ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്ത; യൂട്യൂബ് ചാനലിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ആരാധ്യ ബച്ചൻ
ഇത് ആദ്യമായിട്ടല്ല 11 കാരിയായ ആരാധ്യ വാർത്തകളിൽ ഇടം നേടുന്നത്
ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളും അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും ചെറുമകളും ആരാധ്യ ബച്ചനെതിരെ വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കുടുംബം.
തന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു എന്ന് കാണിച്ചാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തിരിക്കുന്നതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ കേസിന്റെ വാദം ഏപ്രിൽ 20 ന് നടക്കും. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്നും ആരാധ്യക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവിഷമം പ്രതികൾ കണക്കിലെടുക്കുന്നില്ലെന്നും ഹരജിയിൽ പറയുന്നു.നിയമ സ്ഥാപനമായ ആനന്ദും നായികാണ് ആരാധ്യക്ക് വേണ്ടി ഹരജി സമർപ്പിച്ചിരിക്കുന്നത്.
ഇത് ആദ്യമായിട്ടല്ല 11 കാരിയായ ആരാധ്യ വാർത്തകളിൽ ഇടം നേടുന്നത്. പലപ്പാഴും സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾക്ക് വിധേയയായിട്ടുണ്ട്. ഇതിനെതിരെ അഭിഷേകം ബച്ചനും രംഗത്തെത്തിയിരുന്നു. മകളെ ട്രോളുകൾക്ക് വിധേയമാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും തനിക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സെലിബ്രിറ്റിയായതിനാൽ തന്നെ ലക്ഷ്യമിടുന്നത് അംഗീകരിക്കാമെന്നും എന്നാൽ ആരാധ്യയെ ടാർഗെറ്റുചെയ്യുന്നത് പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നും അഭിഷേക് പറഞ്ഞിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്റെ മുഖത്ത് നോക്കി പറയണമെന്ന് അഭിഷേക് ട്രോളന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഐശ്യര്യക്കും അഭിഷേകിനുമൊപ്പം ആരാധ്യ പലപ്പോഴും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഐശ്വര്യ റായ്‌ക്കൊപ്പം നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഗ്രാൻഡ് ഓപ്പണിംഗിൽ ആരാധ്യ അടുത്തിടെ പങ്കെടുത്തിരുന്നു.