മലയാള സിനിമയുടെ പെരുന്തച്ചൻ ഓർമയായിട്ട് ഇന്നേക്ക് ഒമ്പത് വർഷം

നായകന്മാരെ മാത്രം മികച്ച നടന്മാരായി എണ്ണപ്പെടുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് ചിലര്‍ പറയാതെ പറഞ്ഞു

Update: 2021-09-24 03:52 GMT
Editor : Midhun P | By : Web Desk
Advertising

മലയാള സിനിമയുടെ പെരുന്തച്ചൻ ഓർമയായിട്ട് ഇന്നത്തേക്ക് ഒമ്പത് വർഷം. 2012 സെപ്തംബർ 24 നാണ് തിലകൻ ലോകത്തോട് വിടപറഞ്ഞത്. ശബ്ദഗാഭീര്യം കൊണ്ടും ഭാവാഭിനയം കൊണ്ടും മലയാളി മനസിനെ കീഴടക്കിയ പ്രതിഭയായിരുന്നു തിലകൻ.നായകന്മാരെ മാത്രം മികച്ച നടന്മാരായി എണ്ണപ്പെടുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് ചിലര്‍ പറയാതെ പറഞ്ഞു. പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ കളരിയിലൂടെ ഓരോ നിമിഷവും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. തിലകന് പകരം തിലകൻ മാത്രമായിരുന്നു. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിൽ തിലകന് പകരം മറ്റാരെയും സങ്കൽപ്പിക്കാൻ പോലും മലയാളികൾക്ക് ആവില്ല. പെരുന്തച്ചനിലെ തച്ചനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും സ്ഫടികത്തിലെ ചാക്കോ മാഷുമെല്ലാം അങ്ങനെ എത്ര എത്ര കഥാപാത്രങ്ങൾ..


1935 ജൂലായ് 15 ന് ജനിച്ച തിലകൻ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്.പതിനെട്ടോളം പ്രൊഫഷണല്‍ നാടകസംഘങ്ങളുടെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ സിനിമാ രംഗത്തേക്ക് ചുവടു മാറ്റുന്നത്. കാട്ടുകുതിര എന്ന ചിത്രത്തിലെ വേഷം തിലകന്റെ അസാധാരണ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ വേറെയുണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ സിനിമകളില്‍ മാറിമാറിവന്നു. മോഹന്‍ലാല്‍-തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്ര ഹൃദയസ്പര്‍ശിയായ ചിത്രങ്ങളായിരുന്നു അവ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട തിലകന്‍ കഥാപാത്രങ്ങളാണ്.


മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലൻ കഥാപാത്രങ്ങളുടെ അവകാശിയാണ് അദ്ദേഹം.നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ  പോള്‍ പൌലോക്കാരനെ മലയാളികളുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്പടനായ നടേശന്‍ മുതലാളിയും പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ചു. കോമഡി കഥാപാത്രങ്ങളിലും തിലകൻ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.


2012 ൽ പുറത്തിറങ്ങിയ സീൻ ഒന്ന് നമ്മുടെ വീട് ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. അസുഖം ബാധിതനായി ഈ സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നിട് മരണം സംഭവിക്കുകയായിരുന്നു.

2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം, ദേശീയ സ്പെഷ്യല്‍ ജൂറി പുരസ്കാരം, രണ്ട് വട്ടം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം,ആറ് തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം,  മറ്റു നിരവധി പുരസ്കാരങ്ങളും തിലകനെ തേടിയെത്തിയിട്ടുണ്ട്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News