മോഹന്‍ലാലിന്‍റെ ആ തിരിഞ്ഞു നടത്തം തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് കവിയൂര്‍ പൊന്നമ്മ
ലാലുമായുള്ള ഓരോ സീനുകളിനും താന്‍ അഭിനയിക്കുകയല്ലെന്നും മറിച്ച് ജീവിക്കുക തന്നെയാണെന്നും കവിയൂര്‍ പൊന്നമ്മ
തിരശ്ശീലയില്‍ മാത്രമല്ല ജീവിതത്തിലും മോഹന്‍ലാല്‍ തന്‍റെ മകനെ പോലെ തന്നെയാണെന്ന് കവിയൂര്‍ പൊന്നമ്മ. മോഹന്‍ ലാലിന്‍റെ അമ്മയായി ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ അഭിയിച്ചിട്ടുള്ളതും താനാണ്. അത്കൊണ്ട് തന്നെ ലാലുമായുള്ള ഓരോ സീനുകളിനും താന്‍ അഭിനയിക്കുകയല്ലെന്നും മറിച്ച് ജീവിക്കുക തന്നെയാണെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. ലാലിന്റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതിയെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. ലാലിനെ കുട്ടാ എന്നാണ് വിളിക്കുന്നതെന്നും താന്‍ പ്രസവിച്ചില്ലെങ്കിലും സ്വന്തം മോനെപ്പോലെ തന്നെയാണെന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറയുന്നത്.
'ലാലിന്റെ കുടുംബവുമായും ഒരുപാട് അടുപ്പമുണ്ട്. ചില പൊതുപരിപാടികളിലൊക്കെ പോകുമ്പോള്‍ ചില അമ്മമാര്‍ വന്നു ചോദിക്കും. മോനെ കൊണ്ടു വന്നില്ലെയെന്ന്. ഏതു മോനെന്നു ചോദിക്കുമ്പോള്‍ പറയുന്നത് മോഹന്‍ലാലിന്റെ പേരാണ്. പല പ്രായമായ ആളുകളും വിചാരിച്ചിരിക്കുന്നത് മോഹന്‍ലാല്‍ എന്റെ മകനാണെന്നാണ്.'
മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച സിനിമയായി വിലയിരുത്തുന്ന കിരീടത്തിലും അമ്മയായി എത്തിയത് പൊന്നമ്മയായിരുന്നു. സിനിമയില്‍ തിലകന്‍ മോഹന്‍ലാലിനെ വീട്ടില്‍ നിന്ന് പുറത്താക്കുന്ന രംഗമുണ്ട്. ഇത് അഭിനയിക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായി എന്നാണ് താരം പറയുന്നത്. 'കിരീടത്തില്‍ തിലകന്‍ ചേട്ടനുമായി ലാല്‍ വഴക്കിട്ടു വീട്ടില്‍ നിന്നിറങ്ങിപ്പോകുന്ന സീനുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്നു പറഞ്ഞു വീട്ടില്‍ നിന്ന് ഇറക്കിവിടുകയാണ്. എന്നെ തിരിഞ്ഞു നോക്കിക്കൊണ്ടാണ് ലാല്‍ നടക്കുന്നത്. ഞാന്‍ ഓടിച്ചെന്നു ലാലിനെ വിളിക്കുമ്പോള്‍ ലാല്‍ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടു പോകുന്നു അമ്മേയെന്ന്. അത് ഷൂട്ട് ചെയ്യുന്ന സമയത്തു ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.' കവിയൂര്‍ പൊന്നമ്മ പറഞ്ഞു.