ലാല്‍ സിങ് ഛദ്ദ പരാജയം : വിതരണക്കാര്‍ക്ക് ആമിര്‍ ഖാന്‍ നഷ്ടപരിഹാരം നല്‍കിയേക്കും

180 കോടി ബജറ്റില്‍ വമ്പന്‍ ഹിറ്റ് പ്രതീക്ഷിച്ചൊരുക്കിയ ചിത്രം ആഴ്ചാവസാനമായപ്പോഴും അമ്പത് കോടി പോലും നേടിയിട്ടില്ല

Update: 2022-08-16 15:44 GMT
Advertising

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം ആമിര്‍ ഖാന്‍ നായകനായെത്തിയ ചിത്രമാണ് ലാല്‍ സിങ് ഛദ്ദ. 180 കോടി ബജറ്റില്‍ വമ്പന്‍ ഹിറ്റ് പ്രതീക്ഷിച്ചൊരുക്കിയ ചിത്രം ആഴ്ചാവസാനമായപ്പോഴും അമ്പത് കോടി പോലും നേടിയിട്ടില്ല. ചിത്രം നേരിട്ട പരാജയത്തിന് വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങുകയാണ് ആമിര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൃത്യമായ തുക നിശ്ചയമില്ലെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് ആമിര്‍ വിതരണക്കാരെ അറിയിച്ചതായി ഇന്ത്യാ ടുഡേ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ചിത്രം ബഹിഷ്‌കരിക്കാനടക്കമുള്ള ആഹ്വാനങ്ങളുണ്ടായതുള്‍പ്പടെ ചിത്രത്തിന്റെ പ്രദര്‍ശനത്തെ കാര്യമായി ബാധിച്ചിരുന്നു.


എന്നാല്‍ ചിത്രം മൂലം സാമ്പത്തിക നഷ്ടങ്ങളുണ്ടായിട്ടില്ലെന്നും ചിത്രത്തിന് പുറത്ത് നിന്ന് വിതരണക്കാരില്ലെന്നുമാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്ന v18 സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്. "നിലവില്‍ ലാല്‍ സിങ് ഛദ്ദ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യയിലും പുറത്തും ചിത്രത്തിന് പ്രദര്‍ശനങ്ങളുണ്ട്. ചിത്രം പരാജയമാണെന്നും ഇത് മൂലം സാമ്പത്തിക നഷ്ടങ്ങളുണ്ടായി എന്നതുമൊക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്". v18 സിഇഒ അജിത് അന്ധാരെ അറിയിച്ചു.

നേരത്തേ ഇന്ത്യാ ടുഡേയ്ക്ക് തന്നെ നല്‍കിയ അഭിമുഖത്തില്‍ ലാല്‍ സിങ് ഛദ്ദ തിയേറ്ററില്‍ പരാജയപ്പെട്ടാലും ഒടിടിയില്‍ വിജയിക്കുമെന്ന് ട്രേഡ് എക്‌സ്‌പേര്‍ട്ട് രമേശ് ബാല ചൂണ്ടിക്കാട്ടിയിരുന്നു. വന്‍ തുക നല്‍കിയാണ് ചിത്രം ഒടിടിയില്‍ വിറ്റതെന്നും ആമിര്‍ ഖാന്റെ താരമൂല്യം കണക്കിലെടുത്താല്‍ ചിത്രം തിയേറ്ററുകളില്‍ വന്‍ പരാജയമാണെന്നും എന്നാല്‍ ഒടിടിയില്‍ വിജയിക്കുമെന്നുമായിരുന്നു രമേശ് ബാലയുടെ നിരീക്ഷണം.

Full View

അദ്വൈത് ചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ ലാല്‍ സിങ് ഛദ്ദയില്‍ കരീന കപൂറാണ് നായിക. മോണ സിംഗ്, മാനവ് വിജ്, നാഗ ചൈതന്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടോം ഹാങ്ക്‌സ് നായകനായ ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ചിത്രം.

പ്രതീക്ഷിച്ച വിജയം നേടാനാവാഞ്ഞതിനെത്തുടര്‍ന്ന് ഇതിന് മുമ്പ് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. 2017ലിറങ്ങിയ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിനാണ് സല്‍മാന്‍ നഷ്ടപരിഹാരം നല്‍കിയത്. ഇതേ വര്‍ഷമിറങ്ങിയ ഇംതിയാസ് അലി ചിത്രം ജബ് ഹാരി മെറ്റ് സേജലിന് ഷാറൂഖ് ഖാനും നഷ്ടപരിഹാരം നല്‍കി. 2015ലിറങ്ങിയ ദില്‍വാലേ എന്ന ചിത്രത്തിനും ഷാറൂഖ് വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. ചിത്രത്തിന്റെ പരാജയം മറികടക്കാന്‍ 25 കോടി രൂപയാണ് താരം നല്‍കിയതെന്നാണ് വിവരം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News