ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് സംവിധാനം ചെയ്തത് ഗീതു മോഹൻദാസാണ്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ തന്റെ സംവിധാനങ്ങളിലൂടെ പ്രശസ്തയായ ഗീതു മോഹൻദാസ് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ദേശീയ അവാർഡും ഗ്ലോബൽ ഫിലിം മേക്കിംഗ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.