'സിനിമ പുറത്തുവരാൻ ഒന്നരവർഷമെടുത്തു'; KSFDCക്കെതിരെ ചുരുൾ സംവിധായകൻ അരുൺ
2024 ആഗസ്തിലാണ് അരുൺ സംവിധാനം ചെയ്ത ചുരുൾ എന്ന സിനിമ പുറത്തിറങ്ങിയത്
തിരുവനന്തപുരം: കെഎസ്‍എഫ്‍ഡിസി നിർമിക്കുന്ന ചിത്രങ്ങളുടെ റിലീസ് ബോധപൂർവം വൈകിപ്പിക്കുന്നുവെന്ന് വീണ്ടും ആരോപണം. എസ്‍സി എസ്‍ടി വിഭാഗത്തിലെ സംവിധായകർക്ക് അവസരം ഒരുക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയിൽ നിർമിച്ച ചുരുൾ തിയറ്ററിൽ എത്താൻ വൈകിയത് ഒന്നരവർഷമാണെന്ന് സംവിധായകൻ അരുൺ ജെ. മോഹൻ മീഡിയവണിനോട് പറഞ്ഞു. സമാന ആരോപണം ഇന്നലെ സ്ത്രീ സംവിധായകരും ഉയർത്തിയിരുന്നു.
2024 ആഗസ്തിലാണ് അരുൺ സംവിധാനം ചെയ്ത ചുരുൾ എന്ന സിനിമ പുറത്തിറങ്ങിയത്. 2022ല്‍ തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നെങ്കിലും റിലീസിലേക്ക് എത്താൻ ഏറെ വൈകിയെന്നാണ് അരുണിന്‍റെ ആരോപണം. സിനിമ പുറത്തുവന്ന് ഇത്ര നാൾ കഴിഞ്ഞിട്ടും പ്രതിഫലം ലഭിക്കാത്ത ആളുകൾ ഇനിയുമുണ്ടെന്നും സംവിധായകൻ പറയുന്നു.
കെഎസ്‍എഫ്‍ഡിസിയുടെ സഹായത്തോടെ നിർമിക്കുന്ന സിനിമകൾ 40% തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ചിത്രീകരിക്കണം എന്നതാണ് വ്യവസ്ഥ . എന്നാൽ പ്രൊഡക്ഷൻ സമയത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ പലപ്പോഴും ലഭിച്ചില്ല. പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങളിൽ വീഴ്ച വന്നതും സിനിമ തിയറ്ററിൽ എത്താൻ വൈകിയെന്നാണ് സംവിധായകരുടെ വാദം. കെഎസ്‍എഫ്‍ഡിസിക്കും ചെയർമാൻ ഷാജി എൻ.കരുണിനുമെതിരെ സമാന ആരോപണങ്ങൾ ഉന്നയിച്ച് വനിതാ സംവിധായകരും ഇന്നലെ രംഗത്ത് എത്തിയിരുന്നു. അപ്പുറം സിനിമയുടെ സംവിധായക ഇന്ദുലക്ഷ്മിയും ഡിവോഴ്സ് സിനിമയുടെ സംവിധായിക മിനി ഐ.ജിയുമാണ് കഴിഞ്ഞ ദിവസം തങ്ങൾ നേരിട്ട സമാനമായ ദുരനുഭവം വെളിപ്പെടുത്തിയത്.